ലീഗ് നേതാക്കള്‍ക്ക് കന്നിവോട്ട്!
മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് തങ്ങളുടെ 'കന്നിവോട്ട് ' ചെയ്യാനുള്ള ഒരുക്കത്തിലാണ് മലപ്പുറത്തെ പ്രമുഖ ലീഗ് നേതാക്കള്‍. പതിറ്റാണ്ടുകള്‍ക്കു മുന്‍പേ രാഷ്ട്രീയരംഗത്തു സജീവമായ ലീഗിലെ പ്രമുഖ നേതാക്കള്‍ക്കൊന്നും ഇതുവരെ ലീഗിന്റെ അമരക്കാരനായ കുഞ്ഞാലിക്കുട്ടിക്കു വോട്ടു ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല.
1982ല്‍ മലപ്പുറം നിയമസഭാ മണ്ഡലത്തില്‍നിന്നു പാര്‍ലിമെന്ററി രാഷ്ട്രീയത്തിലേക്കു പ്രവേശിച്ച കുഞ്ഞാലിക്കുട്ടി, രണ്ടു തവണ മലപ്പുറത്തുനിന്നും രണ്ടുതവണ കുറ്റിപ്പുറത്തുനിന്നും രണ്ടു തവണ വേങ്ങരയില്നിന്നുമാണ് നിയമസഭയിലെത്തിയത്. ഇതിനാല്‍തന്നെ ഈ മൂന്നു നിയമസഭാ മണ്ഡലങ്ങളില്പ്പെട്ടവര്ക്കു മാത്രമാണ് കുഞ്ഞാലിക്കുട്ടിക്കു വോട്ടുചെയ്യാന്‍ അവസരം ലഭിച്ചത്.
മുസ്ലിംലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍.എ ഖാദര്‍, ലീഗ് എം.എല്‍.എമാരായ അഡ്വ. എം. ഉമ്മര്‍, ആബിദ് ഹുസൈന് തങ്ങള്‍, പി. അബ്ദുല്‍ ഹമീദ്, മഞ്ഞളാംകുഴി അലി, ടി.വി ഇബ്രാഹീം, സംസ്ഥാന സെക്രട്ടറി അഡ്വ. യു.എ ലത്വീഫ്, മുതിര്‍ന്ന ലീഗ് നേതാക്കളായ നാലകത്ത്സൂപ്പി, കെ. മുഹമ്മദുണ്ണി ഹാജി എന്നിവര്‍ക്കു പുറമേ മുസ്ലിം യൂത്ത്ലീഗ് സംസ്ഥാനധ്യക്ഷന്കൂടിയായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരെല്ലാം കുഞ്ഞാലിക്കുട്ടിക്കു കന്നിവോട്ട് ചെയ്യാനുള്ള ഒരുക്കത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."