പോസ്റ്റല്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഇവിടെ എ.ടി.എമ്മിന് സര്‍വിസ് ചാര്‍ജില്ല
മലപ്പുറം: സര്‍വിസ് ചാര്‍ജുകളൊന്നുമില്ലാതെ പണം നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യാവുന്ന പോസ്റ്റ് ഓഫിസ് അക്കൗണ്ടിന് ജനപ്രീതിയേറുന്നു. മറ്റു ബാങ്കുകള്‍ സര്‍വിസ് ചാര്‍ജ്, മിനിമം ബാലന്‍സ് തുടങ്ങി വിവിധയിനങ്ങളിലായി നിശ്ചിത തുക ജനങ്ങളില്‍നിന്ന് ഈടാക്കുമ്പോഴാണ് പോസ്റ്റല്‍ ബാങ്ക് അക്കൗണ്ടുകള്‍ വ്യത്യസ്തമാകുന്നത്.
ഈ വര്‍ഷം ജനുവരി മുതല്‍ പദ്ധതിക്കു തുടക്കംകുറിച്ചിട്ടുണ്ടെങ്കിലും സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിച്ചതോടെ അക്കൗണ്ട് തുറക്കാന്‍ പോസ്റ്റ് ഓഫിസുകളില്‍ തിരക്കേറി. പോസ്റ്റല്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ 50 രൂപ മാത്രം അടച്ചാല്‍ മതി. പരിധിയില്ലാത്ത സൗജന്യ എ.ടി.എം ഉപയോഗമാണ് പോസ്റ്റല്‍ അക്കൗണ്ടിന്റെ മറ്റൊരു ഗുണം. ഏതൊരു ബാങ്കിന്റെയും എ.ടി.എമ്മില്‍നിന്ന് ഈ എ.ടി.എം കാര്‍ഡുപയോഗിച്ച് പണം പിന്‍വലിക്കാം. ഇതിനു പ്രത്യേക ചാര്‍ജുകള്‍ ഈടാക്കുന്നില്ല.
പോസ്റ്റല്‍ ബാങ്കില്‍ അക്കൗണ്ടെടുക്കുമ്പോള്‍ ലഭിക്കുന്ന എ.ടി.എം കാര്‍ഡുകൊണ്ടു മറ്റു ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുപയോഗിച്ചു ചെയ്യാവുന്ന എല്ലാ ഇടപാടുകളും നടത്താം. ആധാര്‍ കാര്‍ഡും ഫോട്ടോയും മാത്രമാണ് പോസ്റ്റല്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ ആവശ്യമുള്ള രേഖകള്‍. പോസ്റ്റല്‍ ബാങ്ക് അക്കൗണ്ടില്‍ ചെക്ക് ബുക് ആവശ്യമാണെങ്കില്‍ അക്കൗണ്ടില്‍ 500 രൂപ മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടി വരും. അല്ലാത്തപക്ഷം മിനിമം ബാലന്‍സ് 50 രൂപ മാത്രം മതിയാകും. വലിയ തുകയ്ക്കുള്ള ഇടപാടുകള്‍ക്കു പാന്‍കാര്‍ഡ് ആവശ്യമാണ്. ഒരു പോസ്റ്റ് ഓഫിസിനു കീഴില്‍ തുടങ്ങിയ അക്കൗണ്ട് മറ്റൊരു പോസ്റ്റ് ഓഫിസിലേക്കു മാറ്റാന്‍ സാധിക്കും. പണം പിന്‍വലിക്കുന്നതിനായി പെരിന്തല്‍മണ്ണ, അരീക്കോട്, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ പോസ്റ്റല്‍ വകുപ്പിന്റെ എ.ടി.എം കൗണ്ടറുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. താനൂരില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."