പൊലിസ് ഇടപെട്ടിരുന്നെങ്കില്‍ കെവിന്‍ ജീവിച്ചിരുന്നേനെ...
കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ പൊലിസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ച. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടുവര്‍ഷത്തിനിടെ പൊലിസിന്റെ കൃത്യവിലോപത്തിന്റെ നടുക്കുന്ന ഉദാഹരണമായി മാറുകയാണ് കെവിനെന്ന ദലിത് യുവാവിന്റെ അരുംകൊലപാതകം.
കോട്ടയം നട്ടാശ്ശേരി എസ്.എച്ച് മൗണ്ട് ചവിട്ടവരി പ്ലാത്തറ രാജുവിന്റെ മകന്‍ കെവിനെ(24) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ തുടക്കം മുതല്‍ തന്നെ പൊലിസ് മന:പൂര്‍വമെന്നുപോലും കരുതാവുന്ന തരത്തില്‍ വീഴ്ച വരുത്തിയെന്നാണ് വ്യക്തമാകുന്നത്. വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയ ഉടനെ നാട്ടുകാരടക്കം വിളിച്ചറിയിച്ചിട്ടും പൊലിസ് പ്രതികരിച്ചില്ല. തട്ടിക്കൊണ്ടുപോയ വാഹനങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ദ്രുതഗതിയില്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ യുവാവ് കൊല്ലപ്പെടുന്നത് തന്നെ ഒഴിവാക്കാമായിരുന്നു. ഒത്തുതീര്‍പ്പിനായി ദമ്പതികളെയും ബന്ധുക്കളെയും വിളിച്ചുവരുത്തിയപ്പോള്‍ ഗാന്ധിനഗര്‍ പൊലിസ് സ്റ്റേഷന്‍ വളപ്പില്‍വച്ച് യുവതിയെ ബന്ധുക്കള്‍ മര്‍ദിച്ച സംഭവമുണ്ടായിട്ടും പൊലിസ് ഇടപെട്ടില്ലെന്ന ആരോപണവുമുണ്ട്.
കഴിഞ്ഞ 24നാണ് സംഭവങ്ങളുടെ തുടക്കം. അന്ന് രാത്രി ഏഴോടെയാണ് കൊല്ലം തെന്മല സ്വദേശിനിയായ നീനു(21)വിനെ വീട്ടില്‍നിന്നു കാണാതായത്. താന്‍ പ്രണയിക്കുന്ന കെവിനൊപ്പം പോകുമെന്ന വിവരം പെണ്‍കുട്ടി നേരത്തെ വീട്ടില്‍ അറിയിക്കുകയും ചെയ്തിരുന്നു. 25ന് കോട്ടയത്തെത്തിയ കമിതാക്കള്‍ കോട്ടയത്തെ നോട്ടറിയായ അഭിഭാഷകന്റെ സഹായത്തോടെ വിവാഹം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തു. പിന്നീട് ഗാന്ധിനഗര്‍ സ്റ്റേഷനില്‍ എത്തിയ യുവതിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം യുവാവിനേയും, യുവതിയേയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത് മുതലാണ് പൊലിസ് നടപടികളിലെ വീഴ്ചകളുടെ തുടക്കം.
വിവാഹം രജിസ്റ്റര്‍ ചെയ്ത രേഖകള്‍ കാണിച്ചുവെങ്കിലും യുവതിയോട് പിതാവിനൊപ്പം പോകുവാന്‍ പൊലിസ് ആവശ്യപ്പെട്ടുവെന്ന് കെവിന്റെ ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ യുവതി കെവിന്റെ ബന്ധുക്കള്‍ക്കൊപ്പം പോകുകയായിരുന്നു. പിന്നീട് യുവതിയെ അമലഗിരിയിലുള്ള ഒരു ഹോസ്റ്റലില്‍ താമസിപ്പിച്ച ശേഷം യുവാവും ബന്ധുക്കളും മടങ്ങി. തുടര്‍ന്ന് കെവിന്‍ ശനിയാഴ്ച തന്റെ പിതാവിന്റെ സഹോദരിയുടെ മകനായ മാന്നാനം സ്വദേശി അനീഷ് സെബാസ്റ്റ്യന്റെ വീട്ടിലേയ്ക്ക് പോയി. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ അനീഷും, കെവിനും മാത്രമുണ്ടായിരുന്ന അനീഷിന്റെ വീടാക്രമിച്ചാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. രാവിലെ പുനലൂര്‍ ഭാഗത്തുവച്ച് അനീഷിനെ ഇറക്കിവിട്ടു.
ഉച്ചക്ക് 12-ഓടെ പരാതി നല്‍കിയെങ്കിലും എ.എസ്.ഐ സ്വീകരിക്കാന്‍ തയാറായില്ല. പിന്നീട് അനീഷ് കോട്ടയത്ത് മടങ്ങിയെത്തിയ ശേഷമാണ് നീനു ഗാന്ധിനഗര്‍ പൊലിസ് സ്റ്റേഷനിലെത്തി പരാതി ഉന്നയിക്കുന്നത്. എന്നാല്‍ വൈകിട്ട് നാലായിട്ടും കെവിനെ കണ്ടെത്താനുള്ള അന്വേഷണത്തിനോ തട്ടിക്കൊണ്ടുപോയവരെ പിടികൂടാനോ പൊലിസിന് കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടെ പരിപാടിയുണ്ടെന്നും അതിനുശേഷം തട്ടിക്കൊണ്ടു പോകലിനെപ്പറ്റി അന്വേഷിക്കാമെന്നുമായിരുന്നു എസ്.ഐയുടെ മറുപടി. ഇതോടെ നീനു പൊലിസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പായി. വൈകുന്നേരവും നീനു സ്റ്റേഷനില്‍ പ്രതിഷേധം തുടര്‍ന്നതോടെ യുവതിയെ പൊലിസ് ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റാണ് നീനുവിനെ ഭര്‍ത്താവിന്റെ വീട്ടുകാരോടൊപ്പം അയക്കാന്‍ നിര്‍ദേശിച്ചത്.
സംഭവങ്ങള്‍ ജില്ലാ പൊലിസ് മേധാവി വി.എം മുഹമ്മദ് റഫീഖ് അറിയുന്നത് ചാനലുകളില്‍ വാര്‍ത്ത വന്ന ശേഷമാണ്. വിവരങ്ങള്‍ അദ്ദേഹത്തിലെത്തിക്കുന്നതില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉള്‍പ്പെടെയുള്ള രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് പിഴവ് പറ്റി. ജില്ലാ പൊലിസ് മേധാവി നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തട്ടിക്കൊണ്ടു പോകലിന് ഉപയോഗിച്ച ഒരു വാഹനമെങ്കിലും കണ്ടെത്താന്‍ പൊലിസിനായത്. നീനുവിന്റെ പരാതിയിന്മേല്‍ യഥാസമയം നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ സൈബര്‍ സെല്ലുള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ സഹായത്തോടെ പൊലിസിന് കെവിനെ കണ്ടെത്താനാകുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."