വിവാഹ സംഘത്തിന്റെ വാഹനം മറിഞ്ഞു; 23 പേര്‍ക്ക് പരുക്ക്
ആറ്റിങ്ങല്‍: വധുഗൃഹത്തിലേക്ക് പോയ വിവാഹ സംഘത്തിന്റെ മിനിബസ് മറിഞ്ഞു 23 പേര്‍ക്ക് പരുക്കേറ്റു. ഗുരുതര പരുക്കറ്റ് ഡ്രൈവര്‍ അടക്കം അഞ്ചുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആറ്റിങ്ങല്‍ വലിയകുന്നു സ്വദേശികളായ ഷര്‍മിള (48), ഉദയ (38), പ്രഭ (50), സിന്ധു (37)ഡ്രൈവര്‍ അജേഷ് (30) എന്നിവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും സന്ധ്യ (39), ബിജു (47), സൂര്യ (27), വിജയകുമാരി (43), പ്രശാന്ത് (14), അനന്ദു (18), രമ (37), ആതിര (10), തുളസി (49), സൂരജ് (ഒന്‍പത് ), യുവന്‍ (ഒന്ന് ), സുരേന്ദ്രന്‍ (54), അനില്‍, സൂര്യ (54), കുമാര്‍ (45), സുമേഷ് (എട്ട് ), രാജു(18), സരസു (46) എന്നിവരെ ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടരയോടെ ഇടക്കോട് മാമം റോഡില്‍ ചിറ്റാറ്റിന്‍കര ആയിരവല്ലിക്ഷേത്രത്തിനു സമീപമുള്ള ഇടറോഡിലാണ് അപകടം ഉണ്ടായത്. ഏതാനും ദിവസം മുന്‍പ് വിവാഹം നടന്ന ചിറ്റാറ്റിന്‍കര സ്വദേശി ജയന്റെ അയല്‍വാസികളും ബന്ധുക്കളുമായി ഊരുപൊയ്കയിലുള്ള വധൂഗൃഹത്തില്‍ മറുവീടുപോയി മടങ്ങിവരവെയാണ് അപകടം ഉണ്ടായത്.
നിറയെ യാത്രക്കാരുമായി കോണ്‍ക്രീറ്റ് കയറ്റം കയറിയ മിനിബസ് പിന്നോട്ടിറങ്ങി മറിയുകയായിരുന്നു. വരന്റെ വീടിനുസമീപമാണ് അപകടം ഉണ്ടായത്. കയറ്റത്തില്‍ വാഹനം കയറാതായപ്പോള്‍ നിര്‍ത്തി ആളിറക്കിയപ്പോള്‍ പിന്നോട്ടുപോയി മറിഞ്ഞതാണെന്നു യാത്രക്കാര്‍ പറയുന്നു.
താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയവരെ വൈകുന്നേരം വിട്ടയച്ചു. അപകടവിവരമറിഞ്ഞു ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ്, കൗണ്‍സിലര്‍മാരായ താഹിര്‍, ശോഭനകുമാരി എന്നിവര്‍ താലൂക്ക് ആശുപത്രിയിലെത്തി ചികിത്സാ സൗകര്യങ്ങളൊരുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."