ഈ ഭൂമി മരിക്കുകയാണ്
ഭൂഗോളമേ... ജീവജാലങ്ങളേ...ഞാന്‍ ഉള്‍ക്കൊള്ളുന്ന മനുഷ്യകുലമേ ചെവിയോര്‍ക്കുക, അന്തിമ കാഹളം.
സര്‍വനാശത്തിന്റെ അന്തിമ കാഹളം. ലോകാവസാനത്തിന്റെ അന്തിമ കാഹളം!
ചെവിയോര്‍ക്കുക!
സുന്ദരമായ ഈ ഭൂഗോളം ബ്രഹ്മാണ്ഡ, ബ്രഹ്മാണ്ഡ, മഹാ ബ്രഹ്മാണ്ഡ ശവപ്പറമ്പായി നാറാന്‍ പോകുന്നു!
ചെവിയോര്‍ക്കുക!
(ചെവിയോര്‍ക്കുക അന്തിമ കാഹളം- വൈക്കം മുഹമ്മദ് ബഷീര്‍)
പി. സുരേന്ദ്രന്റെ ഏറ്റവും പുതിയ നോവല്‍ ജിനശലഭങ്ങളുടെ വീട് വായിച്ചപ്പോള്‍ ഞാന്‍ വൈക്കം മുഹമ്മദ് ബഷീറിനെ ഓര്‍ത്തു. 'ഈ ഭൂമി മരിക്കുകയാണെന്ന് നമ്മോട് പറഞ്ഞ ആ വലിയ എഴുത്തുകാരനെ. പരിസ്ഥിതിയെക്കുറിച്ച് നമ്മള്‍ ഏറെ ബോധവാന്മാരാകുന്നതിനു മുന്‍പ് ഭൂമിയുടെ അവകാശികള്‍ മനുഷ്യര്‍ മാത്രമല്ലെന്നു നമ്മേട് പറഞ്ഞത് ബഷീര്‍ ആയിരുന്നു.
സുരേന്ദ്രന്റെ ഹരിതാന്വേഷണങ്ങള്‍ ബഷീറിനെ ഒരിക്കല്‍കൂടി ഓര്‍മിപ്പിച്ചു. 'ഈ ഭൂമി മരിച്ചു കൊണ്ടിരിക്കുകയാണെന്ന് എന്റെ തലമുറയിലെ ഒരെഴുത്തുകാരനും ബഷീറിനെ പോലെ നമ്മെ ഓര്‍മിപ്പിക്കുന്നു. പരിസ്ഥിതിയുടെ ആത്മീയതലം നമ്മുടെ എഴുത്തുകാര്‍ അന്വേഷിക്കേണ്ടിയിരിക്കുന്നു. സുരേന്ദ്രന്‍ ചെയ്യുന്നത് അതാണ്.
വീടിനോടുള്ള മനുഷ്യന്റെ ആര്‍ത്തി ഒരു സത്യമാണ്. നാം വീടുണ്ടാക്കുന്നത് താമസിക്കാനല്ല, മറിച്ച് അയല്‍ക്കാര്‍ക്കുകൂടി കാണാനാണ്. അതിന്റെ പച്ചപ്പും ഹൃദ്യതയും ആരോ ചോര്‍ത്തിക്കളഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് ഒരു വ്യത്യസ്തമായ വീടുതേടി രാമാനുജവും ധനലക്ഷ്മിയും നടത്തുന്ന യാത്രയില്‍ വായനക്കാരും പങ്കാളികളാവുന്നത്.
ഈ കാവ്യാത്മകമായ നോവലില്‍ ഗ്രന്ഥകാരന്റെ പെയിന്റിങ്ങിനെക്കുറിച്ചുള്ള അറിവുകള്‍കൂടി കടന്നുവരുന്നു. സുരേന്ദ്രന്‍ നടത്തിയ യാത്രകളുടെ ചിത്രങ്ങള്‍കൂടി ഈ നോവലില്‍ ചിതറിക്കിടക്കുന്നുണ്ട്.
'യന്ത്രങ്ങള്‍ കൈയില്‍ കിട്ടിയതിന്റെ അഹങ്കാരമാണ് പര്‍വതങ്ങളുടെ മുറിവുകള്‍' എന്നും 'അമ്മയുടെ ഗര്‍ഭപാത്രമാണ് ഭൂമിയിലെ ശേഷിക്കുന്ന വനങ്ങള്‍' എന്നും 'മാന്ത്രികക്കുഴലൂത്തുകാരന്റെ പിന്നിലെ എലികളെപ്പോലെ ജനങ്ങള്‍ സെലിബ്രിറ്റികളെ അനുഗമിക്കും'എന്നും 'മനുഷ്യരെ ചതിക്കുന്ന ഉദാരമായ നുണകളായിരുന്നു പരസ്യങ്ങള്‍' എന്നും നോവലിസ്റ്റ് എഴുതുമ്പോള്‍ അതു കാലത്തെക്കുറിച്ചുള്ള സൂക്ഷ്മ നിരീക്ഷണമായി മാറുന്നു.
ഏറ്റവും ആശാവഹമായ കാര്യം പുതിയ എഴുത്തുകാര്‍ ആധുനികരെപ്പോലെയല്ല എന്നതാണ്. അവര്‍ക്ക് ഈ ഭൂമിയില്‍ വേരുകളുണ്ട്. 'ഞനാരാ നാണ്വാരേ.. എന്റെ പേരെന്താ നാണ്വാരേ' എന്നു മുകുന്ദന്‍ കഥാപാത്രങ്ങളെപ്പോലെ അവര്‍ ചോദിക്കില്ല. അവര്‍ക്ക് വായനക്കാരോട് ചിലതു പറയാനുണ്ട്.
അധികാരശക്തിയും മതാധികാരവും ഭൂമിയെ എങ്ങനെയാണു കൊല്ലുന്നതെന്നും നമ്മുടെ മണ്ണിലും മനസിലും മാഫിയകള്‍ എങ്ങനെയാണ് വിഷം കലര്‍ത്തുന്നതെന്നും ആര്‍ത്തിയില്ലാത്ത ഗ്രോത്രവര്‍ഗങ്ങളെ എങ്ങനെയാണ് ഉന്മൂലനം ചെയ്തതെന്നും പി. സുരേന്ദ്രന്റെ 'ജിനശലഭങ്ങളുടെ വീട്' പറഞ്ഞു തരുന്നു.
...............
'എല്ലാവരുടെ ആവശ്യങ്ങളും നിറവേറ്റാനുള്ള വിഭവശേഷി ഈ ഭൂമിക്കുണ്ട്; എല്ലാവരുടെ ആര്‍ത്തി നിറവേറ്റാനുള്ളതില്ല' മഹാത്മാഗാന്ധിയുടെ വാക്കുകളാണിത്.
ചിന്തിക്കുന്ന എല്ലാ എഴുത്തുകാരും ഭൂമിയെക്കുറിച്ച് ആകുലപ്പെടേണ്ടിയിരിക്കുന്നു. കുന്നുകള്‍ ഇടിച്ചുനിരത്തി, നദികളും പുഴകളും മണല്‍ വാരിവറ്റിച്ച്, നാം വരുംതലമുറയ്ക്ക് ബാക്കി വയ്ക്കുന്നതെന്താണ്?
അവസാന നാളില്‍ ഒരു ഈന്തപ്പന തൈ ഒരാളുടെ കൈയിലുണ്ടെങ്കല്‍ അതവന്‍ നട്ടുകൊള്ളട്ടെ എന്ന വിശുദ്ധവാക്യം നമുക്ക് പ്രചോദനമേകട്ടെ.
ഈ ഭൂമി നമ്മുടേതല്ല. നമ്മുടെ കുട്ടികള്‍ക്ക്, പേരക്കുട്ടികള്‍ക്ക്, അവരുടെ, സന്തതികള്‍ക്ക് കേടുകൂടാതെ കൈമാറാനുള്ളതാണീ ഭൂമി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."