ജനവാസ കേന്ദ്രത്തില്‍ മദ്യവില്‍പനശാല; പ്രതിഷേധവുമായി നാട്ടുകാര്‍
പറവൂര്‍: ബിവറേജസ് ചില്ലറ മദ്യവില്‍വനശാല തെക്കേനാലുവഴിയില്‍ നിന്നും വാണിയക്കാടേക്ക് മാറ്റി സ്ഥാപിച്ചതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. എറണാകുളം എക്‌സൈസ് അസി. കമ്മിഷണറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇതേതുടര്‍ന്ന് ശനി, ഞായര്‍ ദിവസങ്ങളിലായി വാണിയക്കാട് ബിവറേജസ് കോര്‍പറേഷന്‍ സംഭരണ ശാലയിലേക്ക് മദ്യക്കുപ്പികള്‍ എത്തിച്ചു.
നാട്ടുകാരും പ്രദേശത്തെ ജനപ്രതിനിധികളും അറിയാതെ വളരെ രഹസ്യമായിട്ടായിരുന്നു അധികൃതര്‍ മദ്യവില്‍പനകേന്ദ്രം മാറ്റിയത്. തിങ്കളാഴ്ച ഉച്ചയോടെ തെക്കേനാലുവഴിയില്‍ മദ്യം വാങ്ങാനെത്തിയവരോടു വാണിയക്കാട്ടേക്കു പ്രവര്‍ത്തനം മാറ്റിയെന്ന സെക്യൂരിറ്റി ജീവനക്കാരന്‍ അറിയിച്ചതോടെയാണ് ആവശ്യക്കാര്‍ കൂട്ടമായി വാണിയക്കാടെത്തിയത്. മദ്യവില്‍പന ആരംഭിച്ചവിവരം മദ്യം വാങ്ങിച്ചവര്‍തന്നെ പുറത്തുവിട്ടതോടെ പ്രതിഷേധവുമായി നാട്ടുകാരും വിവിധ രാഷ്ട്രീയപാര്‍ട്ടികളും സന്നദ്ധ സംഘടന പ്രവര്‍ത്തകരും രംഗത്തെത്തി.
തുടര്‍ന്ന് പറവൂര്‍ എസ്.ഐ ടി.വി ഷിബുവിന്റെ നേതൃത്വത്തില്‍ ദ്രുതകര്‍മസേന ഉള്‍പ്പെടെയുള്ള പൊലിസ് സംഘം സ്ഥലത്തെത്തി. വിവിധ രാഷ്ട്രീയ,സാമുദായിക സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ നേതാക്കളും പ്രതിഷേധത്തിന് എത്തിയിരുന്നു.
മൂന്നു മണിയോടെ പ്രതിഷേധത്തെ തുടര്‍ന്ന് വില്‍പനശാല അടച്ചു. വരുംദിവസങ്ങളിലും മദ്യവില്‍പന കേന്ദ്രത്തിനെതിരെ സമരം ശക്തമാകുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."