ഒതളൂര്‍ ബണ്ടിലെ മണ്ണ് മാറ്റിയില്ല; വെള്ളക്കെട്ട് പേടിച്ച് നാട്ടുകാര്‍
ചങ്ങരംകുളം: തൃശൂര്‍-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ഒതളൂര്‍ ബണ്ട് റോഡില്‍ വെള്ളം ഒഴുകി പോകുന്ന കലുങ്കുകളിലെ മണ്ണു നീക്കാത്തത് വെള്ളക്കെട്ടിനിടയാക്കുമെന്ന പരാതിയുമായി നാട്ടുകാര്‍. ഐനൂര്‍ -കടവല്ലൂര്‍ റോഡിലാണ് വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യത. ജലസേചന വകുപ്പാണ് ഒതളൂര്‍ ബണ്ട് റോഡിലെ കലുങ്കുകളില്‍ മണ്ണിട്ടത്. ജനുവരിയില്‍ ഒതളൂര്‍ ബണ്ടിലേക്ക് വെള്ളം പമ്പ് ചെയ്ത് ശേഖരിക്കുന്നതിനാണ് കലുങ്കുകളില്‍ ചീര്‍പ്പിട്ട് മണ്ണിട്ട് അടച്ചത്.
പത്തുകലുങ്കുകളിലും പാലത്തിനടിയിലെ നാല് ഓവുചാലുകളുമാണ് ചീര്‍പ്പും മണ്ണുമിട്ട് അടച്ചത്. കൃഷിക്കാവശ്യമായ പമ്പിങ് ഏപ്രില്‍ മാസത്തോടെ കഴിഞ്ഞിരുന്നു. മുന്‍വര്‍ഷങ്ങളില്‍ പമ്പിങ് കഴിയുന്ന മുറയ്ക്ക് വകുപ്പ് അധികൃതര്‍ കലുങ്കുകളിലെയും ഓവുചാലുകളിലെയും ചീര്‍പ്പും മണ്ണും മാറ്റി വെള്ളം ഒഴുകി പോകുന്നതിന് സൗകര്യമൊരുക്കിയിരുന്നു. എന്നാല്‍ ഇത്തവണ വെള്ളം ശേഖരിക്കല്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ചീര്‍പ്പും മണ്ണും മാറ്റിയില്ല.
പാടശേഖരത്തിലെ വെള്ളം പാലത്തിന് അടിയിലെ ഒറ്റ ഓവുചാലിലൂടെയാണ് ഒലിച്ചു പോകുന്നത്. മഴ ശക്തമാകുന്നതോടെ പാടശേഖരത്ത് വെള്ളം നിറഞ്ഞ് ഐനൂര്‍ -കടവല്ലൂര്‍ റോഡില്‍ വെള്ളം കയറി ഗതാഗതം മുടങ്ങുമെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. ഒതളൂര്‍ ബണ്ടിലെ ചീര്‍പ്പും മണ്ണും മാറ്റി വെള്ളം ഒഴുകി പോകാന്‍ സൗകര്യമൊരുക്കണമെന്ന് ജനകീയ സമിതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."