അരനൂറ്റാണ്ടായി മുറിയാതെ ഇരിക്കൂറിലെ നോമ്പുതുറ
ഇരിക്കൂര്‍: അരനൂറ്റാണ്ട് പിന്നിട്ട് ഇരിക്കൂറിലെ പ്രസിദ്ധമായ നോമ്പുതുറ. നാലു നൂറ്റാണ്ട് പഴക്കമുള്ള പാലം സൈറ്റിലെ പഴയ ജുമുഅത്ത് പള്ളി കേന്ദ്രീകരിച്ചാണ് ഒരുകൂട്ടം സാമൂഹ്യ ദീനീ പ്രവര്‍ത്തകരുടെ ശ്രമഫലമായി റമദാനില്‍ സൗജന്യ ഭക്ഷണവിതരണം നടത്തുന്നത്. വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്ന മുന്നൂറിലധികം വിശ്വാസികള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. പള്ളിമുറ്റത്ത് തന്നെ താല്‍ക്കാലിക ഭക്ഷണശാലയും ഡൈനിങ് ഹാളും ഒരുക്കിട്ടുണ്ട്. മദ്‌റസാധ്യാപകര്‍, മതപണ്ഡിതര്‍, വ്യാപാരികള്‍, യാത്രക്കാര്‍, നാട്ടുകാര്‍, ദര്‍സ് വിദ്യാര്‍ഥികള്‍, ജീവനക്കാര്‍ മുതല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ വരെ ഇവിടെ എത്തുന്നുണ്ട്. നോമ്പ് മുറിക്കാന്‍ കാരക്കയും ഈത്തപ്പഴവും ലൈം ജ്യൂസും ചായയും വിവിധ പലഹാരങ്ങളുമാണുണ്ടാവുക. നോമ്പ് തുറക്കാന്‍ നെയ്‌ചോര്‍, പത്തല്‍, റൊട്ടി, പൂരി, ചപ്പാത്തി, പൊറാട്ട ബീഫ് കറി എന്നിവയാണ് ഭക്ഷണം. തറാവീഹ് നമസ്‌കാര ശേഷം തരിക്കഞ്ഞി, കുറിയരിക്കഞ്ഞി, ജീരകക്കഞ്ഞി എന്നിവയും നല്‍കുന്നു. അത്താഴത്തിന് ബിരിയാണിയും നാടന്‍ ചോറും കറികളുമുണ്ടാകും. റമദാനിലെ വെള്ളിയാഴ്ചകളിലും ബദര്‍ദിനമായ പതിനേഴിലും ലൈലത്തുല്‍ ഖദ്ര്‍ ദിനമായ ഇരുപത്തിഏഴിനും പ്രത്യേക ഭക്ഷണങ്ങളാണ്. റമദാന്‍ 27ന് കാല്‍ലക്ഷത്തിലധികം വിശ്വാസികള്‍ എത്താറുണ്ട്. നിലാമുറ്റം മഖാം സന്ദര്‍ശനവും ലക്ഷ്യമായെത്തുന്നവരാണ് മിക്കവരും. അന്ന് ഇരിക്കൂറിലെയും പരിസരങ്ങളിലെയും പള്ളികളില്‍ സുബ്ഹി നമസ്‌കാരം വരെ പ്രാര്‍ഥനകളിലും ദിക്‌റ് ദുആ മജ്‌ലിസിലും ഖുര്‍ആന്‍ പാരായണവുമായി വിശ്വാസികള്‍ രാപാര്‍ക്കുന്നു.
ഇരിക്കൂറില്‍ ഈ റമദാന്‍ നോമ്പുതുറ അന്‍പതു വര്‍ഷം പിന്നിട്ടെങ്കിലും ഇന്നത്തെ തരത്തിലുള്ള ഏകീകരിച്ചുള്ള പരിപാടി മുടങ്ങാതെ നടന്നുവരാന്‍ തുടങ്ങിയിട്ട് 25 വര്‍ഷമായെന്ന് സംഘാടകര്‍ പറയുന്നു. വളപ്പിനകത്ത് കാസിം ഹാജി, വി. അബ്ദുസലാം, സി.വി.എന്‍ ഷബീര്‍, എന്‍.കെ.കെ ഷമീര്‍, സി.പി മേമി, പി.പി അശ്രഫ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്. ഇതിനുള്ള ചെലവ് വഹിക്കുന്നത് സുമനസുകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."