ഗുണമില്ലാതെ തടയണകള്‍
വയലുകളില്‍ ഉപ്പുവെള്ളം കയറാതിരിക്കാന്‍, ജലസ്രോതസുകളിലെ ശുദ്ധജലം സംരക്ഷിക്കാന്‍ എന്നിങ്ങനെ ജലസംരക്ഷണത്തിനായി നാടുനീളെ കോടികളും ലക്ഷങ്ങളും മുടക്കി നിര്‍മിച്ച തടയണകള്‍ കൊണ്ടെന്തു ഗുണ
മെന്നു ജനം ചോദിച്ചു തുടങ്ങിയിരിക്കുന്നു.
സമയാസമയങ്ങളില്‍ അറ്റകുറ്റപണി നടത്താതെയും സംരക്ഷണമില്ലാതെയും ജില്ലയില്‍ നൂറുകണക്കിനു ചെറുതും വലുതുമായ തടയണകള്‍ (മിനി ക്രോസ്ബാര്‍) ഉപയോഗമില്ലാതായിരിക്കുന്നു.
തടയണകള്‍ക്കു പിറകില്‍ ഉപ്പുവെള്ളം കയറി നശിച്ച കൃഷിയിടങ്ങളുടെ ദുരന്തചിത്രവും തകര്‍ന്ന തടയണകളുടെ നേര്‍ക്കാഴ്ചകളുമാണ് 'വടക്കന്‍ കാറ്റ് ' കണ്ടത്.
കര്‍ഷകന്റെ കണ്ണീര്‍
വീണു നനയുന്ന കൃഷിയിടങ്ങള്‍
കാസര്‍കോട്: നെല്‍കൃഷിയേയും മറ്റു കൃഷികളെയും പ്രോല്‍സാഹിപ്പിക്കുവാന്‍ പദ്ധതി മെനയുന്നവര്‍ തന്നെയാണ് ഇപ്പോഴത്തെ കര്‍ഷകരുടെ കണ്ണീരിന്റെ ഉത്തരവാദികള്‍.
അധികൃതരുടെ അനാസ്ഥ മൂലം ജില്ലയില്‍ നശിക്കുന്നതു നൂറുകണക്കിന് ഏക്കര്‍ നെല്‍കൃഷിയടക്കമുള്ള കൃഷിഭൂമിയാണ്. കൃഷി ഭൂമിയില്‍ ഉപ്പുവെള്ളം കയറുന്നതു നിയന്ത്രിക്കാനുള്ള മിനി ക്രോസ് ബാറുകളുടെ (തടയണ) അറ്റകുറ്റ പ്രവര്‍ത്തി നടത്താത്തതാണ് ഓരോ വര്‍ഷവും കര്‍ഷകര്‍ക്കു ദുരിതമാകുന്നത്.
ജില്ലയില്‍ 79 തടയണകള്‍ പൂര്‍ണമായും ഉപയോഗയോഗ്യമല്ലാതായിട്ടുണ്ടെന്നാണ് അധികൃതരുടെ തന്നെ കണക്ക്.
ഉപ്പുവെള്ളം കയറിയതിനെ തുടര്‍ന്നു കൃഷിയിറക്കാനാകാത്ത കര്‍ഷകന്റെ കണ്ണീരിന് ആരു വിലയിടുമെന്നാണു ചോദ്യം.
ഉപ്പുവെള്ളം കാരണം
പാടങ്ങളുപേക്ഷിച്ച്
കര്‍ഷകര്‍
തൃക്കരിപ്പൂര്‍: ഉടുമ്പുന്തല കൊവ്വ പുഴക്കു കുറുകെ സ്ഥാപിച്ച കൈക്കോട്ടുക്കടവ് ഉടുമ്പുന്തല മിനി അണക്കെട്ട് തൃക്കരിപ്പൂര്‍ പഞ്ചായത്തിന്റെ കീഴിലാണ്. മിനി അണക്കെട്ട് യഥാ സമയം അറ്റകുറ്റ പ്രവര്‍ത്തി നടത്താത്തതിനാല്‍ ഈ ഭാഗങ്ങളിലെ ഹെക്ടര്‍ കണക്കിനു പാടശേഖരത്തില്‍ ഉപ്പുവെള്ളം കയറുന്നതിനാല്‍ ഭൂരിഭാഗം കര്‍ഷകരും കൃഷി ഉപേക്ഷിച്ചു കഴിഞ്ഞു.
ഓരോ വര്‍ഷവും ഉപ്പുവെള്ളം കയറുന്ന ഭാഗങ്ങള്‍ ഒഴിച്ചു നിര്‍ത്തി പലരും കൃഷിക്കിറങ്ങിയാല്‍ അതിനടുത്ത വര്‍ഷം കഴിഞ്ഞ വര്‍ഷം കൃഷി ചെയ്ത മേഖലയിലും ഉപ്പുവെള്ളമെത്തും. ഓരോ വര്‍ഷവും കൃഷി ചെയ്യുന്ന മേഖല ഇതോടെ കുറഞ്ഞുവന്നു. ഈ ഭാഗങ്ങളില്‍ രണ്ടു വിളയും കൂടാതെ പച്ചക്കറി കൃഷിയും ഒരു കാലത്ത് വലിയ തോതില്‍ വിളവെടുത്തിരുന്നു.
രണ്ടു വര്‍ഷം മുമ്പു വരെ പരിസരത്തെ കര്‍ഷകര്‍ മുന്‍കൈയെടുത്ത് പലക വച്ച് മണല്‍ നിറച്ച് ഉപ്പുവെള്ളം തടഞ്ഞിരുന്നുവെങ്കിലും നിലവില്‍ പാടശേഖര സമിതിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതെന്നാണു പഞ്ചായത്തിന്റെ വാദം.
ഉപ്പുവെള്ളം കയറുന്നത് തടയുന്നതോടെ പഴയ കാലങ്ങളില്‍ കൊവ്വ പുഴയിലെ വെള്ളം തെങ്ങ് കൃഷിക്കു പോലും ഉപയോഗിച്ചതായി പലകര്‍ഷകരും സാക്ഷ്യപ്പെടുത്തുന്നു.
കണ്ണങ്കൈ, വീറ്റാക്കുളം, ഒളവറ, വെണ്ണീറ്റാങ്കൈ, കരികടവ് തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിക്കു സംരക്ഷണം നല്‍കുന്നതിനു വേണ്ടിയാണ് അഞ്ചു പതിറ്റാണ്ടുകള്‍ക്കു മുമ്പ് കൈക്കോട്ടുക്കടവ് ഉടുമ്പുന്തല മിനി അണക്കെട്ട് സ്ഥാപിച്ചത്.
ഹെക്ടര്‍ കണക്കിനു കൃഷി ഭൂമിയുള്ള വീറ്റാകുളത്ത് ജല സമൃദ്ധിയുള്ള വലിയ കുളം നിലനില്‍ക്കുന്നുണ്ട്.
ഈ കുളത്തില്‍ പമ്പ് ഹൗസ് സ്ഥാപിച്ചു കൃഷിക്ക് വെള്ളം നല്‍കിയാല്‍ ഒരു പരിധിവരെ കൃഷിയെ സംരക്ഷിക്കാന്‍ കഴിയും. ഉപ്പ് നെഞ്ച് കയറി തരിശായി കിടക്കുന്ന പാടശേഖരം വഴി റോഡിട്ട് കൃഷിയെ ഒഴിവാക്കി പലരും വീടുവെക്കാനും മറിച്ച് വില്‍പന നടത്താനും തുടങ്ങി.
പോയ കാലത്തെ കൃഷി തിരിച്ചു കൊണ്ടുവരാന്‍ അധികൃതര്‍ക്കും താല്‍പര്യമില്ലെന്നാണ് ആരോപണം.
തലിച്ചാലം പുഴക്ക് കുറുകെയുള്ള മിനി ക്രോസ് ബാറിന്റെ അറ്റകുറ്റപണി നടക്കുന്നില്ല
ഉപ്പുവെള്ളം കയറി നെല്ലറകള്‍ തരിശാകുന്നു
വര്‍ഷാവര്‍ഷം ക്രോസ് ബാര്‍ അറ്റകുറ്റ പ്രവൃത്തികള്‍ക്കായി തുക അനുവദിക്കാറുണ്ടെങ്കിലും അറ്റകുറ്റ പ്രവര്‍ത്തി നടക്കാറില്ലെന്നു കര്‍ഷകര്‍ തന്നെ പറയുന്നു
തൃക്കരിപ്പൂര്‍: കണ്ണൂര്‍-കാസര്‍കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന തലിച്ചാലം പുഴക്ക് കുറുകെയുള്ള മിനി ക്രോസ് ബാറിന്റെ അറ്റകുറ്റ പ്രവര്‍ത്തി നടത്താത്തതു കാരണം ഇരു ജില്ലകളിലായി പരന്നുകിടക്കുന്നതും നാടിന്റെ നെല്ലറയെന്ന് വിശേഷണവുമുള്ള പാടശേഖരം ഉപ്പുവെള്ളം കയറി നശിക്കുന്നു.
കൃഷി സംരക്ഷണത്തിനു വേണ്ടിയാണ് അഞ്ചു പതിറ്റാണ്ടു മുമ്പ് തലിച്ചാലം പുഴക്കു കുറുകെ കാരിയില്‍ മിനി ക്രോസ് ബാര്‍ പണിതത്. മഴക്കാലത്ത് ഷട്ടര്‍ ഉയര്‍ത്തിയാല്‍ കടുത്ത വേനലിലും ഷട്ടര്‍ ഉയര്‍ന്നു തന്നെ കിടക്കും. ഷട്ടര്‍ താഴ്ത്തിയാലും ഉപ്പുവെള്ളം കയറുന്നതു തടയാന്‍ കഴിയില്ല. അടിഭാഗം ദ്രവിച്ചതിനാലാണ് ഉപ്പുവെള്ളം കയറുന്നത്.
മധ്യ ഭാഗത്ത് ഷട്ടറിട്ടതിനാല്‍ നിയന്ത്രിതവും മറ്റു ഭാഗങ്ങളില്‍ പലകയിട്ടുമാണ് ഉപ്പുവെള്ളം കയറുന്നതു തടയുന്നത്. തലിച്ചാലം ക്രോസ് ബാര്‍ ഇറിഗേഷന്‍ വകുപ്പിന്റെ കാഞ്ഞങ്ങാട് ഓഫിസ് പരിധിയിലാണ്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രോസ് ബാറിന്റെ ചുമതലകള്‍ക്കായി തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഇറിഗേഷന്‍ വകുപ്പിന്റെ ഓഫിസ് പ്രവര്‍ത്തിച്ചിരുന്നെങ്കിലും സ്ഥാപനം തുറക്കാതായിട്ടു വര്‍ഷങ്ങളായി.
വര്‍ഷാവര്‍ഷം ക്രോസ് ബാര്‍ അറ്റകുറ്റ പ്രവൃത്തികള്‍ക്കായി തുക അനുവദിക്കാറുണ്ടെങ്കിലും അറ്റകുറ്റ പ്രവര്‍ത്തി നടക്കാറില്ലെന്നു കര്‍ഷകര്‍ തന്നെ പറയുന്നു.
ഇരു ജില്ലകളിലുമായി കിടക്കുന്ന കരിവെള്ളൂര്‍, കുണിയന്‍, അന്നൂര്‍, പന്നിക്കാട, ആനിയില്‍, കഞ്ചിയില്‍ ആറ്‌പൊതിപ്പാട്, പത്ത് പൊതിപ്പാട്, എലിക്കാട, കഞ്ചിയില്‍ തുടങ്ങിയ പ്രദേശങ്ങളിലെ നൂറുക്കണക്കിന് ഏക്കര്‍ പാടശേഖരങ്ങളാണു നശിച്ചുകൊണ്ടിരിക്കുന്നത്.
തടയണയുണ്ട്; പക്ഷെ, കുടിവെള്ളത്തിനുള്ള
കാത്തിരിപ്പിനു വിരാമമില്ല
ആദ്യ ഘട്ടത്തില്‍ പുഴയില്‍ അഞ്ചു കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ വെള്ളം കെട്ടി നില്‍ക്കുകയും കാലവര്‍ഷം ആരംഭം വരെ കുടിവെള്ളം ലഭിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു
ബദിയടുക്ക: ലക്ഷങ്ങള്‍ ചെലവഴിച്ച് പ്രതി വര്‍ഷം തടയണ നിര്‍മിക്കുന്നുണ്ടെങ്കിലും ജലം ഒരിറ്റു ലഭിക്കുന്നില്ല. സീരേ പുഴക്ക് കുറുകെ അഡ്ക്കസ്ഥലയില്‍ താല്‍കാലിക തടയണ നിര്‍മിച്ചും പുഴയില്‍ കുഴല്‍ കിണര്‍ നിര്‍മിച്ച് പമ്പ് ഹൗസും പെര്‍ളക്ക് സമീപം ഗോളിത്തടുക്കയില്‍ വെള്ളം ശുദ്ധീകരിച്ച് എന്‍മകജെ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലേക്കും കുടിവെള്ളമെത്തിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
ഇതിനു വേണ്ടി 2003ല്‍ എല്‍.ഐ.സിയുടെ ധനസഹായത്തോടെ കേരള വാട്ടര്‍ അതോറിറ്റിയാണ് ആറു കോടി രൂപ ചെലവഴിച്ചു പദ്ധതി നടപ്പാക്കിയത്.
തുടക്കത്തില്‍ തന്നെ ജല ലഭ്യത കുറവായതിനാലാണു പുഴക്കു കുറുകെ തടയണ നിര്‍മിച്ചു വെള്ളം കെട്ടി നിര്‍ത്താമെന്ന ആശയം ജലവകുപ്പിന്റെ മുന്നിലെത്തിയത്. തടയണ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നവംബറില്‍ തന്നെ കരാര്‍ വിളിച്ച് പുഴക്ക് കുറുകെ ലക്ഷങ്ങള്‍ ചെലവഴിച്ചു തടയണ പണിയുകയാണു പതിവ്.
അഞ്ചു മുതല്‍ ആറു ലക്ഷം വരെ ചെലവഴിച്ച് കരാറടിസ്ഥാനത്തില്‍ ഇരു വശങ്ങളിലും പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് ചാക്കില്‍ മണ്ണ് നിറച്ച് തടയണ നിര്‍മിക്കുകയാണു പതിവ്. ആദ്യ ഘട്ടത്തില്‍ പുഴയില്‍ അഞ്ചു കിലോ മീറ്റര്‍ ദൈര്‍ഘ്യത്തില്‍ വെള്ളം കെട്ടി നില്‍ക്കുകയും കാലവര്‍ഷാരംഭം വരെ കുടിവെള്ളം ലഭിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു.
എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ തടയണ പ്രവൃത്തിയില്‍ കൃത്രിമം നടക്കുന്നതിനാല്‍ ജലം ആദ്യത്തെ ചില ദിവസങ്ങളില്‍ കെട്ടി നില്‍ക്കുന്നുണ്ടെങ്കിലും പിന്നീട് വറ്റി വരളുകയാണ്.
തടയണ നിര്‍മാണത്തിലെ അപാകതയാണു ജലം കെട്ടി നില്‍ക്കാത്തതിനുള്ള കാരണമെന്നാണു ചൂണ്ടി കാട്ടുന്നത്. പുഴവറ്റി വരണ്ടതോടെ കുടിവെള്ള വിതരണം മുടങ്ങി.
താല്‍ക്കാലിക തടയണക്കു പകരം സ്ഥിരം തടയണ പണിത് രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കണമെന്ന നാട്ടുകാരുടെ മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."