കെവിന്റെ മരണം: പൊലിസിനു വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടിയെന്ന് ഡി.ജി.പി
തിരുവനന്തപുരം: കോട്ടയത്തുനിന്നും തട്ടിക്കൊണ്ടുപോയ യുവാവ് മരിച്ച സംഭവത്തില്‍ ഗാന്ധിനഗര്‍ എസ്.ഐ്ക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. പ്രതികളെ പിടികൂടാന്‍ ഐ.ജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്നും ഡി.ജി.പി അറിയിച്ചു.
എസ്.ഐയുടെ ഭാഗത്തുനിന്നും വീഴ്ച്ചയുണ്ടായോ എന്നുപരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് ലഭിക്കും. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ എസ്.ഐയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി പറഞ്ഞു
അതേസമയം, സംഭവത്തില്‍ പരാതി ലഭിച്ചിട്ടും കൃത്യമായ സമയത്ത് നടപടിയെടുക്കാതിരുന്ന ഗാന്ധിനഗര്‍ പൊലിസിനെതിരെ മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തു. മൂന്നാഴ്ച്ചകകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റയോട് കമ്മിഷന് ആവശ്യപ്പെട്ടു.
ശനിയാഴ്ച്ച പുലര്‍ച്ചെ തട്ടിക്കൊണ്ടു പോയ കെവിനെ കണ്ടെത്താനുള്ള നടപടികള്‍ക്ക് വൈകുന്നേരം നാല് മണിക്കാണ് പൊലിസ് തുടക്കമിടുന്നത്. കെവിന്റെ ഭാര്യ പരാതി നല്‍കിയിട്ടും തന്റെ സഹോദരനാണ് കെവിനെ തട്ടിക്കൊണ്ടുപോയതെന്ന് കരഞ്ഞുപറഞ്ഞിട്ടും നടപടിയെടുക്കാന്‍ പൊലിസ് തയ്യാറായില്ല.
പത്തംഗ സായുധസംഘം വീടാക്രമിച്ചു കെവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒപ്പം കൊണ്ടുപോയ ബന്ധു, മാന്നാനം കളമ്പുകാട്ടുചിറ അനീഷിനെ (30) മര്‍ദിച്ച് അവശനാക്കിയശേഷം വഴിയില്‍ ഉപേക്ഷിച്ച സംഘം കെവിനുമായി കടക്കുകയായിരുന്നു. ശേഷം കെവിന്റെ മൃതദേഹം തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടില്‍ ഇന്നു പുലര്‍ച്ചെയാണ് കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."