കേന്ദ്ര- സംസ്ഥാന ബന്ധം മികവുറ്റതാക്കാനുതകുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കും: ധനകാര്യ കമ്മിഷന്‍
തിരുവനന്തപുരം: സംഘര്‍ഷഭരിതമായ സാഹചര്യം ഒഴിവാക്കി, കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ മികച്ചതാക്കുന്നതിന് ഉതകുന്ന റിപ്പോര്‍ട്ടായിരിക്കും സമര്‍പ്പിക്കുകയെന്ന് 15ാം ധനകാര്യ കമ്മിഷന്‍ ചെയര്‍മാന്‍ എന്‍.കെ. സിങ്. വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുളള പരിഗണനാ വിഷയങ്ങള്‍ അതേപടി സ്വീകരിക്കാന്‍ കമ്മിഷന് ബാധ്യതയില്ല. പരിഗണനാവിഷയങ്ങള്‍ അഭിസംബോധന ചെയ്യണം. എന്നാല്‍ അത് അതേപടി പാലിക്കേണ്ടതില്ല. കമ്മിഷന്റെ ഉത്തരവാദിത്തം ഭരണഘടനയോട് മാത്രമാണ്.
ധനകാര്യകമ്മിഷന് മുന്‍പില്‍ കേരളം സമര്‍പ്പിച്ചത് ഏറ്റവും മികച്ചതും നല്ല രീതിയിലുള്ളതുമായ നിവേദനമാണ്. കേരളത്തിന്റെ ആശങ്കകള്‍ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരിഗണനാവിഷയങ്ങള്‍ നിശ്ചയിച്ചത് കമ്മിഷനല്ല, അത് കമ്മിഷന് നല്‍കുകയായിരുന്നു. അതില്‍ എല്ലാം സ്വീകരിക്കേണ്ടതില്ല. ജനസംഖ്യയുമായി ബന്ധപ്പെട്ട കാര്യത്തില്‍ കമ്മിഷന്‍ ഒരു തീരുമാനവും എടുത്തിട്ടില്ല.
ജനസംഖ്യ ഒരു മാനദണ്ഡമായി പരിഗണിക്കുകയാണെങ്കില്‍ 2011ലേത് കണക്കാക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്. അതിനോടൊപ്പം തന്നെ അങ്ങനെ പരിഗണിക്കുമ്പോള്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രതിഫലവും ഇന്‍സെന്റീവും നല്‍കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ കമ്മിഷന്റെ പരിഗണനാവിഷയങ്ങളിലും 1971ലെ ജനസംഖ്യ പരിഗണിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ 1971ഉം 2011ഉം പരിഗണിച്ചു. രണ്ടിനും പ്രത്യേക പ്രാമുഖ്യവും നല്‍കി. ഓരോ സംസ്ഥാനങ്ങളും സ്വന്തമാക്കിയിട്ടുള്ള നേട്ടങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രതിഫലവും ഇന്‍സെന്റീവും അവര്‍ക്ക് നല്‍കും. റവന്യൂകമ്മി ഗ്രാന്റ് എന്നത് ഭരണഘടനാബാധ്യതയാണ്. അതുകൊണ്ടുതന്നെ അതിനെ ഒതുക്കിക്കളയാന്‍ ആഗ്രഹിക്കുന്നില്ല.
ജനകീയപദ്ധതികള്‍ എന്താണെന്നതിന് കമ്മിഷന്‍ മാനദണ്ഡം നിശ്ചയിക്കും. കേരളം തങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും വളരെ നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ആ ആശങ്കകള്‍ പരിഗണിക്കും. ഏറ്റവും മികച്ചതും സമഗ്രമായതുമായ നിവേദനമാണ് കേരളം സമര്‍പ്പിച്ചത്. അതിന് മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും അദ്ദേഹത്തിന്റെ ടീമിനെയും അഭിനന്ദിക്കുന്നു.
മാനവ വികസന സൂചികകളിലെല്ലാം നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളം. ഇവിടുത്തെ ഈ സൂചികകള്‍ പലതും വികസിതരാജ്യങ്ങള്‍ക്ക് തുല്യമാണ്. അതേസമയം കേരളം പല വെല്ലുവിളികളും നേരിടുന്നുണ്ട്. കേരളത്തിന്റെ വര്‍ധിച്ചുവരുന്ന വായ്പ ആശങ്കക്ക് വഴിവയ്ക്കുന്നതാണ്.
അതോടൊപ്പം ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്ക് റവന്യൂചെലവിന്റെ പ്രധാനഭാഗം ചെലവഴിക്കേണ്ടിവരുന്നത് ആശങ്കാജനകമണ്. ഇതുമൂലം റവന്യൂകമ്മി വര്‍ധിച്ചുവരികയാണ്. അതേസമയം ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ തികച്ചും ബോധവാന്മാരുമാണ്.
സമീപഭാവിയില്‍ തന്നെ റവന്യൂകമ്മി മൂന്നു ശതമാനത്തില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പൊതുമേഖലാസ്ഥാപനങ്ങള്‍, പ്രത്യേകിച്ച് കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി എന്നിവക്ക് വേണ്ടി സര്‍ക്കാര്‍ ബാധ്യതവഹിക്കേണ്ടിവരുന്നത് പ്രശ്‌നം സങ്കീര്‍ണമാക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പൊതുവേ മെച്ചമാക്കണം. ജീവനക്കാരുടെ എണ്ണം യുക്തിസഹമാക്കണം.
ഏറ്റവും കൂടുതല്‍ മാനവവികസനമുള്ള സംസ്ഥാനമാണിത്. അതുപോലെ പ്രകൃതിരമണീയവുമാണ്. ഇവ രണ്ടും സംസ്ഥാനത്തിന്റെ പുരോഗതിക്ക് വേണ്ടി ഉപയോഗിക്കാമെന്നും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. അംഗങ്ങളായ ശശികാന്ത് എ ദാസ്, ഡോ.അനൂപ് സിങ്, ഡോ.ഉമേഷ് ചന്ദ്, അരവിന്ദ് മോത് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
രാഷ്ട്രീയ പാര്‍ട്ടികളുടെയും വ്യാവസായിക സംഘടനകളുടെയും പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചക്കു ശേഷമായിരുന്നു കമ്മിഷന്റെ വാര്‍ത്താ സമ്മേളനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."