നെല്ലുവായ് ശശിക്ക് വീരശൃംഖല
എരുമപ്പെട്ടി: മേധാ നൈപുണ്യത്തിന്റേയും സാധക തികവിന്റേയും ചാലന ശുദ്ധിയാല്‍ പഞ്ചവാദ്യത്തില്‍ പെരുമ തീര്‍ത്ത മദ്ദളവാദ്യകലാകാരന്‍ നെല്ലുവായ് ശശിക്ക് വീരശൃംഖല .
വാദ്യകലാരംഗത്ത് മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന കുലപതിയെ നാട്ടുകാരും ശിഷ്യരും കലാ പ്രേമികളും ചേര്‍ന്നാണ് വീരശൃംഖല നല്‍കി ആദരിക്കുന്നത്. മദ്ദളവാദന രംഗത്ത് കലാമണ്ഡലം ശൈലിയുടെ പ്രയോക്താവായ നെല്ലുവായ് ശശി വര്‍ത്തമാനകാലത്തിലും കെട്ടിന്റെ ഗരിമ ചോരാതെ പ്രവര്‍ത്തിച്ചു വരുന്ന കലാകാരനാണ്. യാഥാസ്ഥിതികതയുടെ ഉറച്ച ചട്ടക്കൂടിനുള്ളില്‍ നിന്നു കൊണ്ട് വ്യത്യസ്തവും മനോധര്‍മാധിഷ്ഠിതവുമായ വാദന സമ്പ്രദായത്തിന്റെ വക്താവായ ശശി ഓരോ അരങ്ങിനെയും ഓരോ അനുഭവമാക്കി തീര്‍ക്കുന്ന അപൂര്‍വകലാപ്രതിഭയാണ്.
നെല്ലുവായ് തുക്കത്ത് അയ്യപ്പന്‍ നായരുടേയും കള്ളിക്കാട്ടില്‍ കാര്‍ത്ത്യായനി അമ്മയുടേയും മകനായി 1964ല്‍ ജനിച്ച ശശി തന്റെ 13-ാമത്തെ വയസിലാണ് വാദ്യകലാരംഗത്തേക്ക് പ്രവേശിച്ചത്.
നെല്ലുവായ് ശ്രീധന്വന്തരി ക്ഷേത്രത്തില്‍ നടന്ന പഞ്ചവാദ്യത്തില്‍ തന്റെ സമപ്രായക്കാരനായ ബാലന്റെ മദ്ദളവാദനമാണ് ശശിയെ മദ്ദള പഠനത്തിലേക്ക് ആകര്‍ഷിച്ചത്.
കലാമണ്ഡലം നാരായണന്‍ നായരുടെ കീഴിലാണ് പഠനം ആരംഭിച്ചത്. നെല്ലുവായ് ശ്രീ ധന്വന്തരി കലാക്ഷേത്രത്തിലെ മൂന്ന് വര്‍ഷത്തെ അഭ്യസത്തിനു ശേഷം 1980 ല്‍ കലാമണ്ഡലത്തില്‍ പ്രവേശനം നേടി. മദ്ദളാചാര്യന്മാരായ അപ്പുകുട്ടി പൊതുവാള്‍, കലാമണ്ഡലം നാരായണന്‍ നമ്പീശന്‍, കലാമണ്ഡലം ശങ്കരവാര്യര്‍ എന്നിവരായിരുന്നു ഗുരുക്കന്മാര്‍. പിന്നീട് തിച്ചൂര്‍ വാസുവാര്യര്‍, ചെര്‍പ്പുളശേരി ശിവന്‍ എന്നിരുടെ കീഴില്‍ നേടിയ ഉപരിപഠനം ശശിയെ മികവുറ്റ മദ്ദള കലാകാരനാക്കി മാറ്റി.
കൊടുങ്ങല്ലൂര്‍ കോവിലകത്ത് കലാമണ്ഡലം ദേവകി ടീച്ചര്‍ അവതരിപ്പിച്ച കഥകളിക്ക് മുന്‍പ് അരങ്ങ് കേളിക്ക് കൊട്ടിയാണ് പൊതുപരിപാടിക്ക് തുടക്കം കുറിച്ചത്. ഇതിന് ശേഷം ഈ അതുല്യ കലാകാരന്റെ വാദന വൈശിഷ്ട്യത്തെ തിരിച്ചറിയാത്ത ക്ഷേത്രങ്ങളും അരങ്ങുകളും കേരളത്തില്‍ അപൂര്‍വമാണ്. പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷകമായ മഠത്തില്‍ വരവിന് കഴിഞ്ഞ മുപ്പത് വര്‍ഷമായി ഇദ്ദേഹത്തിന്റെ ശ്രദ്ദേയമായ പങ്കാളിത്തമുണ്ട്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പുറമെ ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി,നെതര്‍ലാന്റ്, ഡെന്‍മാര്‍ക്ക് പാരീസ് തുടങ്ങി നിരവധി വിദേശ രാജ്യങ്ങളിലെ അരങ്ങിലും ശശിക്ക് മദ്ദള വാദനത്തില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടുണ്ട്.
തിരുവമ്പാടി,നെല്ലുവായ് മുരിങ്ങത്തേരി, ഉത്രാളിക്കാവ്, വെള്ളാനിക്കര അയ്യപ്പന്‍കാവ്, തൃപ്രയാര്‍ ഉത്രം വിളക്ക് കമ്മിറ്റി, തുടങ്ങിയ സമിതികള്‍ ഇദ്ദേഹത്തിന്റെ വാദന വൈഭവത്തെ മുന്‍നിര്‍ത്തി സുവര്‍ണമുദ്രകളും പുരസ്‌ക്കാരങ്ങളും നല്‍കി ആദരിച്ചിട്ടുണ്ട്.
വരുന്ന മെയ് 27 ഞായറാഴ്ചയാണ് നെല്ലുവായ് മുല്ലക്കല്‍ ക്ഷേത്രാങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ വെച്ച് കലാ രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ജന്മനാട് ശശിയെ വീരശൃംഖല അണിയിച്ച് ആദരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."