കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ മേജര്‍ ഗൊഗോയിക്കെതിരേ കടുത്ത നടപടി
ന്യൂഡല്‍ഹി: ജമ്മുകശ്മിരില്‍ യുവാവിനെ മനുഷ്യകവചമാക്കി ജീപ്പിനു മുന്നില്‍കെട്ടിയിട്ട് മാധ്യമങ്ങളില്‍ ഇടംനേടിയ മേജര്‍ നിതിന്‍ ഗൊഗോയിയെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കൊപ്പം ഹോട്ടലില്‍ നിന്നു പിടികൂടിയ സംഭവത്തില്‍ പ്രതികരണവുമായി സൈന്യം.
സംഭവത്തില്‍ മേജര്‍ ഗൊഗോയിയെ കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ മാതൃകാപരമായ ശിക്ഷനല്‍കുമെന്ന് സൈനികമേധാവി ജനറല്‍ ബിപിന്‍ റാവത്ത് അറിയിച്ചു. ഇന്ത്യന്‍ സൈന്യത്തിലെ ഉദ്യോഗസ്ഥന്‍ എന്തെങ്കിലും കുറ്റകൃത്യം ചെയ്തതായി തെളിഞ്ഞാല്‍ തീര്‍ച്ചയായും കര്‍ക്കശമായ നടപടിയെടുക്കും.
ഭാവിയില്‍ ബാക്കിയുള്ളവര്‍ക്കും പാഠമാവുന്ന തരത്തിലായിരിക്കും ശിക്ഷ- ബിപിന്‍ റാവത്ത് പറഞ്ഞു. പഹല്‍ഗാമിലെ കരസേന ഗുഡ്വില്‍ സ്‌കൂളില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബിപിന്‍ റാവത്ത്.
കശ്മിരിലെ ഗ്രാന്‍ഡ് മമത ഹോട്ടലില്‍നിന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോടൊപ്പം മേജറെ കണ്ടതിനെ തുടര്‍ന്ന് പൊലിസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മൊഴിയെടുത്ത ശേഷം ഗൊഗോയിയെ അദ്ദേഹത്തിന്റെ യൂനിറ്റിന് കൈമാറിയതായി പൊലിസ് അറിയിച്ചു. സംഭവത്തെ കുറിച്ച് ശ്രീനഗര്‍ പൊലിസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അന്വേഷിച്ചുവരികയാണ്.
ഗൊഗോയിയുടെ പേരില്‍ ഓണ്‍ലൈനായാണ് ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നുത്. ഹോട്ടലില്‍ ഡ്രൈവറോടൊപ്പമാണ് ഇയാള്‍ പെണ്‍കുട്ടിയുമായി എത്തിയത്. സംശയം തോന്നിയ ഹോട്ടല്‍ അധികൃതര്‍ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സൈനികനും ഹോട്ടല്‍ ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു.
അതേസമയം, മേജര്‍ക്കെതിരേ കടുത്ത ആരോപണങ്ങളുമായി പെണ്‍കുട്ടിയുടെ മാതാവ് രംഗത്തുവന്നു. മേജറും സുഹൃത്തും മുന്‍പ് രണ്ടുതവണ വീട്ടില്‍ വന്നിരുന്നുവെന്നും വീട്ടില്‍ പട്ടാളക്കാരെത്തിയതു കണ്ടയുടന്‍ താന്‍ അബോധാവസ്ഥയിലായെന്നും അവര്‍ മാധ്യമങ്ങളോടു പറഞ്ഞു. വീട്ടില്‍ തങ്ങള്‍ വന്നതിനെക്കുറിച്ച് പുറത്ത് പറയരുതെന്ന് ഗൊഗോയ് ഭീഷണിപ്പെടുത്തുകയുണ്ടായി.
കഴിഞ്ഞ മാര്‍ച്ചില്‍ സിവില്‍ വസ്ത്രത്തിലായിരുന്നു ഇരുവരും വീട്ടില്‍ വന്നത്. ഗൊഗോയിക്കൊപ്പം വന്നത് മേജര്‍ സമീര്‍ മാള ആണെന്നു പിന്നീട് മനസിലായി. മകളെ വശീകരിക്കാനും അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. അടുത്തിടെ രാത്രി സമയത്തും അവര്‍ വീട്ടില്‍ വന്നിരുന്നു.
ഇതിനിടെ മകളെ ബന്ധുവീട്ടിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. പിന്നീടാണ് അറിയുന്നത് അവളെ മേജര്‍ ഗൊഗോയ് കൊണ്ടുപോയെന്നും അവരെ ഹോട്ടലില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും. തന്റെ മകള്‍ക്ക് 17 വയസ് മാത്രമെയുള്ളൂവെന്നും മാതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."