ഉപഗ്രഹ വിക്ഷേപണത്തിനിടെ നാസയുടെ കാമറ കത്തിനശിച്ചു
കാലിഫോര്‍ണിയ: റോക്കറ്റ് വിക്ഷേപണം പകര്‍ത്തുകയായിരുന്ന നാസയുടെ കാമറ കത്തിനശിച്ചു. ഈയാഴ്ച സ്‌പെയ്‌സ് എക്‌സ് ബഹിരാകാശത്തേക്കു വിക്ഷേപിച്ച ഫാല്‍ക്കണ്‍ 9 പറന്നുയരുന്നതിന്റെ ദൃശ്യം പകര്‍ത്തുകയായിരുന്ന കാമറയാണ് കാഴ്ചക്കാരെ ഞെട്ടിച്ച് വെന്തുരുകിയത്.
കത്തിയെരിഞ്ഞ കാമറയുടെ ചിത്രം സമൂഹമാധ്യമങ്ങളിലടക്കം ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബര്‍ഗ് വ്യോമസേനാ താവളത്തിലായിരുന്നു സംഭവം. നാസ യുടെ രണ്ട് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളും മറ്റ് അഞ്ച് വാണിജ്യാടിസ്ഥാനത്തിലുള്ള വിവരകൈമാറ്റ ഉപഗ്രഹങ്ങളുമാണ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലൂടെ ബഹിരാകാശത്തേക്കു വിക്ഷേപിച്ചത്.
വിക്ഷേപണം വിജയകരമായി നടന്നെങ്കിലും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ കാമറ കത്തിയെരിയുകയായിരുന്നു.
സ്വയം കത്തിയെരിയുന്ന ദൃശ്യവും കാമറ പകര്‍ത്തിയിരുന്നുവെന്നതാണ് ഏറെ കൗതുകകരം. കാമറ കത്തിനശിച്ചെങ്കിലും ഇതിനകത്തുണ്ടായിരുന്ന മെമ്മറി കാര്‍ഡ് കേടുപാടുകളില്ലാതെ കണ്ടെത്തിയിരുന്നു.
ഇതില്‍നിന്നാണ് ഈ ചിത്രങ്ങള്‍ ലഭിച്ചത്. 30 വര്‍ഷമായി നാസയില്‍ ഫോട്ടോഗ്രാഫറായ ബില്‍ ഇന്‍ഗല്‍സിന്റേതാണ് കാമറ.
ബില്ലിന്റെ ആറു കാമറകളില്‍ രണ്ടെണ്ണം സുരക്ഷിത കവചത്തിനകത്തും നാലെണ്ണം പുറത്തുമായിരുന്നു സ്ഥാപിച്ചിരുന്നത്. ഇതില്‍ അകത്തുണ്ടായിരുന്ന കാമറകളിലൊന്നിലാണു തീപിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."