കാറ്റും മഴയും; പൊന്നാനിയില്‍ കനത്ത നാശനഷ്ടം
പൊന്നാനി/ചങ്ങരംകുളം: വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. പൊന്നാനി നൈതല്ലൂരില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. ബിയ്യം പുളിക്കകടവില്‍ വീടിനു മുകളിലേക്ക് മരം വീണ് മേല്‍ക്കൂര തകര്‍ന്നു.
കഴിഞ്ഞദിവസം രാത്രിയില്‍ ആരംഭിച്ച മഴയിലും ശക്തമായ കാറ്റിലും ഇടിമിന്നലിലും വ്യാപകമായ നാശ നഷ്ടമാണ് മേഖലയിലുണ്ടായത്. കാറ്റിലും മഴയിലും നൈതല്ലൂര്‍ കല്ല് വെട്ട് കുഴി അങ്കണവാടിക്ക് സമീപത്തെ തയ്യല്‍ കൊടിയില്‍ അബ്ദുല്ലയുടെ വീട്ടുപറമ്പിലെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്.കിണറിന്റെ ഒരു ഭാഗം ഇടിഞ്ഞ്, മണ്ണും ചെളിയും കിണറ്റിലേക്ക് വ്യാപിച്ചു.വീട്ടുകാര്‍ ശുദ്ധജലത്തിനായി ഉപയോഗിക്കുന്ന കിണറാണ് ഉപയോഗശൂന്യമായി മാറിയത്.
കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെയാണ് ബിയ്യം പുളിക്കകടവ് സ്വദേശി വടക്കേത്താക്കല്‍ ഗംഗാധരന്റെ വീടിന് മുകളിലേക്ക് ആല് മരം വീണത്. വീടിന്റെ മുന്‍വശത്തെ പൊതു സ്ഥലത്തുണ്ടായിരുന്ന രണ്ട് ആല്മരങ്ങള് മഴയില്‍ വേരോടെ കടപുഴകി വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു. മരം വീണതോടെ വീടിന് പൊട്ടലുണ്ടായി. ഓലകൊണ്ട് മേഞ്ഞ അടുക്കള തകര്‍ന്നു. പലയിടത്തും ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. സംഭവസ്ഥലം അധികൃതര്‍ പരിശോധിച്ചു.
ചങ്ങരംകുളത്ത് മണ്ണാരപറമ്പില്‍ അജീഷിന്റെയും അനീഷിന്റെയും വീടിന് മുകളിലേക്ക് പന പൊട്ടിവീണ് വീട് തകര്‍ന്നു. കനത്ത ഇടി മിന്നലിലും പ്രദേശങ്ങളില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ചിയ്യാനൂരില്‍ മേലേപുരക്കല്‍ ഭാസ്ക്കരന്റെ വീട്ടിലെ കിണര്‍ മിന്നലേറ്റ് തകര്‍ന്നു കിണര്‍ ഒരുഭാഗം മുഴുവനായി തകര്‍ന്ന് കിണര്‍ ഭാഗികമായി മൂടി. പാവിട്ടപ്പുറം ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന പുത്തന്‍പുരക്കല്‍ ഷാജഹാന്റെ വീട്ടിലെ കിണര്‍ ഇടിഞ്ഞു. മോട്ടോര്‍ പമ്പ് സെറ്റും അനുബന്ധ സാമഗ്രികള്‍ക്കും കേടുപാടുണ്ടായി. ഉദിനുപറമ്പ് മുള്ളംകുന്ന് റോഡില്‍ വീടിന്റെ മതില്‍കെട്ട് റോഡിലേക്ക് തകര്‍ന്ന് റോഡിലേക്ക് പതിച്ച് ഗതാഗതം പൂര്‍ണമായും മുടങ്ങി. പ്രദേശത്ത് പല റോഡുകളും മരങ്ങള്‍ പൊട്ടി വീണ് ഗതാഗതം മുടങ്ങിക്കിടക്കുകയാണ്. പലയിടത്തും വൈദ്യുതി ഉപകരങ്ങള്‍, മറ്റു ഇലക്ട്രിക്ക് ഉപകരണങ്ങളും കേടുപാടുകള്‍ വന്നു. മരങ്ങള്‍ വീണും,വൈദ്യുതി ലൈനുംകള് പൊട്ടിവീണും പ്രദേശത്ത് വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. പലയിടത്തും വൈദ്യുതി ബന്ധം പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."