പദ്ധതി നിര്‍വഹണ പുരോഗതി സംസ്ഥാന തലത്തില്‍ ജില്ല മൂന്നാമത്
ആലപ്പുഴ: വാര്‍ഷിക പദ്ധതി അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെ പദ്ധതിച്ചെലവിന്റെ കാര്യത്തില്‍ ജില്ല സംസ്ഥാനത്ത് മൂന്നാം സ്ഥാനത്ത്. തിങ്കളാഴ്ച ചേര്‍ന്ന ജില്ലാ ആസൂത്രണസമിതിയോഗത്തിലാണ് കണക്ക് അവതരിപ്പിച്ചത്. ജില്ലയിലെ തദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാര്‍ച്ച് 27 വരെയുള്ള പുരോഗതി റിപ്പോര്‍ട്ട് യോഗം വിലയിരുത്തി.
പദ്ധതിച്ചെലവിന്റെ കാര്യത്തില്‍ ജില്ലാ പഞ്ചായത്ത് 53.34 ശതമാനം രേഖപ്പെടുത്തി.
നഗരസഭകള്‍ 39.16 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകള്‍ 55.29 ശതമാനവും ഗ്രാമപഞ്ചായത്തുകള്‍ 49.61 ശതമാനവും പദ്ധതി ചെലവ് രേഖപ്പെടുത്തി. ആകെ 48.41 ശതമാനം തുക ചെലവഴിച്ച് ജില്ലാ മൂന്നാം സ്ഥാനത്താണ്. സാമ്പത്തികവര്‍ഷം അവസാനിക്കുന്നതോടെ പദ്ധതിച്ചെലവ് ഉയരുമെന്നാണ് പ്രതീക്ഷ. പദ്ധതി നിര്‍വഹണത്തിന്റെ തിരക്ക് മൂലം പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവരങ്ങള്‍ നല്‍കി വരുന്നതേയുള്ളു. പദ്ധതി വിഹിതം ചെലവഴിച്ചതില്‍ പെരുമ്പളം പഞ്ചായത്താണ് ഒന്നാം സ്ഥാനത്ത്. 75.13 ശതമാനം ഇവര്‍ ചെലവഴിച്ചു. 70.43 ശതമാനവുമായി മാരാരിക്കുളം വടക്ക് പഞ്ചായത്തും 70.27 ശതമാനവുമായി അരുക്കൂറ്റി പഞ്ചായത്തും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. മുട്ടാര്‍ ഗ്രാമപഞ്ചായത്താണ് പദ്ധതിച്ചെലവില്‍ ഏറ്റവും പിന്നില്‍. 20.18 ശതമാനം ആണ് പദ്ധതിച്ചെലവ്. ആല പഞ്ചായത്ത് 24.68 ശതമാനവും വീയപുരം 26.85 ശതമാനവുമായി പിന്നിലാണ്.
മുതുകുളം പഞ്ചായത്ത് ചെലവ് 30.25 ശതമാനമാണ്. വീയപുരത്തിന് ലോകബാങ്ക് സഹായം ലഭിച്ചതു കൂടി കണക്കില്‍ ഉള്‍പ്പെടുത്തിയതാണ് പദ്ധതിച്ചെലവ് കുറവായി രേഖപ്പെടുത്താന്‍ കാരണമെന്ന് വീയപുരം പഞ്ചായത്ത് നിര്‍വഹണ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. അല്ലാതെ നോക്കിയാല്‍ 60 ശതമാനത്തിന് മുകളില്‍ പദ്ധതി ചെലവ് വരുന്നതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പറഞ്ഞു.
മുട്ടാര്‍ ഉള്‍പ്പെടെയുള്ള ചില പഞ്ചായത്തുകള്‍ ലോകബാങ്ക് സഹായം ലഭിച്ചവയാണ്. ബ്ലോക്ക് പഞ്ചായത്തില്‍ 73.83 ശതമാനം ചെലവഴിച്ച് തൈക്കാട്ടുശ്ശേരി ബ്ലോക്ക് ഒന്നാം സ്ഥാനത്തെത്തി. 69.09 ശതമാനം ചെലവഴിച്ച് പട്ടണക്കാടും 66.05 ശതമാനം ചെലവഴിച്ച് ആര്യാടും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. പദ്ധതി ചെലവിന്റെ കാര്യത്തില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്താണ് ഏറ്റവും പിന്നില്‍. 40.38 ശതമാനമാണ് ഇതുവരെ ചെലവഴിച്ചിട്ടുള്ളത്. 43.07 ശതമാനമാണ് ഹരിപ്പാട് ബ്ലോക്കിന്റെ പദ്ധതി ചെലവ്.
നഗരസഭകളുടെ കാര്യത്തില്‍ 70.71 ശതമാനം പദ്ധതി തുക ചെലവഴിച്ച് ഹരിപ്പാട് നഗരസഭ ഒന്നാം സ്ഥാനത്തെത്തി. 42.03 ചെലവഴിച്ച് ചേര്‍ത്തല രണ്ടാം സ്ഥാനത്താണ്. 33.57 ശതമാനം തുക ചെലവഴിച്ച ചെങ്ങന്നൂര്‍ നഗരസഭ ഏറ്റവും പിന്നിലാണ്. ഇതുവരെയുള്ള ആലപ്പുഴ നഗരസഭയുടെ പദ്ധതി ചെലവ് 37.40 ശതമാനമാണ്.
സാമ്പത്തികവര്‍ഷം അവസാനിക്കുന്നതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് കൂടുതല്‍ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ. രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."