താനൂര്‍ വലിയകുളങ്ങര പള്ളി: നവോത്ഥാനത്തിന്റെ ചരിത്ര സാക്ഷ്യം!
കേരളീയ ഇസ്‌ലാമിക പ്രസരണത്തിലെ ആദ്യകാല ചരിത്ര സാക്ഷ്യങ്ങളിലൊന്നാണ് താനൂര്‍ വലിയകുളങ്ങര പള്ളി. ലഭ്യമായ രേഖകള്‍ പ്രകാരം രാജ്യത്തെ പ്രഥമ ദര്‍സ് ഇവിടെയാണ്. പ്രസിദ്ധ പണ്ഡിതനായിരുന്ന ഇമാം മുഹമ്മദ് ബ്‌നു അബ്ദുല്ലാഹില്‍ ഹദ്‌റമില്‍ ഖാഹിരി (യമന്‍) ഇവിടെ ദര്‍സ് നടത്തിയിട്ടുണ്ട്.
ഹിജ്‌റ വര്‍ഷം 670 കാലയളവിലായിരുന്നു ഇത്. കൊത്തുപണികളാലും നിര്‍മാണ വൈദഗ്ധ്യത്താലും മനോഹരമാണ് വലിയകുളങ്ങര പള്ളി. ദര്‍സിനോടു ചേര്‍ന്ന ലൈബ്രറി അമൂല്യ ഗ്രന്ഥങ്ങളുടെ കലവറയാണ്.
മുദര്‍രിസായിരുന്ന ഇമാം ഹദ്‌റമി അദ്ദേഹത്തിന്റെ കൈപ്പടയില്‍ ഹിജ്‌റ 675ല്‍ എഴുതിയ അബൂ ഇസ്ഹാഖ് ശീറാസിയുടെ തന്‍ബീഹ് എന്ന ഗ്രന്ഥത്തിന്റെ കോപ്പി ലൈബ്രറിയിലുണ്ട്. ജവാഹിറുല്‍ ഖംസ എന്ന അമൂല്യ ഗ്രന്ഥം മുതല്‍ തുഹ്ഫ, ഖാമൂസ്, ഇംദാദ്,റൗള എന്നിവയുടെ പഴക്കം ചെന്ന കൈയെഴുത്ത് പ്രതികള്‍ വരെയുള്ള അമൂല്യ ശേഖരങ്ങളുടെ കലവറയാണ് ഈ ലൈബ്രറി.
ശാഫിഈ മദ്ഹബിനു പുറമേ, ഹനഫീ മദ്ഹബ് ഗ്രന്ഥമായ ഫത്താവാ ആലംഗീരിയുടെ ആറു ഭാഗങ്ങളുടെ കൈയെഴുത്ത് പ്രതികളും ഇവിടെ സൂക്ഷിച്ചുവരുന്നു. സ്വര്‍ണലിപിയില്‍ എഴുതിയ ഗ്രന്ഥങ്ങളും ലൈബ്രറിയില്‍ കാണാം. ബഗ്ദാദ്,യമന്‍,ഹിജാസ്, ഹളര്‍മൗത്ത് എന്നിവിടങ്ങളിലെ പണ്ഡിതന്‍മാര്‍ ഇവിടെ ദര്‍സുകള്‍ക്കു നേതൃത്വം നല്‍കിയതായി കണക്കാക്കുന്നു. കേരളത്തില്‍ വെളിയങ്കോട് ഉമര്‍ഖാസി, പരപ്പനങ്ങാടി അവുക്കോയ മുസ്‌ലിയാര്‍, അബ്ദുര്‍റഹ്മാന്‍ നഖ്ശബന്ധി, പള്ളിപ്പുറം യൂസുഫ് മുസ്‌ലിയാര്‍,കോടഞ്ചേരി മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ആനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാര്‍, സമസ്ത സ്ഥാപക നേതാവ് പാങ്ങില്‍ എ.പി അഹ്മദ് കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ ഇവിടത്തെ മുദര്‍രിസുമായിരുന്നു.
പഠിതാക്കളുടെ ആധിക്യം കണക്കിലെടുത്ത് ഈ ദര്‍സ് വിപുലപ്പെടുത്തിയ സ്ഥാപനമാണ് ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."