ഓരോ ഏറിലും മാങ്ങ വീഴില്ല
ഒരിക്കല്‍ക്കൂടി എനിക്കെന്റെ ബാല്യകാലം തിരിച്ചു കിട്ടുമോ? എങ്കില്‍ ഞാന്‍ അപ്പച്ചെണ്ടു കളിക്കില്ല. കമ്പിത്തിരി കത്തിക്കില്ല. മാവിന് കല്ലെറിയില്ല. ഊഞ്ഞാലാടില്ല. കുളത്തിലേക്കു ചാടില്ല. പരല്‍മീന്‍ പിടിക്കില്ല. ഒന്നും ചെയ്യില്ല.
എന്റെ മക്കള്‍ നഗരത്തിലെ കെട്ടിടങ്ങള്‍ക്കിടയിലാണ്. അതിന്റെ ഇത്തിരി വെട്ടത്തിലാണ്. ആ ഇടുക്കുകളില്‍ ശ്വാസംമുട്ടി അവര്‍ പന്തു കളിക്കുന്നു. ക്രിക്കറ്റ് കളിക്കുന്നു. ഓടിച്ചാടാന്‍ ശ്രമിക്കുന്നു. അപ്പോള്‍ പിന്നെ അവരെങ്ങനെ പൂന്തോട്ടം നിര്‍മിക്കും?
എനിക്കൊക്കെ പണ്ടു മൈതാനമുണ്ടായിരുന്നു. പൂത്ത കാടുണ്ടായിരുന്നു. ഇടവഴികളുണ്ടായിരുന്നു. മുത്തശ്ശിക്കഥ ഉണ്ടായിരുന്നു. തെരുവുണ്ടായിരുന്നു. പാലമുണ്ടായിരുന്നു. പുഴ ഉണ്ടായിരുന്നു. കടത്തുതോണി ഉണ്ടായിരുന്നു.
വേണ്ട, എനിക്കെന്റെ ബാല്യകാലം വേണ്ട. പകരം, തലനിറയെ സോഫ്ട്‌വെയറുണ്ട്. നടന്നുകളിക്കാന്‍ കൈഫോണുണ്ട്. ഞാനവിടെ ഊഞ്ഞാല്‍ കെട്ടിക്കോളാം. പരല്‍മീന്‍ പിടിച്ചോളാം.
ഷുഗര്‍ കണ്ണിലേക്കെത്തി. ഞരമ്പു വിദഗ്ധനെ കാണിക്കണമെന്നു ഡോക്ടര്‍. (പണ്ടേ ഞാനൊരു ഞരമ്പുരോഗിയാണെന്നു ഇയാളെങ്ങനെ അറിഞ്ഞു?) അല്ലെങ്കിലും ഇനിയെന്തു ഞരമ്പ്? കാഴ്ച? എന്നാലും 'പഞ്ചാര' ഞാനൊഴിവാക്കില്ല.
പ്രിയപ്പെട്ട കണ്ണേ(ട്ടാ), കണ്ണടയുന്നതുവരെ എന്റെ വായനക്കാലം, വായിനോക്കിക്കാലം നിലനിര്‍ത്തണേ...
കാഴ്ചയുടെ കാര്യത്തില്‍ ഞാനെന്തിന് ഇത്ര ബേജാറാവണം? ഉള്‍ക്കാഴ്ചകൊണ്ട് ജീവിക്കുന്നവരും കണ്ടിട്ടും കാണാതെ അന്ധരായി അഭിനയിക്കുന്നവരും എനിക്കുചുറ്റും ഉള്ളപ്പോള്‍?
മാങ്ങ വാങ്ങുമ്പോള്‍ ഞെക്കിനോക്കും,
പച്ചയും പഴുപ്പുമറിയാന്‍.
വത്തക്ക വാങ്ങുമ്പോള്‍ കൊട്ടിനോക്കും,
ഉള്ളിലെ ചോപ്പറിയാന്‍.
നിന്റെ സ്‌നേഹമറിയാന്‍
ഞാനെവിടെ ഞെക്കണം?
എവിടെയൊക്കെ കൊട്ടണം?
'ചില്ലറ തരണം'
ഇപ്പോള്‍ എല്ലായിടത്തും കേള്‍ക്കുന്ന പുതിയ പാട്ട്.
ജങ്ഷനില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു. അപ്പോള്‍ രണ്ടു ഭാഗത്തുനിന്നും ഘോഷയാത്ര കടന്നുവന്നു. ചെറിയൊരു തിരക്ക്. ആള്‍ക്കൂട്ടം. അപ്പുറത്തു ബസ് വന്നുനില്‍ക്കുന്നു. നോക്കിയപ്പോള്‍ അതെനിക്കു പോകേണ്ടതല്ല. പലതും ഓര്‍ത്തുപോയി. കുട്ടിക്കാലം തന്നെയാണ് ഓര്‍ത്തത്. അതിനിടയില്‍ ആരോ പറയുന്നതു കേട്ടു. 'അതാ ഉറൂബ്...'
സങ്കടമുണ്ട്, എന്നെ ചൂണ്ടി ആ വലിയ എഴുത്തുകാരന്റെ പേര് നശിപ്പിക്കുന്നതില്‍. ബസ് ഒന്നു വേഗം വന്നാല്‍ മതിയായിരുന്നു.
മണ്ഡലകാലം പോലെ എനിക്കിപ്പോള്‍ വായനയുടെ കാലമാണ്. മഞ്ഞുകാലത്തെ ചില വിഭ്രാന്തികള്‍. ഇതിനിടയില്‍ ഇന്നലെ വായിച്ചത് നാടകമാണ്. അഭിനയിച്ചു തീര്‍ക്കുന്ന ജീവിതങ്ങളാണ്. ഛായമില്ലാത്തവരുടെ മുഖങ്ങള്‍.
'ഞാന്‍ എത്ര നല്ല നടനാണ്..' അവനവന്‍ അവനവനുതന്നെ മാര്‍ക്കിടുന്ന കാലം.
നീലേശ്വരം ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ പ്രതിമാസ നാടകം, കൊല്ലം അയനം നാടകവേദിയുടെ 'അവനവന്‍ തുരുത്തായിരുന്നു'. അതിന്നലെ രാജാസ് ഹൈസ്‌കൂളില്‍വച്ചു കണ്ടു. നന്നായിരിക്കുന്നു.
ഖസാക്കില്‍നിന്ന് അത്രയൊന്നും അകലെയല്ലാത്ത ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. കാലം, ജീവിതം, പ്രണയം. ഇതിനിടയില്‍ ആരാച്ചാരായിത്തീരുന്ന ഒരു പെണ്ണിന്റെ മാനസികാവസ്ഥ. അഭിനേതാക്കളും സംവിധായകനും (എഴുത്തുകാരനും) ചേര്‍ന്ന് അതു മികവുറ്റതാക്കി.
എന്നെ അമ്പരപ്പിച്ചത് അതിലെ സംഭാഷണമാണ്. കഥാപാത്രങ്ങള്‍ എത്ര ഒതുക്കത്തോടെയാണ് അതു കാണാതെ പറയുന്നത്. എനിക്കാണെങ്കില്‍ സ്വന്തം കവിതപോലും നോക്കാതെ വായിക്കാനാവില്ല.ഓരോ നാടകരാവും എന്നെ എന്റെ ഭൂമിയിലേക്കുതന്നെ പറിച്ചു നടുന്നു. ഞാനെത്ര മാറിനിന്നാലും ഒരിക്കലും മാറാനാവാത്ത ഏതോ ഒരു കഥാപാത്രം പോലെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."