സുമനസുകളുടെ സഹായംതേടി സുകന്യ
കൊല്ലങ്കോട്: തലയോട്ടി തകര്‍ന്ന് ശസ്ത്രക്രിയകള്‍ക്ക് വകയില്ലാതെ യുവതി ദുരിതത്തില്‍. വടവന്നൂര്‍ പുത്തന്‍തറ നാല് സെന്റ് കോളനിയില്‍ കൂലിത്തൊഴിലാളികളായ രാമന്‍-കമലം ദമ്പതികളുടെ മകള്‍ സുകന്യ(22)യാണ് അപകടത്തെ തുടര്‍ന്നുണ്ടായ തലക്കുള്ള പരുക്ക് സുഖപ്പെടാതെ വേദനയില്‍ കഴിയുന്നത്. 2016ന് നവംബറിലാണ് വീടിനകത്ത് സുകന്യ കാലുതെറ്റി വീഴുന്നത്. വീഴ്ചയില്‍ തലക്ക് പരുക്കേറ്റ സുകന്യയെ വണ്ടിത്താവളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ തലക്കകത്ത് രക്തസ്രാവവും തലയോട്ടിക്ക് തകരാറും ഉണ്ടായതായി കണ്ടെത്തുകയും തലയോട്ടിയുടെ ബലക്കുറവുമൂലം വലതുവശത്തുള്ള തലയുടെ ഭാഗം മുറിച്ചുമാറ്റി സുകന്യയെ ഒന്നരമാസത്തോളം തീവ്രപരിചരണ വിഭാഗത്തിലാക്കുകയും ചെയ്തിരുന്നു. പിന്നീട് തലയോട്ടി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കുകയും തലക്കകത്തുള്ള മുറിവുകള്‍ ഉണങ്ങിയതിനുശേഷം മാറ്റാമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയുമായിരുന്നെന്ന് സുകന്യയുടെ അമ്മ കമലം പറഞ്ഞു.
ഇപ്പോള്‍ തലയോട്ടിമാറ്റിയ ഭാഗത്ത് ചര്‍മങ്ങള്‍മാത്രം തുന്നിച്ചേര്‍ത്ത് സുകന്യയെ വീട്ടിലെത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ആശുപത്രിയില്‍ സൂക്ഷിച്ച തലയോട്ടിയുടെ ഭാഗം തിരിച്ച് ബന്ധിപ്പിക്കുവാനുള്ള ശസ്ത്രക്രിയ നടത്തി വീട്ടില്‍ തിരിച്ചെത്തിയെങ്കിലും തലക്കകത്ത് പഴുപ്പുണ്ടായതിനാല്‍ മൂന്നാമതും ശസ്ത്രക്രിയ നടത്തി തലയോട്ടിയുടെ ഭാഗം വീണ്ടും എടുത്തുമാറ്റുകയണുണ്ടാത്. നിലവില്‍ തലയോട്ടിയുള്ളഭാഗത്ത് ചര്‍മങ്ങള്‍ തുന്നിച്ചേര്‍ത്ത നിലയിലാണ് സുകന്യ വീട്ടില്‍ കഴിയുന്നത്.
കൃത്രിമമായി തലയോട്ടിയുടെ ഭാഗം തലയില്‍വച്ചുപിടിപ്പിക്കണമെങ്കില്‍ രണ്ടുലക്ഷത്തിലധികം രൂപയുടെ ചിലവ് വരുമെന്നതിനാല്‍ ശസ്ത്രക്രിയകള്‍ക്കും തുടര്‍ന്നുള്ള ചിലവുകള്‍ക്കും പണം കണ്ടെത്തുവാന്‍ സാധിക്കാതെ ദുരിതത്തിലായിരിക്കുകയാണ് ഈ കുടുംബം. ഇതുവരെയുള്ള ചികിത്സകള്‍ക്കും മരുന്നുകള്‍ക്കുമായി അഞ്ച് ലക്ഷത്തോളം രൂപയാണ് ചിലവായത്. രണ്ടുമാസത്തിനകം നാലാമത്തെ ശസ്ത്രക്രിയ നടത്തണമെന്നാണ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇവര്‍ക്ക് സഹായമെത്തിക്കുന്നതിനായി അമ്മ വി. കമലത്തിന്റെ പേരില്‍ കൊല്ലങ്കോട് എസ്.ബി.ഐ ബ്രാഞ്ചില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 67351318845, ഐ.എഫ്.സി.0000184.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."