മോചനംകാത്ത് കോഴിക്കോട്ടെ ന്യൂനപക്ഷ യുവജനപരിശീലന കേന്ദ്രം
കോഴിക്കോട്: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കു തൊഴില്‍പരീക്ഷാ പരിശീലനം നല്‍കുന്നതിനായി ആരംഭിച്ച ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം അസൗകര്യങ്ങള്‍ക്കു നടുവില്‍. പുതിയറയില്‍ പഴയ താലൂക്ക് ഓഫിസിനോട് ചേര്‍ന്ന് ഹജ്ജ് ഹൗസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. മദ്‌റസാധ്യാപക ക്ഷേമനിധി ഓഫിസും ഈ കെട്ടിടത്തിലാണ്.
സമീപത്തുള്ള കസബ പൊലിസ് സ്റ്റേഷന്‍ മുറ്റത്തെ സ്ഥലപരിമിതിമൂലം പൊലിസ് പിടികൂടുന്ന വാഹനങ്ങള്‍ കോച്ചിങ് സെന്റര്‍ കെട്ടിടത്തിനു മുന്നിലാണ് നിര്‍ത്തിയിടുന്നത്. അഞ്ചു ജീവനക്കാരും 200 ഉദ്യോഗാര്‍ഥികളുമുള്ള പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യത്തിനു ടോയ്‌ലറ്റ് സൗകര്യംപോലുമില്ല. ഇന്റര്‍നെറ്റ് സൗകര്യമോ മെച്ചപ്പെട്ട റഫറന്‍സ് ലൈബ്രറി സംവിധാനങ്ങളോ ഇവിടെയില്ല. വിരലിലെണ്ണാവുന്ന തൊഴില്‍ പ്രസിദ്ധീകരണങ്ങളേ ഉള്ളൂ. പരിമിതികള്‍ ഏറെയാണെങ്കിലും മെച്ചപ്പട്ട പരിശീലനം ലഭിക്കുന്നതിനാല്‍ ഇവിടെ ഉദ്യോഗാര്‍ഥികളുടെ എണ്ണം വര്‍ധിക്കുകയുമാണ്.
സര്‍ക്കാര്‍ തസ്തികകളില്‍ ന്യൂനപക്ഷ സമുദായത്തിന്റെ പിന്നോക്കാവസ്ഥ ചൂണ്ടിക്കാട്ടിയുള്ള രജീന്ദര്‍ സച്ചാര്‍ കമ്മിഷന്റെ ചുവടുപിടിച്ചു തയാറാക്കിയ പാലോളി കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണ് പരിശീലന കേന്ദ്രം ആരംഭിച്ചത്. മുന്‍ ഇടതുസര്‍ക്കാരിന്റെ കാലത്ത് മന്ത്രി പാലോളി മുഹമ്മദ്കുട്ടിയാണ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്. എന്നാല്‍ പത്തുവര്‍ഷം പിന്നിട്ടിട്ടും കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ പുരോഗതിയുണ്ടായില്ല. പഴയ കെട്ടിടത്തിലെ ഉപകരണങ്ങളെല്ലാം കാലഹരണപ്പെട്ടതാണ്. കെട്ടിടത്തില്‍ കാര്യമായ അറ്റക്കുറ്റപ്പണികള്‍ നടത്താറുമില്ല.
എന്നാല്‍പോലും ഇവിടെനിന്നു പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ തൊഴില്‍ പരീക്ഷകളില്‍ മികച്ച റാങ്കുകളാണ് നേടുന്നത്. നേരത്തെ പഠനം പൂര്‍ത്തീകരിച്ചവര്‍ റഫറന്‍സിനായി സെന്ററില്‍ എത്തുന്നുണ്ട്. നിലവില്‍ 60 പേരുള്ള രണ്ടു ബാച്ചുകളിലാണ് പഠനം. ഇതില്‍ 20 ശതമാനം സീറ്റുകള്‍ ഇതര പിന്നോക്കവിഭാഗങ്ങള്‍ക്കായി നീക്കിവച്ചതാണ്.
ഉദ്യോഗാര്‍ഥികളുടെ ബാഹുല്യമുണ്ടെങ്കിലും മതിയായ സൗകര്യമില്ലാത്തതിനാല്‍ കൂടുതല്‍പേരെ പ്രവേശിക്കാനാകുന്നില്ല. റഗുലര്‍ ബാച്ചിലേക്ക് 180 പേരും അവധി ബാച്ചിലേക്ക് 350 പേരും അപേക്ഷിച്ചിരുന്നു. എഴുത്തുപരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലാണ് പ്രവേശനം. പി.എസ്.സിയുടെ ആറു മാസത്തെ ഫൗണ്ടേഷന്‍ കോഴ്‌സാണ് ഇവിടെനിന്നു നല്‍കുന്നത്. യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് ഗ്രേഡ്, സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്കും എല്‍.ഡി.സി പരീക്ഷകള്‍ക്കും പ്രത്യേക ബാച്ചുകള്‍ നടത്തുന്നുണ്ട്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പരിശീലന കേന്ദ്രത്തിന്റെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നീക്കമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും ഉദ്യോഗാര്‍ഥികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."