'ടാങ്കര്‍ലോറികളില്‍ കമ്പനികളുടെ പേരെഴുതുന്നത് പരസ്യമല്ല'
കൊച്ചി: ടാങ്കര്‍ ലോറികളില്‍ പെട്രോളിയം കമ്പനികളുടെ പേരെഴുതുന്നതു പരസ്യമായി കണക്കാക്കി ഫീസ് ഈടാക്കരുതെന്ന് ഹൈക്കോടതി.
എറണാകുളം ഇരുമ്പനത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനി നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് ഷാജി പി.ചാലിയുടേതാണ് നിര്‍ദേശം. ടാങ്കര്‍ ലോറികളില്‍ പെട്രോളിയം കമ്പനികളുടെ പേര് എഴുതുന്നതിനു ഫീസ് ഈടാക്കുന്ന മോട്ടോര്‍വാഹനവകുപ്പിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി.
സുരക്ഷാകാരണങ്ങളാലാണ് ജ്വലനസാധ്യത കൂടുതലുള്ള പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുപോകുന്ന ടാങ്കര്‍ ലോറികളില്‍ കമ്പനിയുടെ പേരും മുന്നറിയിപ്പും രേഖപ്പെടുത്തുന്നതെന്ന കമ്പനിയുടെ വാദം ഹൈക്കോടതി അംഗീകരിച്ചു.
കേരള മോട്ടോര്‍ വെഹിക്കിള്‍ ചട്ടത്തിലെ 191ാം റൂള്‍ പ്രകാരം വാഹനങ്ങളില്‍ ഇത്തരത്തില്‍ പരസ്യം പതിക്കുന്നതിന് ഫീസ് ഈടാക്കാമെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി. ടാങ്കര്‍ലോറികളുടെ വശങ്ങളില്‍ കമ്പനിയുടെ പേരും അതിജ്വലനത്തിന് സാധ്യതയുള്ളതാണെന്ന മുന്നറിയിപ്പും എഴുതുന്നതു ചട്ടപ്രകാരം പരസ്യമാണെന്നായിരുന്നു മോട്ടോര്‍ വാഹനവകുപ്പിന്റെ വാദം. ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയുടെ ഉടമസ്ഥതയിലുള്ള 400 ടാങ്കറുകളില്‍ നിന്നായി അധികൃതര്‍ ഫീസ് പിരിക്കുന്നുണ്ടെന്നാണ് ഹരജിയില്‍ പറയുന്നത്.
ടാങ്കര്‍ ലോറികളില്‍ കമ്പനിയുടെ പേരെഴുതുന്നതിനു പരസ്യത്തിന്റെ സ്വഭാവം ഉണ്ടെങ്കില്‍ പോലും കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താണെന്നു കോടതി പറഞ്ഞു. ഇക്കാരണത്താല്‍ തന്നെ ഫീസ് ഈടാക്കുന്നത് ശരിയല്ല. മാത്രമല്ല, ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ വസ്തുതകള്‍ വായിച്ചറിഞ്ഞു പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായ അകലത്തേക്ക് മാറാന്‍ സാധിക്കും.
പൊലിസിനെയും ഫയര്‍ഫോഴ്‌സിനെയും അപകട വിവരമറിയിക്കുന്നതിനൊപ്പം ബന്ധപ്പെട്ട കമ്പനി അധികൃതരെ വിവരമറിയിക്കാനും സഹായിക്കും. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിന്റെ വരുമാന മാര്‍ഗത്തേക്കാള്‍ പൊതുജന സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നു കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."