ഹൗസിങ് സൊസൈറ്റി തെരഞ്ഞെടുപ്പ്: കള്ളവോട്ട് തടഞ്ഞതില്‍ സംഘര്‍ഷം
ഫറോക്ക്: രാമനാട്ടുകര റൂറല്‍ ഹൗസിങ് സൊസൈറ്റി തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാനെത്തിയതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പരുക്ക്. വിജിത്ത് പിലാക്കാട്ട്, കെ.പ്രവീണ്‍, ഇ.അനീസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു രാമനാട്ടുകരയില്‍ യു.ഡി.എഫ് ഹര്‍ത്താലിനു ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ടു ആറ് വരെയാണ് ഹര്‍ത്താല്‍
തെരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ടാണ് എല്‍.ഡി.എഫ് ചെയ്തതെന്നു യു.ഡി.എഫ് ആരോപിച്ചു. ഇത്തരത്തില്‍ കള്ളവോട്ടു ചെയ്യാനെത്തിയ സി.പി.എം പ്രവര്‍ത്തകനെ പിടികൂടിയതിനാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ചു വിട്ടത്. വോട്ടിങ് അവസാനിക്കുന്ന നാലുമണിക്ക് തൊട്ടുമുന്‍പാണ് സംഭവം. ബാങ്കിന്റെ പാസ് ബുക്കുമായി പോളിങ്ങ് സ്റ്റേഷനിലേക്ക് പ്രവേശിപ്പിച്ചയാളോട് തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ റിട്ടേണിങ്ങ് ഓഫിസര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ തയാറാകാതിരുന്നതോടെയാണ് കള്ളവോട്ട് ചെയ്യാനെത്തിയതാണെന്നു മനസിലായത്. പിടികൂടി പൊലിസിലേല്പ്പിച്ചെങ്കിലും കുതറിയോടിയ ഇയാള്‍ സി.പി.എം പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ഓഫിസായ എ.കെ.ജി മന്ദിരത്തിലേക്ക് പാഞ്ഞു കയറിയതായും ഓഫിസിനുളളില്‍ നിന്നിറങ്ങിവന്നവരാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം നടത്തിയതെന്നും യു.ഡി.എഫ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."