കനത്ത മഴയും കാറ്റും: തെക്കന്‍ മേഖലകളില്‍ വ്യാപക നാശം
ചെറുവത്തൂര്‍: ഇന്നലെ പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയുടെ തെക്കന്‍ മേഖലകളില്‍ വ്യാപക നാശം. ചെറുവത്തൂര്‍ ഓര്‍ക്കുളത്തും ചീമേനി പോത്താങ്കണ്ടത്തും വീടിനു മുകളില്‍ മരം വീണു രണ്ടുപേര്‍ക്ക് പരുക്കേറ്റു. വൈദ്യുത വിതരണം താറുമാറായി. നിരവധി മരങ്ങള്‍ കടപുഴകി. കാര്‍ഷിക വിളകളും നശിച്ചു.
ഓര്‍ക്കുളത്തെ കെ. യശോദയുടെ വീടിനു മുകളില്‍ ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. വീടിനുള്ളിലുണ്ടായിരുന്ന യശോദയെ പരുക്കുകളോടെ ചെറുവത്തൂര്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടിളകി വീണാണ് തലയ്ക്കു പരുക്കേറ്റത്. വീടിനകത്തുണ്ടായിരുന്ന മകന്റെ ഭാര്യയും അഞ്ചു വയസുള്ള കുഞ്ഞും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ചീമേനി പോത്താംകണ്ടത്തെ അഹമ്മദ് കുഞ്ഞിയുടെ വീട് മരം വീണുഭാഗികമായി തകര്‍ന്നു. പരുക്കേറ്റ അഹമ്മദിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ അഞ്ച് ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നു. കാരിയിലെ കെ. രാഘവന്റെ വീടും തെങ്ങ് വീണു തകര്‍ന്നു. പെട്ടിക്കുണ്ടില്‍ മരം പൊട്ടിവീണ് ട്രാന്‍സ്‌ഫോര്‍മര്‍ തകര്‍ന്നു. ചെറുവപ്പാടി, അറുകര, പോത്താംകണ്ടം ഭാഗങ്ങളില്‍ ഒട്ടനവധി തെങ്ങ്, കവുങ്ങ്, നേന്ത്രവാഴ, റബര്‍ എന്നിവ കടപുഴകി. പിലിക്കോട് തോട്ടം ഗേറ്റില്‍ വൈദ്യുത ലൈനിനു മുകളിലേക്കു കൂറ്റന്‍ മരം കടപുഴകി.
പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ തിരുമുമ്പ് ഭവനത്തിനു സമീപം മാവ് കടപുഴകി വൈദ്യുത ലൈനുകള്‍ തകര്‍ന്നു. പിലിക്കോട് തോട്ടം ഗേറ്റില്‍ തേക്ക് മരം ദേശീയപാതയിലേക്കു കടപുഴകിവീണു. പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം. ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ എത്തി മരം നീക്കം ചെയ്തു.
മടിക്കൈ: കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീശിയടിച്ച കാറ്റില്‍ മടിക്കൈ പഞ്ചായത്തിലെ ബങ്കളം പുതിയകണ്ടത്ത് വ്യാപക കൃഷിനാശം. നിരവധി വാഴകളും തെങ്ങും കടപുഴകി. പുതിയകണ്ടത്തെ മധുവിന്റെ അന്‍പതിലധികം നേന്ത്രവാഴകള്‍ നശിച്ചു. പി.കെ രവിയുടെ 25 വാഴ, ഒരു തെങ്ങ്, അമ്പൂഞ്ഞിയുടെ അഞ്ച് വാഴ, പി.കെ കൃഷ്ണന്റെ ആറു വാഴ, ദാമോദരന്‍ എരിക്കുളത്തിന്റെ ഒരു തെങ്ങ് എന്നിവ നശിച്ചവയില്‍ പെടുന്നു. മടിക്കൈ കൃഷി ഓഫിസിലെ അസിസ്റ്റന്റുമാരായ ടി. ഷീബ, എ. പത്മനാഭന്‍ എന്നിവര്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
തൃക്കരിപ്പൂര്‍: ഇന്നലെ പുലര്‍ച്ചെയുണ്ടായ അതിശക്തമായ കാറ്റില്‍ തൃക്കരിപ്പൂര്‍ വൈദ്യുതി സെക്ഷനു കീഴില്‍ ഇരുപതില്‍പരം എല്‍.ടി, 4 എച്ച്.ടി തൂണുകള്‍ തകര്‍ന്നു. എടാട്ടുമ്മല്‍, മെട്ടമ്മല്‍ പൊറോപ്പാട് ചക്രപാണി, കടപ്പുറം എന്നിവിടങ്ങളിലാണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നത്. മരങ്ങള്‍ പൊട്ടിവീണാണ് തൂണുകള്‍ തകര്‍ന്നത്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വന്നു. പല സ്ഥലങ്ങളിലും രാത്രി വൈകിയും വൈദ്യുതി പുനഃസ്ഥാപിച്ചില്ല.
കാറ്റില്‍ തൃക്കരിപ്പൂര്‍ നടക്കാവ് കോളനിയിലെ കൊണ്ണുക്കുടിയന്‍ കൃഷ്ണന്റെ വീടിനു മുകളില്‍ തെങ്ങു മുറിഞ്ഞു വീണ് വീട് ഭാഗീകമായി തകര്‍ന്നു. വീട്ടുകാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വീടിന്റെ പിന്നിലെ മേല്‍ക്കൂര തകര്‍ന്നു. തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നട്ടുവളര്‍ത്തിയ 30ല്‍പരം വാഴകള്‍ കാറ്റില്‍ ഒടിഞ്ഞുവീണു.
സെന്റ്‌പോള്‍സ് പള്ളിയുടെ പ്രധാന കവാടത്തിനടുത്ത് മുന്നിലെ മതില്‍ തകര്‍ന്നു. ചന്തേര യു.പി സ്‌കൂള്‍ പരിസരത്തെ കപ്പണക്കാല്‍ കുമ്പ എം.ടി ഗീത, കന്നുവീട് കടപ്പുറത്തെ കെ.വി സുമ, എടാട്ടുമ്മലിലെ വി കുഞ്ഞിരാമന്‍ എന്നിവരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."