മാലിന്യ സംസ്‌കരണത്തിന് ഊന്നല്‍ നല്‍കി ആലുവ നഗരസഭ ബജറ്റ്
ആലുവ: മാലിന്യ സംസ്‌കരണത്തിന് ഊന്നല്‍ നല്‍കി 55,57,30,572 രൂപ വരവും 52,10,10,500 രൂപ ചെലവും 3,47,20,072 രൂപ നീക്കിയിരുപ്പും വരുന്ന 2017, 18ലേക്കുള്ള ആലുവ നഗരസഭാ ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ സി.ഓമന അവതരിപ്പിച്ചു. ഖരമാലിന്യ സംസ്‌ക്കരണത്തിന് ഒരു ശാശ്വത പരിഹാരം എന്ന നിലയില്‍ സമീപ പഞ്ചായത്തുകളുമായി സഹകരിച്ച് സംയുക്തമായിട്ടുള്ള മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കും.
പെരിയാര്‍ സംരക്ഷണത്തിന്റെ ഭാഗമായി കൂടുതല്‍ ശുചീകരണപ്ലാന്റുകള്‍ സ്ഥാപിക്കും. 90 ലക്ഷം രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്. പെരിയാറിന്റ ഇരുവശത്തുമായി അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യം നീക്കം ചെയ്യുന്നതിന് 10 ലക്ഷവും നദീതീരം കെട്ടി സംരക്ഷിക്കുന്നതിനും നഗര നിവാസികള്‍ക്ക് പ്രഭാത, സായാഹ്ന സവാരിക്കായി വാക് വേ നിര്‍മിക്കുന്നതിനും 50 ലക്ഷവും ചെലവ് പ്രതീക്ഷിക്കുന്നു. ദേശം കടവ് പാലം യാഥാര്‍ഥ്യമാക്കാന്‍ 50 ലക്ഷം രൂപ വകയിരുത്തി. ലൈബ്രറികള്‍ക്കായി 20 ലക്ഷവും കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് 20 ലക്ഷവും നീക്കിവച്ചു. വയോജനങ്ങള്‍ക്ക് പകല്‍ സമയം ചെലവഴിക്കുന്നതിന് പകല്‍ വീട് ആരംഭിക്കും.
ഇ.എം.എസ് സാംസ്‌കാരിക കേന്ദ്രത്തിന് 10 ലക്ഷം, മണപ്പുറത്തെ ലോഹിതദാസ് സ്മൃതി മണ്ഡപം സ്ഥിരം സാംസ്‌കാരിക കേന്ദ്രമായി മാറ്റുന്നതിന് അഞ്ച് ലക്ഷം, എം.ജി ടൗണ്‍ ഹാള്‍ നവീകരണത്തിന് 75 ലക്ഷം, മിനി മാര്‍ക്കറ്റ്പ്രിയദര്‍ശിനി ടൗണ്‍ ഹാള്‍ നവീകരണത്തിന് 70 ലക്ഷം, ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിന് ഒന്നര കോടി, നഗരസഭ ഓഫിസ് കോമ്പൗണ്ട് നവീകരണത്തിന് 25 ലക്ഷം, ഫിഷ് മാര്‍ക്കറ്റ് വിപുലീകരണത്തിന് 20 ലക്ഷം, ചൂണ്ടിയിലെ നഗരസഭ സ്ഥലത്ത് ഗോഡൗണ്‍ നിര്‍മാണത്തിന് 20 ലക്ഷം, അംഗന്‍വാടികള്‍ക്ക് സ്ഥലം ലഭ്യമാക്കി കെട്ടിടം പണിയുന്നതിന് 50 ലക്ഷം എന്നിങ്ങനെ വകയിരുത്തി.
നഗരസഭ സെക്രട്ടറിയുടേയും എഞ്ചിനീയറുടേയും ഔദ്യോഗിക വസതികള്‍ സ്ഥിതി ചെയ്യുന്നിടത്ത് ഒരു കോടി മുടക്കി ഓഫിസ് കം റസിഡന്‍ഷ്യല്‍ കെട്ടിടം നിര്‍മിക്കും. ഈ വര്‍ഷം തന്നെ പൊതുമാര്‍ക്കറ്റ് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങി എത്രയുംവേഗം യാഥാര്‍ഥ്യമാക്കാന്‍ പത്ത് കോടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
ഭൂരഹിതര്‍ക്ക് സ്ഥലവും വീടും നല്‍കുന്ന പദ്ധതി പ്രകാരം 50 ലക്ഷം രൂപയും പി.എം.എ.വൈ പദ്ധതി പ്രകാരം ഭവന രഹിതര്‍ക്ക് ഭവന നിര്‍മാണത്തിന് 50 ലക്ഷവും ചെലവഴിക്കും. തെരുവോര കച്ചവടക്കാരുടെ പുനരധിവാസത്തിനായി തോട്ടക്കാട്ടുകരയില്‍ 25 ലക്ഷം രൂപയുടെ പുനരധിവാസ പദ്ധതി നടപ്പാക്കും. പ്രസ് ക്ലബ്ബ് മന്ദിരം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ക്ലോക്ക് ടവര്‍ കെട്ടിടത്തില്‍ അനുയോജ്യമായ സ്ഥലം നഗരസഭ ക്രമീകരിച്ച് നല്‍കും.
നഗരസഭ സ്‌റ്റേഡിയം ആധുനിക സ്‌റ്റേഡിയമായി പുനര്‍നിര്‍മിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ക്ക് 30 ലക്ഷവും 10 ഹെല്‍ത്ത് ക്ലബുകള്‍ ആരംഭിക്കുന്നതിന് 10 ലക്ഷവും നീക്കിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."