ഷിബിന്‍ വധക്കേസ് വിധി: മുതലെടുപ്പ് രാഷ്ട്രീയത്തിന് ബി.ജെ.പി ശ്രമം
നാദാപുരം: തെളിവുകളുടെ അപര്യാപ്തതയെ തുടര്‍ന്നു പ്രതികളെ വിട്ടയച്ച ഷിബിന്‍ വധക്കേസിനെച്ചൊല്ലി ബി.ജെ.പി ഉയര്‍ത്തുന്ന വിവാദം സി.പി.എമ്മിനെ ലക്ഷ്യംവച്ച്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 17 പേരെയും വെറുതെവിട്ടു കഴിഞ്ഞ മാസമാണ് മാറാട് പ്രത്യേക വിചാരണ കോടതി വിധിപുറപ്പെടുവിച്ചത്. കേസന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ പ്രതിപ്പട്ടിക തയാറാക്കിയ പൊലിസ് നടപടിയെ കുറിച്ചു വ്യാപകപരാതിയാണ് ഉയര്‍ന്നിരുന്നത്.
കേസില്‍ 17 പ്രതികളാണുണ്ടായിരുന്നതെങ്കിലും 12 പേരും സംഭവവുമായി നേരിട്ടു ബന്ധമുള്ളവരായിരുന്നില്ല. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനുള്ള ദുര്‍ബലവകുപ്പുകള്‍ മാത്രമാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. പുറത്തു പ്രചരിച്ചതു പോലെ ഏകപക്ഷീയമായ ആക്രമണമായിരുന്നില്ല സ്ഥലത്തു നടന്നതെന്നു നാട്ടുകാര്‍ പറയുന്നു. പരിസരവാസികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ സി.പി.എം, കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റിരുന്നു.
ഈ സംഭവം കോടതി വിധിപ്രസ്താവിക്കുന്നതിനിടെ പരാമര്‍ശിക്കുകയും ചെയ്തു. അക്രമത്തില്‍ പരുക്കേറ്റ ഷിബിനെ സംഭവസ്ഥലത്തു നിന്ന് ഏറ്റവുമടുത്തുള്ള തലശ്ശേരി, വടകര എന്നിവിട ങ്ങളിലുള്ള മികച്ച ആശുപത്രികളില്‍ എത്തിക്കാതെ ചികിത്സാ സൗകര്യം തീരെ കുറഞ്ഞ അകലെയുള്ള കുറ്റ്യാടിയില്‍ എത്തിക്കുകയായിരുന്നു. ഇതെന്തിനായിരുന്നുവെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.
അതിനിടെ, ഷിബിന്‍ വധക്കേസിലെ കോടതി വിധി മുതലെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കേസിലെ വിധിയില്‍ ജനങ്ങള്‍ക്കിടയിലുണ്ടായ അസംതൃപ്തി മുതലെടുത്ത് മേഖലയില്‍ വര്‍ഗീയ രാഷ്ട്രീയം പയറ്റി സാഹചര്യം തങ്ങള്‍ക്കനുകൂലമാക്കാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്.
സംഭവം മേഖലയില്‍ കൂടുതല്‍ രാഷ്ട്രീയ വിവാദങ്ങളിലേക്കു നീങ്ങുമെന്ന് ബി.ജെ.പിയും സി.പി.എമ്മും മേഖലയില്‍ നടത്തുന്ന നീക്കങ്ങള്‍ സൂചിപ്പിക്കുന്നു. വിഷയമുയര്‍ത്തി ഇന്നലെ തൂണേരിയിലും പുറമേരിയിലും ഇരു പാര്‍ട്ടികളുടെയും പ്രത്യേക പ്രതിഷേധ കൂട്ടായ്മകള്‍ നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."