സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡില്‍ മഴയത്തും ടാറിങ് തകൃതി
കാക്കനാട്: മന്ത്രിയുടെ വാക്കിനു പുല്ലുവില. കനത്ത മഴയത്തും സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ടാറിങ് നിര്‍മാണ ജോലികള്‍ സജീവം. വേനല്‍മഴ ആരംഭിച്ചതിനാലും കാലവര്‍ഷം നേരത്തേ ആരംഭിക്കുന്നതിനാലും മേയ് 15നു ശേഷം റോഡ് നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കണമെന്ന് പൊതുമരാമത്ത് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അവധി ദിവസമായ ഇന്നലെ മഴയെ വകവയ്ക്കാതെ കരാറുകാരന്‍ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ ഓലിമുകള്‍ ജംങ്ഷനില്‍ ടാറിങ് ജോലിക്കെത്തിയത്.
മഴയത്ത് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തികളെ നാട്ടുകാര്‍ അടക്കം പലരും ചോദ്യം ചെയ്തിട്ടും കരാറുകാരന്‍ കൂസലുമില്ലാതെ പണി തുടരുകയായിരുന്നു. ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടാണ് നിര്‍മാണ പ്രവൃത്തികള്‍ മഴയത്തും ചെയ്യുന്നതെന്നാണ് കരാറുകാരന്‍ പറഞ്ഞത്. ജില്ലയില്‍ വേനല്‍മഴ തുടരുന്ന സാഹചര്യത്തില്‍ മഴവെള്ളവും നനവും മൂലം ടാറിങ് പൊളിഞ്ഞുപോകാന്‍ ഇടയുണ്ട്. ടാറിങ് കഴിഞ്ഞ് ഒരാഴ്ചയെങ്കിലും വെയില്‍ ഉണ്ടായാല്‍ മാത്രമെ ടാറിങ്ങിന്റെ നിലവാരം ഉറപ്പുവരുത്താന്‍ കഴിയൂ.
ടാറിങ് ഇളകിപ്പോയാലേ വീണ്ടും ഫണ്ട് അനുവദിച്ചു റോഡ് നിര്‍മാണം നടത്താന്‍ കഴിയൂ എന്ന ചില ഉദ്യോഗസ്ഥരുടെ നിലപാടാണ് കരാറുകാരന്‍ റോഡ് പണി മഴയത്തും തുടരുന്നതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് പ്രതലം ചിപ്പിങ്ങ് നടത്തി വാഹനങ്ങള്‍ തെന്നി വീഴുന്ന സണ്‍റൈസ് ഹോസ്പിറ്റലിന്റെ ഭാഗത്ത് കുറച്ചു ദിവസം മുമ്പ് മഴയത്ത് ടാറിങ് നടത്തിയ ഭാഗം പൊളിഞ്ഞു തുടങ്ങിയിട്ടുണ്ട്. എന്നിട്ടും ടാറിങ് പുനരാരംഭിച്ചതില്‍ ഉദ്യോഗസ്ഥരുടെ ഇടപെടലാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."