ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍
ജിദ്ദ: ഓണ്‍ലൈന്‍ ടാക്‌സി രംഗത്ത് സ്വന്തമായി സര്‍വിസ് നടത്തുന്ന വിദേശികള്‍ക്ക് മുന്നറിയിപ്പുമായി സഊദി അധികൃതര്‍. ഓണ്‍ലൈന്‍ ടാക്‌സികള്‍ വിമാനത്താവളങ്ങളില്‍ നിന്ന് യാത്രക്കാരെ കയറ്റാന്‍ പാടില്ലെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
പൊതുഗതാഗത മേഖലയില്‍ നൂറു ശതമാനം സ്വദേശിവല്‍കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ രംഗത്ത്പ്രവര്‍ത്തിക്കുന്ന വിദേശികള്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്. സ്വന്തമായി ഓണ്‍ലൈന്‍ ടാക്‌സി സര്‍വിസ് നടത്തുന്ന വിദേശികള്‍ക്കെതിരേ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് പൊതുഗതാഗത വിഭാഗം മേധാവി റിമ അല്‍ റീമ വ്യക്തമാക്കി.
യൂബര്‍, കരീം തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി സര്‍വിസ് രംഗത്ത് വിദേശികള്‍ സ്വന്തം വാഹനം ഉപയോഗിച്ച് സര്‍വിസ് നടത്തുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു. ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് വിമാനത്താവളങ്ങളില്‍ നിന്ന് യാത്രക്കാരെ കയറ്റുന്നതിനും വിലക്കുണ്ട്.
അനധികൃതമായി ടാക്‌സി സര്‍വിസ് നടത്തുന്ന വിദേശിക്ക് ആദ്യത്തെ തവണ അയ്യായിരം റിയാല്‍ പിഴ ചുമത്തും.
നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് പിടിക്കപ്പെടുന്നവരെ നാടു കടത്താനും വകുപ്പുണ്ട്. സ്വദേശിവല്‍കരണ പദ്ധതി ആരംഭിച്ച ശേഷം ടാക്‌സി മേഖലയില്‍ വിദേശികളുടെ എണ്ണം മുപ്പത് ശതമാനമായി കുറഞ്ഞിട്ടുണ്ട്.
ടാക്‌സി സേവനങ്ങള്‍ക്കായി സ്വന്തമായി മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കാനും ടാക്‌സികള്‍ക്ക് വിവിധ മേഖലകളില്‍ പ്രത്യേക പാര്‍ക്കിംഗ് ഏരിയകള്‍ സ്ഥാപിക്കാനും ഗതാഗത വകുപ്പിന് നീക്കമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."