മഞ്ഞള്‍കൃഷി വ്യാപനത്തിനൊരുങ്ങി കൊടിയത്തൂര്‍ സഹകരണ ബാങ്ക്
മുക്കം: മഞ്ഞള്‍ കൃഷിയില്‍ പുതിയ പരീക്ഷണത്തിനൊരുങ്ങി കൊടിയത്തൂര്‍ സര്‍വിസ് സഹകരണ ബാങ്ക്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെയും കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് ബാങ്ക് മഞ്ഞള്‍ കൃഷി ആരംഭിച്ചിരിക്കുന്നത്.
ഗുണനിലവാരമുള്ള മഞ്ഞളിന്റെയും മഞ്ഞള്‍ വിത്തിന്റെയും വിപണി സാധ്യത തിരിച്ചറിഞ്ഞ് ചാത്തമംഗലം പഞ്ചായത്തിലെ കൂഴക്കോട് ബാങ്കിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കര്‍ ഭൂമിയിലാണ് ശാസ്ത്രീയ രീതിയില്‍ ജൈവമാര്‍ഗങ്ങളിലൂടെ മഞ്ഞള്‍ കൃഷി നടത്തുന്നത്. ബാങ്കിനു കീഴിലെ ഹരിതസേനാംഗങ്ങളുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നതും പരിപാലിക്കുന്നതും.
പ്രതിഭ ഇനത്തില്‍പെട്ട അത്യുല്പാദന ശേഷിയുള്ള വിത്തുപയോഗിച്ചാണ് കൃഷിയിറക്കുന്നത്. ഒരേക്കര്‍ സ്ഥലം സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്റെ സഹകരണത്തോടെ മാതൃകാ കൃഷിത്തോട്ടമായി മാറ്റാനും പദ്ധതിയുണ്ട്. മാതൃകാ കൃഷിയുടെ നടീല്‍ ഉദ്ഘാടനം സുഗന്ധവിള ഗവേഷണകേന്ദ്രം പ്രിന്‍സിപ്പല്‍ സി.കെ തങ്കമണി, ടെക്നിക്കല്‍ ഓഫിസര്‍ ആശ കെ. ചന്ദ്രന് എന്നിവരുടെ സാന്നിധ്യത്തില്‍ ബാങ്ക് പ്രസിഡന്റ് ഇ. രമേശ്ബാബു നിര്‍വഹിച്ചു. ബാങ്ക് ഡയരക്ടര്‍ എ.സി നിസാര്‍ബാബു, സി. ഹരീഷ്, എസ്.പി സന്ദീപ്, ലത്തീഫ് സംബന്ധിച്ചു. ജൈവരീതിയില്‍ തയാറാക്കുന്ന ജില്ലയിലെ ഏറ്റവും വലിയ മഞ്ഞള്‍ കൃഷിയിടമാണ് ബാങ്കിന് കീഴില്‍ ഒരുങ്ങുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."