ഗോഡ്സേയുടെ ശില്പം കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍ കാണുമെന്ന്
ചെങ്ങന്നൂര്‍: ആര്.എസ്.എസ് വോട്ടുകള്‍ എ.കെ ആന്റണി യു.ഡി.എഫിനുവേണ്ടി അഭ്യര്‍ഥിച്ച സാഹചര്യത്തില്‍ ഗാന്ധിജിയെ കൊന്ന ഗോഡ്സേയുടെ പടവും പ്രതിമയും കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍ കണ്ടാലും അതിശയിക്കേണ്ടെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം സംഘടിപ്പിച്ച വിവിധ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു ബാലകൃഷ്ണപിള്ള. വോട്ടുകള്‍ സ്വന്തം പാര്ടിക്കാര് കച്ചവടംചെയ്തെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി അറിയുന്നില്ല. അറവുമൃഗത്തെ അറവുശാലയിലേക്ക് നയിക്കുന്നതുപോലെയാണ് വോട്ടുവിറ്റ ബി.ജെ.പിക്കാര്‍ ശ്രീധരന്‍പിള്ളയെ കൊണ്ടുനടക്കുന്നത്.
യു.ഡി.എഫ് നേതാക്കള്‍ കെ.എം മാണിയുടെ വീട്ടില്‍ പോയത് പഴയ നോട്ടെണ്ണുന്ന യന്ത്രം ഉണ്ടോയെന്ന് പരിശോധിക്കാനാണ്. 250 രൂപയുണ്ടായിരുന്ന റബര്‍വില 104ല്‍ എത്തിച്ച പാരമ്പര്യമുള്ള കെ.എം മാണി ഇപ്പോള്‍ പറയുന്നത് കര്‍ഷകര്‍ക്കുവേണ്ടി യു.ഡി.എഫിനു വോട്ടുചെയ്യണമെന്നാണ്. ശോഭനജോര്ജും പി.സി വിഷ്ണുനാഥും മത്സരിച്ച കഴിഞ്ഞ ആറു തെരഞ്ഞെടുപ്പിലും കൈപത്തിക്ക് വോട്ടുചെയ്യാത്തയാളെയാണ് കോണ്‍ഗ്രസ് ഇത്തവണ സ്ഥാനാര്‍ഥിയാക്കിയത്.
ഇക്കുറി അദ്ദേഹം തന്നെ മത്സരിക്കുന്നതുകൊണ്ട് വോട്ടുചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരില്‍ പകല്‍മാന്യന്‍ ചമഞ്ഞ് വോട്ടുചോദിക്കുന്ന ഉമ്മന്‍ചാണ്ടിയും കൂട്ടരും 1600 പേജുള്ള സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടിനെക്കുറിച്ച് മറക്കരുതെന്ന് പൊതുയോഗങ്ങളില്‍ സംസാരിച്ച സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി .ദിവാകരന് പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാര്‍ തകര്‍ത്ത സമസ്തമേഖലയിലും വികസനത്തിന്റെ ബദല്നയവുമായി മുന്നേറുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍. സ്കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മുന്‍പ് പുസ്തകവിതരണം പൂര്‍ത്തിയാക്കി.
കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം നല്കി. സ്കൂളുകളില്‍ വിഭവസമൃദ്ധമായ ഭക്ഷണം നല്കുന്നു. ഒന്നരലക്ഷം കുട്ടികള്‍ രണ്ടുവര്‍ഷത്തിനിടെ പൊതുവിദ്യാലയങ്ങളിലേക്ക് എത്തിയത് സര്‍ക്കാരിന്റെ മികവിനുള്ള അംഗീകാരമാണെന്നും സി. ദിവാകരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."