തൊഴുത്തല്ല, അങ്കണവാടി തന്നെ.!
ബോവിക്കാനം: തൊഴുത്തിനെ നാണിപ്പിക്കുംവിധത്തിലുള്ള മുളിയാര്‍ പഞ്ചായത്ത് നുസ്‌റത്ത് നഗറിലെ അങ്കണവാടി രക്ഷിതാക്കളില്‍ ആശങ്കയിലാഴ്ത്തുന്നു. ചെറിയൊരു കാറ്റോ മഴയോ വന്നാല്‍ എത് നിമിഷവും തകര്‍ന്ന് വീഴാന്‍ പാകത്തിലുള്ള ഷെഡ്ഡിലാണ് കുരുന്നുകള്‍ അര ദിവസം കഴിയുന്നത്. വേനല്‍ക്കാലത്ത് വിയര്‍ത്ത് കുളിച്ചും മഴക്കാലമായാല്‍ വെള്ളക്കെട്ടിലും കഴിയാനാണ് പത്തോളം കുരുന്നുകളുടെ വിധി.
15വര്‍ഷം മുന്‍പ് ഇവിടത്തെ മദ്‌റസയില്‍ തുടങ്ങിയ അങ്കണവാടി ഇപ്പോള്‍ ഓട് പാകിയ താല്‍ക്കാലിക ഷെഡ്ഡിലാണ് പ്രവര്‍ത്തിക്കുന്നത്. ഷെഡ്ഡിന്റെ മുന്‍വശത്തെ ഷീറ്റുകളെല്ലാം കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ പറന്നുപോയി. ഷെഡ്ഡിന്റെ ചുമരുകള്‍ പൂര്‍ണമായും കെട്ടിമറക്കാത്തതിനാല്‍ ശക്തമായ കാറ്റും മഴയും വന്നാല്‍ അകത്ത് മുഴുവന്‍ വെള്ളം കയറും. ഇതുമൂലം കുട്ടികള്‍ക്ക് ഇരിക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയാണ്. ഭക്ഷണം പാകം ചെയ്യുന്നതും കുട്ടികള്‍ വിശ്രമിക്കുന്നതുമെല്ലാം ഈ ഒറ്റമുറി ഷെഡ്ഡിലാണ്. സുരക്ഷിതമായ വാതില്‍ ഇല്ലാത്തത് കാരണം ഇഴജന്തുകളും അകത്ത് കയറുന്നതിനാല്‍ ഭീതിയോടെയാണ് ഇവിടെ കുരുന്നുകള്‍ കഴിയുന്നത്. കൂടാതെ അങ്കണവാടിയില്‍ വൈദ്യുതി ലഭിക്കാത്തത് കുട്ടികള്‍ക്ക് അങ്കണവാടിയിലെ ജീവിതം ദുരിതമാണ് നല്‍കുന്നത്. അങ്കണവാടിയുടെ ശോചനീയാവസ്ഥ പലതവണ ജനപ്രതിനിധികളെയും അധികൃതരുടെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പരാതി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."