ആദിവാസി കുട്ടികളുടെ തോട്ടപ്പണി; ഉടമകള്‍ കുടുങ്ങും
കല്‍പ്പറ്റ: ആദിവാസി കുട്ടികളെ കൊണ്ടു ജോലി ചെയ്യിക്കുന്ന തോട്ടം ഉടമകള്‍ക്കെതിരേ ജില്ലാ പൊലിസ് മേധാവി നിയമ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദേശം.
ആദിവാസി വിദ്യാര്‍ഥികള്‍ വിളവെടുപ്പുകാലങ്ങളില്‍ ജില്ലക്ക് അകത്തും പുറത്തുമുള്ള തോട്ടങ്ങളില്‍ കൂട്ടത്തോടെ ജോലിക്കുപോകുന്നതായും ഈ കുട്ടികള്‍ പിന്നീട് സ്‌കൂളില്‍ പോകാറില്ലെന്നും കമ്മീഷന്‍ വയനാട് നടത്തിയ സിറ്റിങില്‍ പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ നിര്‍ദേശം നല്‍കിയത്.
കുട്ടികളെ ബാലവേലയില്‍ നിന്ന് ഒഴിവാക്കുന്നതിനും പഠനം തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനും ജില്ലാ കലക്ടറും ജില്ലാ ശിശുസംരക്ഷണ ഓഫിസറും നടപടി സ്വീകരിക്കണം.
കുട്ടികളുടെ പഠനം മുടക്കി തോട്ടങ്ങളില്‍ ജോലിക്ക് നിയോഗിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മാധ്യമങ്ങളിലൂടെയും തൊഴില്‍ വകുപ്പ് മുഖേനയും ജില്ലാ കലക്ടര്‍ പ്രചാരണം നല്‍കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. തുടര്‍ച്ചയായി വിദ്യാലയത്തില്‍ എത്താത്ത പട്ടികവര്‍ഗ വിദ്യാര്‍ഥികളെക്കുറിച്ചുള്ള വിവരം പ്രധാനാധ്യാപകര്‍ ഐ.ടി.ഡി.പി പ്രൊജക്ട് ഓഫിസര്‍ക്ക് രേഖാമൂലം കൈമാറുന്നതിനു നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രധാനാധ്യാപകര്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുന്നതിന് ഫീല്‍ഡ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ഐ.ടി.ഡി.പി പ്രൊജക്ട് ഓഫിസറോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."