നിരണത്ത് ഗുണ്ടാ ആക്രമണം; നാല് പേര്‍ ആശുപത്രിയില്‍
മാന്നാര്‍: കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ വഴിയാത്രക്കാരായ നാല് പേരെ വെട്ടി പരിക്കേല്‍ച്ച് നിരണം പഞ്ചായത്ത് മുക്കില്‍ മാരകായുധങ്ങളുമായി അക്രമണം അഴിച്ചുവിട്ട ക്വട്ടേഷന്‍ സംഘത്തെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു.
നിരണം സെന്‍ട്രല്‍ വീട്ടില്‍ ചാക്കോ (46), എടത്വ തലവടി കുന്തിരിക്കല്‍ കറുകയില്‍ വൈശാകന്‍ (28), ഹരിപ്പാട് പള്ളിപ്പാട് കടവന്ത്ര വീട്ടില്‍ വിജയന്‍ (61), നിരണം സെന്‍ട്രല്‍ വീട്ടില്‍ ഫിലിപ്പോസ് ജോര്‍ജ് (55) എന്നിവര്‍ക്കാണ് വെട്ടേറ്റത്. തലയ്ക്കും ശരീരത്തിനും ഗുരുതരമായി വെട്ടേറ്റ ഇവരെ പരുമല, തിരുവല്ല എന്നിവിടങ്ങളിലെ സ്വകാര്യാശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഹരിപ്പാട് ഭാഗത്ത് നിന്നും നമ്പര്‍ പ്ലേറ്റ് മറച്ച ടവേര കാറിലെത്തിയ പന്ത്രണ്ടംഗ അക്രമിസംഘം പഞ്ചായത്ത് മുക്കില്‍ എത്തി മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വഴിയില്‍ നിന്നവരെ അകമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും ഒരു കടയും കടയ്ക്കരികില്‍ ചാരിവച്ചിരുന്ന ഒരു ബൈക്കും അടിച്ചുതകര്‍ത്തു. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സ്യഷ്ടിച്ച അക്രമികള്‍ പിന്നീട് വാഹനത്തില്‍ രക്ഷപ്പെട്ടു. അക്രമത്തില്‍ പരുക്കേറ്റ ചാക്കോ ആട്ടോ ഡ്രൈവറാണ്. വൈശാഖന്‍ സ്വകാര്യ നെറ്റ് വര്‍ക്ക് ജീവനക്കാരനാണ്. രാത്രിയില്‍ നടന്ന അക്രമണത്തിലുണ്ടായ നടുക്കം ഇനിയും വിട്ട് മാറിയിട്ടില്ല.
അക്രമികള്‍ ക്വട്ടേഷന്‍ സംഘമാണെന്നും ആളുമാറി ആക്രമണം നടത്തിയതാകാമെന്നും പൊലീസ് പറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നിരണത്തുള്ള ക്വട്ടേഷന്‍ സംഘം ഹരിപ്പാട് എത്തി ആക്രമണം നടത്തിയിരുന്നു. ഇതിന്റെ പ്രത്യാക്രമണമായിരിക്കാം കഴിഞ്ഞ ദിവസം നടന്നതെന്നും പറയുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് പ്രത്യേക സുരക്ഷ ഒരുക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."