കാലത്തേ എത്തി, കാലവര്‍ഷം..
കോഴിക്കോട്: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇന്നലെ എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. പതിവില്‍ നിന്ന് മൂന്നുദിവസം മുന്‍പാണ് ഇത്തവണ നാലു മാസം നീണ്ടു നില്‍ക്കുന്ന കാലവര്‍ഷം എത്തിയത്.
തിങ്കളാഴ്ച തന്നെ കാലവര്‍ഷം സംസ്ഥാനത്ത് എത്തിയതായി സ്വകാര്യ കാലാവസ്ഥാ സ്ഥാപനം സ്‌കൈമെറ്റ് സ്ഥിരീകരിച്ചിരുന്നു. കാലവര്‍ഷം ഇത്തവണ മെയ് 28ന് കേരളത്തിലെത്തുമെന്ന് സ്‌കൈമെറ്റും 29ന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പും (ഐ.എം.ഡി) നേരത്തെ പ്രവചിച്ചിരുന്നു.
കഴിഞ്ഞവര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി ഒറ്റ ദിവസം തന്നെ കേരളം മുഴുവനും കാലവര്‍ഷം വ്യാപിച്ചുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. കഴിഞ്ഞ വര്‍ഷം തെക്കന്‍ കേരളത്തിലെത്തിയ കാലവര്‍ഷം പിറ്റേന്നാണ് വടക്കന്‍ കേരളത്തിലെത്തിയത്.
കേരളത്തില്‍ കണ്ണൂര്‍ വരെയുള്ള പ്രദേശങ്ങളിലും തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, കൊടൈക്കനാല്‍, തൂത്തുക്കുടി എന്നിവിടങ്ങളിലും ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍ വഴി മ്യാന്‍മറിലും കാലവര്‍ഷം എത്തിയതായും ഇന്നലെ ഐ.എം.ഡി ഇറക്കിയ വാര്‍ത്താക്കുറിപ്പിലുണ്ട്. കാസര്‍കോട് ജില്ലയിലും തീര, തെക്കന്‍ കര്‍ണാടകയിലും ഇന്നു മുതല്‍ മഴ സജീവമാകും. അറബിക്കടലില്‍ ന്യൂനമര്‍ദം ശക്തിപ്പെട്ടതാണ് കേരളത്തില്‍ മഴ കനക്കാന്‍ കാരണം.
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് കേരളതീരത്ത് കാറ്റിന്റെ വേഗം മണിക്കൂറില്‍ 60 കി.മി വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത 48 മണിക്കൂറില്‍ കേരളം, കര്‍ണാടക, ലക്ഷദ്വീപ്, കന്യാകുമാരി മേഖലയിലെ മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തി. തുറമുഖങ്ങള്‍ക്കുള്ള നമ്പര്‍ മൂന്ന് അപായ സൂചനയും രണ്ടു ദിവസത്തേക്ക് നീട്ടിയിട്ടുണ്ട്. 47 വര്‍ഷത്തിനിടെ ജൂണ്‍ ഒന്നിനെത്തിയത് മൂന്നുതവണ മാത്രം.
കഴിഞ്ഞ 47 വര്‍ഷത്തിനിടെ ജൂണ്‍ ഒന്നിന് കാലവര്‍ഷമെത്തിയത് മൂന്നു തവണ മാത്രമാണ്. 1980, 2000, 2013 വര്‍ഷങ്ങളിലായിരുന്നു ഇത്. രേഖകള്‍ പ്രകാരം കാലവര്‍ഷം ഏറ്റവും നേരത്തെ എത്തിയത് 2004 മേയ് 18നാണ്. കാലവര്‍ഷം ഏറ്റവും വൈകിയെത്തിയത് 1972 ജൂണ്‍ 18നും.
27 വര്‍ഷത്തോളം ജൂണ്‍ ഒന്ന് കഴിഞ്ഞും ഒന്‍പത് വര്‍ഷം മേയ് 26ന് ശേഷവും ജൂണ്‍ ഒന്നിനു മുന്‍പായും കാലവര്‍ഷം എത്തി. ഏറ്റവും നേരത്തെ കാലവര്‍ഷമെത്തിയ 2004ല്‍ 86 ശതമാനമാണ് മഴ ലഭിച്ചത്.
1983ല്‍ ജൂണ്‍ 13 ന് കാലവര്‍ഷം എത്തിയപ്പോള്‍ 113 ശതമാനമായിരുന്നു മഴ ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."