പാളത്തില്‍ മരം വീണു; ട്രെയിന്‍ ഗതാഗതം താറുമാറായി
തിരുവനന്തപുരം: പാളത്തില്‍ മരം വീണതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താറുമാറായി.
തിങ്കളാഴ്ച രാത്രി കൊല്ലം ജില്ലയിലെ മയ്യനാട് റെയില്‍വേ സ്റ്റേഷനു സമീപവും ഇന്നലെ രാവിലെ ഏഴരയോടെ മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടിക്ക് സമീപവുമാണ് മരം പാളത്തില്‍ വീണത്. ഇതിനേതുടര്‍ന്ന് ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടിയത്. ചില ട്രെയിനുകള്‍ ആറര മണിക്കൂര്‍ വരെ വൈകി.
തിങ്കളാഴ്ച രാത്രി 10.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന അമൃത രാജ്യറാണി എക്‌സ്പ്രസ് മൂന്നര മണിക്കൂര്‍ വൈകി പുലര്‍ച്ചെ രണ്ടിനാണ് യാത്ര തുടങ്ങിയത്. ഇന്നലെ വൈകിട്ട് 3.45ന് മധുരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിക്കേണ്ടിയിരുന്ന അമൃത എക്‌സ്പ്രസ് (16344) അഞ്ചര മണിക്കൂര്‍ വൈകി രാത്രി 9.15നും തിങ്കളാഴ്ച രാത്രി 11.20ന് തിരുവനന്തപുരത്ത് എത്തിയ ചെന്നൈ എഗ്‌മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് പുലര്‍ച്ചെ രണ്ടേകാലിനുമാണ് യാത്ര തുടര്‍ന്നത്. തുടര്‍ന്ന് ഏറനാട് എക്‌സ്പ്രസ്, വേണാട് എക്‌സ്പ്രസ്, പരശുറാം എക്‌സ്പ്രസ്, ശബരി എക്‌സ്പ്രസ്, നേത്രാവതി എക്‌സ്പ്രസ് തുടങ്ങിയവയും മണിക്കൂറുകള്‍ വൈകിയാണ് തിരുവനന്തപുരത്തുനിന്ന് യാത്ര തുടങ്ങിയത്.
ഇന്നലെ വൈകിട്ട് 4.45ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചുവേളി ബംഗളൂരു എക്‌സ്പ്രസ് (നമ്പര്‍ 16316) വൈകിട്ട് ആറിനാണ് യാത്ര തുടങ്ങിയത്. വൈകിട്ട് 5.45ന് യാത്ര തുടങ്ങേണ്ടിയിരുന്ന തിരുവനന്തപുരം എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ് ഒരു മണിക്കൂറും കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് (12075) മൂന്നു മണിക്കൂറും വൈകിയാണ് യാത്ര തുടങ്ങിയത്.
മാവേലി എക്‌സ്പ്രസ്, മലബാര്‍ എക്‌സ്പ്രസ്, കണ്ണൂര്‍ എക്‌സ്പ്രസ് എന്നിവ ആറുമണിക്കൂര്‍ വൈകി. പരശുറാം എക്‌സ്പ്രസ് രണ്ടു മണിക്കൂറും എറനാട് എക്‌സ്പ്രസ് നാലു മണിക്കൂറും വൈകി. മംഗളൂരു ചെന്നൈ എഗ്‌മോര്‍ എക്‌സ്പ്രസ്, എറണാകുളം പുനെ എക്‌സ്പ്രസ് ഒരു മണിക്കൂറും തൃശൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ 50 മിനിറ്റും വൈകി. ഇന്നലെ ഉച്ചയ്ക്ക് 1.15ന് മംഗളൂരുവില്‍ നിന്നു പുറപ്പെടേണ്ട ചെന്നൈ മെയില്‍ വൈകിട്ട് അഞ്ചിനും 1.15 പുറപ്പെടേണ്ട ലോകമാന്യതിലക് എക്‌സ്പ്രസ് രാത്രി ഏഴിനും രാത്രി 10.20ന് പുറപ്പെടേണ്ട ചെന്നൈ വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ് രാത്രി 12.15നുമാണ് സര്‍വിസ് ആരംഭിച്ചത്.
തടസങ്ങള്‍ നീക്കി പാളങ്ങള്‍ യാത്രായോഗ്യമാക്കിയെങ്കിലും ട്രെയിന്‍ സമയം പൂര്‍വസ്ഥിതിയിലാകാന്‍ രണ്ടുദിവസമെങ്കിലും എടുക്കുമെന്ന് റെയില്‍വേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."