പൊലിസിന്റെ പ്രതിച്ഛായ കളങ്കപ്പെട്ടാല്‍ സര്‍ക്കാരിനെയും ബാധിക്കും: ഗവര്‍ണര്‍
തൃശൂര്‍: പൊലിസിന്റെ പ്രതിച്ഛായ കളങ്കപ്പെട്ടാല്‍ അത് സര്‍ക്കാരിനെയും ബാധിക്കുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. കൃത്യനിര്വഹണത്തിലുണ്ടാകുന്ന ചെറിയ വീഴ്ച പോലും മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും നിമിഷങ്ങള്‍ കൊണ്ട് ലോകം മുഴുവനെത്തും.
അതിനാല്‍ ഓരോ പ്രവര്‍ത്തനത്തിലും പൊലിസിന് ജാഗ്രതയും ശ്രദ്ധയും വേണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ രാമവര്‍മപുരത്ത് പൊലിസ് അക്കാദമിയുടെ പതിനഞ്ചാമത് വാര്‍ഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനവും അക്കാദമിക് ദിന പ്രഭാഷണവും നടത്തുകയായിരുന്നു അദ്ദേഹം.
കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലും അന്വേഷണത്തിലും ഉണ്ടാകുന്ന കാലതാമസം നിയമവാഴ്ചയുടെ അന്ത:സത്തയെ ഇല്ലാതാക്കും. കേസന്വേഷണം പൂര്‍ത്തിയാകുന്നതോടെ പൊലിസിന്റെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. നിയമം നടപ്പിലാക്കല്‍ മാത്രമല്ല പൊലിസിന്റെ ചുമതല. സാമൂഹികജീവിതത്തിന്റെ വിവിധ മേഖലകളില്‍ പൊലിസിന്റെ ഇടപെടലുകള്‍ ആവശ്യമാണ്. മനുഷ്യാവകാശ സംരക്ഷണം, രാഷട്രീയ സാമ്പത്തികാവകാശങ്ങളുടെ സംരക്ഷണം, ദുര്‍ബല വിഭാഗങ്ങളുടെ സംരക്ഷണം തുടങ്ങിയവയും പൊലിസിന്റെ ഉത്തരവാദിത്തമാകണം. സെന്‍സിറ്റീവായ ജോലിയാണ് പൊലിസിന്റേത്.
പൊലിസുകാര്‍ തങ്ങളുടെ അവകാശങ്ങള്‍ ഉത്തരവാദിത്തബോധത്തോടെ വിനിയോഗിക്കണം. ഇത് ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണ്. ജനങ്ങളുമായുള്ള സമ്പര്‍ക്കം വര്‍ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സൈബര്‍, പോക്സോ, സ്ത്രീകള്‍ക്കും കുട്ടികള്ക്കുമെക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊലിസ് കാര്യക്ഷമമായ നടപടി കൈക്കൊള്ളണം. ബുദ്ധിപരമായ പൊലിസ് സേവനമാണ് ജനാധിപത്യത്തിന് ആവശ്യമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."