കൊപ്പത്ത് വൈദ്യുതി മുടക്കം പതിവാകുന്നു: പരാതിപറഞ്ഞ് മടുത്ത് ഗുണഭോക്താക്കള്‍
കൊപ്പം: പരാതി പറഞ്ഞ് ഗുണഭോക്താക്കളും പ്രതിവിധി പറഞ്ഞ് ജീവനക്കാരും മടുത്തു എന്നതല്ലാതെ കൊപ്പം വൈദ്യുതി സെക്ഷനുകീഴിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമായില്ല. രാവും പകലും വിത്യാസമില്ലാതെ വൈദ്യുതി മുടങ്ങുമ്പോള്‍ ദുസഹമാവുന്നത് ജനജീവിതമാണ്. കുടിവെള്ള വിതരണവും നിര്‍മാണ മേഖലയും സ്തംഭിക്കുന്നു എന്ന് മാത്രമല്ല തൊഴിലാളികള്‍ക്ക് സമയനഷ്ടവും സാമ്പത്തിക നഷ്ടവും വരുത്തുന്നു. വിളയൂര്‍ കൊപ്പം പഞ്ചായത്തുകള്‍ മുഴുവനും കുലുക്കല്ലൂര്‍ പഞ്ചായത്ത് ഭാഗികവുമാണ് സെക്ഷന്‍ പരിധി. വിളയൂരും കുലുക്കല്ലൂരിലുമാണ് ഏറെയും പരാതി.
പരാതികളുടെ മേല്‍ നടപടിയെടുക്കാനോ വിളിച്ചാല്‍ ഫോണെടുക്കാനോ തയ്യാറാവാത്തവര്‍ ബില്ലടക്കാന്‍ വൈകിയാല്‍ ജാഗരൂകരാവാറുണ്ടെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ജീവനക്കാര്‍ കുറവാണെന്നും ഇതുകാരണം എല്ലാ പ്രദേശങ്ങളിലേക്കും ഒരേസമയം ഓടിയെത്താന്‍ കഴിയാറില്ലെന്നുമാണ് ജീവനക്കാര്‍ പറയുന്നത്. ഫോണെടുക്കാറുണ്ടെന്നും ഒരേസമയം കൂടുതല്‍ പേര്‍ വിളിക്കുന്നത് കൊണ്ടാവാം ഫോണ്‍ കണക്റ്റാവാത്തതെന്നും അവര്‍ പറയുന്നു.
ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്നോണം കൊപ്പം സെക്ഷന്‍ വിഭജിച്ച് വിളയൂര്‍ സെക്ഷന്‍ ആരംഭിക്കണമെന്നാവശ്യം ശക്തമാണ്. കഴിഞ്ഞ സര്‍ക്കാര്‍ ഇതിന്നായി തീരുമാനമെടുത്തിരുന്നുവെങ്കിലും വിളയൂര്‍ പഞ്ചായത്തില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്താത്തതിനാല്‍ തിരുവേഗപ്പുറയിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് വിളയൂരിലെ ജനങ്ങള്‍ പറയുന്നത് . അതേസമയം കൊപ്പം സെക്ഷനിലെ വൈദ്യുതി മുടക്കം സാമൂഹ്യമാധ്യമങ്ങളിലും ചര്‍ച്ചയാവുന്നു. പ്രതിപക്ഷ പാര്‍ട്ടിക്കാര്‍ ട്രോളുകളുമായി രൂക്ഷമായാണ് പ്രതികരിക്കുന്നത്.
ഭരണപക്ഷ അനുഭാവികള്‍ക്ക് ഇതിനെതിരെ പ്രതികരിക്കാനുമാവുന്നില്ല. സാങ്കേതികത്വം പറഞ്ഞ് ആദ്യം പിടിച്ചുനിന്നെങ്കിലും പിന്നീട് പലരും ഉള്‍വലിഞ്ഞു. സെക്ഷനിലെ വൈദ്യുതി വിതരണം സുഗമമാക്കണമെന്നാവശ്യപ്പെട്ട് സി. പി.എം കൂരാച്ചിപ്പടി ബ്രാഞ്ച് സെക്രട്ടറി മുസ്തഫ മലവെട്ടത്ത് വകുപ്പ് മന്ത്രിയുടെ ഓഫിസില്‍ നേരിട്ട് കഴിഞ്ഞ ദിവസം പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."