വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് യാത്രാമൊഴി
പയ്യന്നൂര്‍: കണ്ടോത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച റിട്ട. എസ്.ഐ എം. രവീന്ദ്രന്റെ(58)യും മകന്‍ അര്‍ജുന്‍ ആര്‍. നമ്പ്യാരു(21)ടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ഇന്നലെ ഉച്ചയോടെ കരിവെള്ളൂര്‍ കട്ടച്ചേരിയിലെ സ്വവസതിയായ ആശാ നിവാസില്‍ എത്തിച്ച ഭൗതീകശരീരം നിറമിഴികളോടെ ഒരുനോക്കു കാണാനായി നാട്ടുകാര്‍ ഒന്നടങ്കം എത്തിച്ചേര്‍ന്നു. ഭര്‍ത്താവിന്റെയും മകന്റെയും ചേതനയറ്റ ശരീരത്തിന് മുന്നില്‍ അലമുറയിട്ട് കരയുന്ന ആശാ ലക്ഷ്മിയെ ആശ്വസിപ്പിക്കാനാകെ നിറമിഴികളോടെ നില്‍ക്കാനേ കണ്ടുനിന്നവര്‍ക്കു സാധിച്ചുള്ളു. രവീന്ദ്രന്റെ മകള്‍ അനുശ്രീയും മരുമകന്‍ റിജേഷും എത്തിയതോടെയാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. വൈകിട്ട് നാലോടെ കരിവെള്ളൂര്‍ പെരളത്തുള്ള സമുദായ ശ്മശാനത്തിലാണ് പൊലിസിന്റെ ഫ്യൂണറല്‍ പരേഡിന് ശേഷം സംസ്‌കാരം നടന്നത്. ചിതകള്‍ക്ക് അഗ്‌നി പകര്‍ന്നത് രവീന്ദ്രന്റെ സഹോദരനും ലഫ്. കേണലുമായ സുരേന്ദ്രനാണ്. സി. കൃഷ്ണന്‍ എം.എല്‍.എ, ടി.ഐ മധുസൂദനന്‍, കെ.പി മധു, എ.പി നാരായണന്‍, പി. ജയരാജ്, വി.എന്‍ എരിപുരം, എം. നാരായണന്‍ കുട്ടി, സി.ഐ ധനഞ്ജയ ബാബു, സി.ഐ എം.പി ആസാദ്, എസ്.ഐ കെ.പി ഷൈന്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."