ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രാത്രികാല പരിശോധന: 7,000 രൂപ പിഴ ഈടാക്കി
മലപ്പുറം: ജില്ലയിലെ നോമ്പ് തുറയോടനുബന്ധിച്ച് വഴിയോരങ്ങളില്‍ താല്‍ക്കാലിക ഷെഡുകളില്‍ വില്‍ക്കുന്ന മസാല പുരട്ടിയ മാങ്ങ, മസാല സോഡ എന്നിവയെക്കുറിച്ചുള്ള വ്യാപകമായ പരാതിയുടെയും നിപാ വൈറസ് ബാധയുടെയും പശ്ചാതലത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് രാത്രികാല പരിശോധന ശക്തമാക്കി. മഞ്ചേരിയില്‍ ഫ്രൂട്ട് സ്റ്റാളുകള്‍, കൂള്‍ബാറുകള്‍, ഫ്രൂട്ട് മൊത്ത വില്‍പനക്കാര്‍, രാത്രികാല തട്ടുകടകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ പഴങ്ങള്‍ കണ്ടെത്തിയ വ്യാപാരികളില്‍ നിന്നും 7000 രൂപ പിഴ ഈടാക്കി.
നോമ്പ് തുറയോടനുബന്ധിച്ച് വഴിയോരങ്ങളില്‍ വില്‍ക്കുന്ന മസാല സോഡയില്‍ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളുടെ സാന്നിധ്യം പരിശോധിക്കുന്നതിനായി സാമ്പിളുകള്‍ ശേഖരിച്ചു. ഭക്ഷ്യോപയോഗ യോഗ്യമല്ലാത്ത വിനാഗിരി എസ്സന്‍സ് കൂടിയ അളവില്‍ ഉപയോഗിച്ച് മസാല സോഡ വില്‍പന നടത്തിയ രണ്ടു സ്ഥാപനങ്ങള്‍ അടക്കാന്‍ നിര്‍ദേശം നല്‍കി.
ശേഖരിച്ച സാമ്പിളുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലബോറട്ടിയില്‍ പരിശോധന നടത്തുമെന്നും റിസള്‍ട്ട് ലഭിക്കുന്ന മുറക്ക് നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷ അസി. കമ്മിഷനര്‍ കെ. സുഗുണന്‍ അറിയിച്ചു.
ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ത്ത് ഉപ്പിലിട്ട പഴങ്ങള്‍ മസാല സോഡ, മാങ്ങ മുതലായവ വില്‍ക്കുന്നത് സംബന്ധിച്ച് വരും ദിവസങ്ങളിലും പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന തുടരും. ഭക്ഷ്യസുരക്ഷാ അസി. കമ്മിഷനര്‍ കെ. സുഗുണന്‍, ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാരായ ബിബി മാത്യു, അബ്ദുല്‍ റഷീദ്, കെ. രമിത എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."