വാണിയമ്പലം ആറങ്ങോടന്‍ പാറ കോളനിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം
വണ്ടൂര്‍: ചുട്ടുപൊള്ളുന്ന പാറക്കുമുകളില്‍ വറ്റിവരണ്ട് കിടക്കുന്ന ടാങ്ക്. കുടിവെള്ള പദ്ധതിക്ക് വേണ്ടി സ്ഥാപിച്ച പൈപ്പ് ലൈനുകള്‍ തലങ്ങും വിലങ്ങും കിടക്കുന്നു. മഴവെള്ളം ശേഖരിക്കാന്‍ കല്ലു കൊണ്ടുണ്ടാക്കിയ ചെറിയ കെട്ടുകളും കാണാം. ഇതാണ് കുടിവെള്ളക്ഷാമം നേരിടുന്ന വാണിയമ്പലം ആറങ്ങോടന്‍ പാറ കോളനിയിലെ അവസ്ഥ.
വണ്ടൂര്‍ പഞ്ചായത്തിലെ ഏറ്റവും ഉയരമുള്ള സ്ഥലമായതിനാല്‍ മഴക്കാലത്തൊഴിച്ച് എന്നും ജലക്ഷാമം നേരിടുന്ന പ്രദേശമാണ് ആറങ്ങോടന്‍ പാറ കോളനി. മാറി മാറി വന്ന പഞ്ചായത്ത് ഭരണസമിതികള്‍ കഴിയും വിധം നോക്കിയെങ്കിലും ഇന്നും 18 കുടുംബങ്ങള്‍ക്ക് വെള്ളം കിട്ടണമെങ്കില്‍ ചെങ്കുത്തായ പാറയിറങ്ങണം. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ നിരവധി പദ്ധതികള്‍ പ്രദേശത്ത് നടപ്പാക്കിയിരുന്നു. ഇതിന്റെ ഭാഗമായി 15 വര്‍ഷം മുന്‍പ് സ്ഥാപിച്ച ജല നിധിയുടെ ടാങ്കടക്കം നോക്കുകുത്തിയായി കിടക്കുകയാണ്. വെള്ള വിതരണത്തിനായി പൈപ്പുകളും സ്ഥാപിച്ചു. എങ്കിലും കുടിവെള്ളം ഇന്നും കിട്ടാക്കനിയാണ്.ആഴ്ചയില്‍ ഇടവിട്ടുളള ദിവസങ്ങളില്‍ രാത്രിയിലും പുലര്‍ച്ചെയുമാണ് വെള്ളമെത്തുന്നത് എന്നതിനാല്‍ കുടുംബങ്ങള്‍ ഉറക്കമിളച്ച് കാത്തിരിക്കണം. നീണ്ട നാളത്തെ പരാതികള്‍ക്കൊടുവില്‍ പാറയ്ക്ക് താഴെ കുഴല്‍ കിണര്‍ സ്ഥാപിച്ച് വെള്ള വിതരണം തുടങ്ങിയെങ്കിലും ആ പദ്ധതിയും കുറഞ്ഞ നാളുകള്‍ മാത്രമെ നിലനിന്നുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."