മഴക്കാല മുന്നൊരുക്കം: ഊര്‍ജിത നടപടികള്‍ക്ക് നിര്‍ദേശം
കൊച്ചി: മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട ജില്ലാതല വകുപ്പു മേധാവികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. കലക്ടറേറ്റില്‍ ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രം 24 മണിക്കൂറും പ്രവര്‍ത്തിക്കും. കേന്ദ്രത്തിലെ ഫോണ്‍, വാട്ട്‌സ്ആപ്പ്, ഓണ്‍ലൈന്‍ സൗകര്യം എന്നിവ ക്രമീകരിക്കുന്നതിനു പുറമെ 24 മണിക്കൂറും പൊലിസ്, ഫയര്‍ഫോഴ്‌സ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമായിരിക്കും. അടിയന്തരഘട്ടങ്ങളില്‍ വിവിധ വകുപ്പുകള്‍ നല്‍കുന്ന ചുമതല ജില്ല അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തിനായിരിക്കും. ടോള്‍ ഫ്രീ നമ്പര്‍ 1073, ഫോണ്‍ 0484 2423513, 7902200300, 7902200400
വഴിയരികിലും കടത്തിണ്ണകളിലും ബസ് സ്റ്റാന്‍ഡിലും അന്തിയുറങ്ങുന്നവരെ സംരക്ഷിക്കുന്നതിനും അവര്‍ക്ക് രാത്രികാലങ്ങളില്‍ ഉറങ്ങുവാനും അത്താഴം നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിന് സാമൂഹികസുരക്ഷ വകുപ്പിനെ ചുമതലപ്പെടുത്തി. കുളങ്ങള്‍, തോടുകള്‍, മറ്റു ജലാശയങ്ങള്‍, കിണറുകള്‍ എന്നിവ ശുദ്ധീകരിച്ച്് പരമാവധി ജലസംഭരണം ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ദാരിദ്ര്യ ലഘൂകരണ യൂനിറ്റ്, മൈനര്‍ ഇറിഗേഷന്‍, ഹരിത കേരളം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
സ്വകാര്യഭൂമിയിലെ അപകടകരമായ മരങ്ങളും ചില്ലകളും കണ്ടെത്തി സ്വയം മുറിച്ചു മാറ്റണമെന്ന് ദുരന്തനിവാരണവുകപ്പുപ്രകാരം ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. വകുപ്പുകളുടെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും കീഴിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചുമാറ്റാന്‍ നിര്‍ദേശം നല്‍കി.
അടിയന്തരഘട്ടം നേരിടാന്‍ മുന്‍കരുതല്‍
അടിയന്തരഘട്ടങ്ങളില്‍ ആവശ്യമായ വണ്ടികള്‍, ക്രെയിനുകള്‍, മണ്ണുമാന്തികള്‍, ദുരിതാശ്വാസത്തിന് ആവശ്യമായ മറ്റ് വസ്തുക്കള്‍ എന്നിവ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
കടല്‍ഭിത്തിയുടെ കേടുപാടുകള്‍ അടിയന്തരമായി ഇറിഗേഷന്‍ വകുപ്പ് പരിശോധിക്കേണ്ടതും കടല്‍ഭിത്തിക്ക് ബലം കുറഞ്ഞ സ്ഥലങ്ങളില്‍ മണല്‍ ചാക്കുകള്‍ നിറച്ച് കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
മടവീഴ്ച മൂലമുള്ള കൃഷിനാശം കുറയ്ക്കുന്നതിന് ആവശ്യമായ മണല്‍ച്ചാക്കുകള്‍, അതിശക്തമായ പമ്പ് സെറ്റുകള്‍ എന്നിവയ്ക്ക് റെയ്റ്റ് കോണ്‍ട്രാക്റ്റ എടുക്കുന്നതിന് കൃഷി ഓഫിസറെ ചുമതലപ്പെടുത്തി. ക്യാംപുകളില്‍ ആവശ്യമായ , ഭക്ഷ്യധാന്യങ്ങള്‍, പച്ചക്കറി, മത്സ്യം, മാംസം, എണ്ണ, മണ്ണെണ്ണ, പാചകവാതകം എന്നിവ വിതരണം ചെയ്യുന്നതിനാവശ്യമായ തുക നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ,് ഹോര്‍ട്ടികോര്‍പ്പ,് മത്സ്യഫെഡ് എന്നീ സ്ഥാപനങ്ങളുമായി ആലോചിച്ച് നടപ്പിലാക്കാന്‍ തഹസില്‍ദര്‍മാരെ ചുമതലപ്പെടുത്തി.
സുരക്ഷയ്ക്കായി സൂക്ഷ്മതയോടെ
രാത്രി പത്തിനും രാവിലെ ആറിനും ഇടയില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുപോകുന്ന ടാങ്കര്‍ ലോറികള്‍ തടഞ്ഞു ഡ്രൈവര്‍മാര്‍ക്ക് ചായ നല്‍കുന്നതിലും നിര്‍ബന്ധിത വിശ്രമം ഏര്‍പ്പെടുത്തുന്നതിനുമായി ആര്‍.ടി.ഒയെ ചുമതലപ്പെടുത്തി. സ്‌കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസവകുപ്പ് ഡപ്യൂട്ടിഡയറക്ടറെ ചുമതലപ്പെടുത്തി.
ജില്ലയിലെ എല്ലാ ആശുപത്രി കെട്ടിടങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങളും നല്‍കി. ജലസംരക്ഷണ പ്രവര്‍ത്തനം, പുഴ ക്കടവിലും, ബീച്ചുകളിലും തോടുകളിലും അപകടകരമായ കയമുള്ള പ്രദേശങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതല്‍, മഴക്കാല പകര്‍ച്ചവ്യാധി പ്രതിരോധം എന്നിവ സംബന്ധിച്ച്് സ്‌കൂളുകളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."