തീപിടുത്തത്തില്‍ കത്തിനശിച്ചത് നിരവധി കടകള്‍
കൊല്ലം: നഗരത്തിലെ പായിക്കടയിലുണ്ടായ വന്‍ തീപിടിത്തവുമായാണ് നേരം പുലര്‍ന്നത്. ജില്ലാ ഭരണകൂടവും പൊലിസും നാട്ടുകാരും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയതിനാല്‍ തീപടരാതെ കാക്കാനും വന്‍ ദുരന്തരം ഒഴിവാക്കാനും സാധിച്ചു. രാവിലെ 5.15നായിരുന്നു തീപിടിത്തമുണ്ടായത്. സമീപത്തെ പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയവരായിരുന്നു തീപിടിത്തം ആദ്യം കണ്ടത്. വിവരമറിഞ്ഞ് ജില്ലയിലെ എല്ലാ ഫയര്‍ഫോഴ്‌സ് യൂനിറ്റുകളും എത്തി മണിക്കൂറുകളെടുത്താണ് തീയണച്ചത്. തീ പടര്‍ന്നു പിടിച്ചതോടെ സമീപത്തെ ലക്ഷ്മി മെറ്റല്‍സിന്റെ മുന്നുകടകള്‍, മെറ്റല്‍ പാലസ്, ടോപ്പ്‌ടെന്‍, ടൂള്‍ പാലസ്, കാസില്‍, സമീപത്തെ ആക്രിക്കട, ബോംബെ മെറ്റല്‍സ്, പൂജാ ഫാബ്രിക്‌സ്, സലിം ഫാന്‍സി എന്നീ കടകളും കത്തിനശിച്ചു.
ഇലക്ട്രിക്ക് ഇന്‍സ്‌പെക്ടറ്റേറില്‍ നിന്നുള്ള വിദഗ്ധ സംഘവും സ്ഥലത്ത് പരിശോധന നടത്തി. വിവരമറിഞ്ഞ് എം മുകേഷ് എം.എല്‍.എ, ജില്ലാ കലക്ടര്‍ മിത്ര ടി, സബ് കലക്ടര്‍ ഡോ.ചിത്ര, സിറ്റിപൊലിസ് കമ്മിഷണര്‍ ഡോ. സതീഷ് ബിനോം, എ.സി.പി ജോര്‍ജ്ജ് കോശി, ഫയര്‍ഫോഴ്‌സ് സാങ്കേതികവിഭാഗം മേധാവി ഇ.ബി പ്രസാദ്, കൊല്ലം ഡിവിഷണല്‍ ഓഫിസര്‍ കെ.കെ ഷിജു എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. വിവരമറിഞ്ഞ് പുലര്‍ച്ചെ മുതല്‍ തന്നെ സംഭവസ്ഥലത്തേക്ക് ജനപ്രവാഹമായിരുന്നു. കടകള്‍ കത്തി സര്‍വതും നഷ്ടപ്പെട്ട കച്ചവടക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഉള്‍പ്പെടെ അടിയന്തിര ധനസഹായം നല്‍കുന്നതിന് നടപടി സ്വീകരിച്ചതായി എം മുകേഷ് എം.എല്‍.എ പറഞ്ഞു. സംഭവത്തില്‍ അടിയന്തിര ധനസഹായത്തിന് റവന്യൂവകുപ്പ് നിര്‍ദ്ദേശം നല്‍കിയതായും എം.എല്‍.എ പറഞ്ഞു. കട നശിച്ച കച്ചവടക്കാര്‍ക്ക് അതേ സ്ഥലത്ത് കട പുതുക്കി പണിയുന്നതിനും യാഥാര്‍ഥ നഷ്ടപരിഹാരം നല്‍കണമെന്നും വ്യാപാരിവ്യവസായി സമിതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."