രാഷ്ട്രീയത്തില്‍ മതം ഉപയോഗിക്കല്‍; ബി.ജെ.പി നേതാവ് സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: രാഷ്ട്രീയനേട്ടങ്ങള്‍ക്കായി മതം ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷനു നിര്‍ദേശം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുപ്രിംകോടതിയില്‍.
പതിവായി ബി.ജെ.പിക്കുവേണ്ടി സുപ്രിംകോടതിയെ സമീപിക്കാറുള്ള ഡല്‍ഹി ഘടകം ബി.ജെ.പി വക്താവും അഭിഭാഷകനുമായ അശ്വിനികുമാര്‍ ഉപാധ്യയാണ് ഹരജി നല്‍കിയത്. അത്തരം സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പില്‍നിന്നു വിലക്കണമെന്നും രാഷ്ട്രീയനേട്ടങ്ങള്‍ക്കായി മതത്തെ ഉപയോഗിക്കുന്ന പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നും അദ്ദേഹം ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ ജനപ്രാതിനിധ്യനിയമത്തിലെ 1233 (3) വകുപ്പ് പ്രകാരം മതം, ജാതി, വംശം, വര്‍ണം തുടങ്ങിയ വികാരങ്ങള്‍ ഉന്നയിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് കുറ്റകരമാണ്. എന്നാല്‍, ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഒരു പരാതി എന്ന നിലക്കേ ഉന്നയിക്കാന്‍ കഴിയൂ. പരാതിയുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ കമ്മിഷനു കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതുസംബന്ധിച്ച് പരാതികള്‍ ഉയരുന്ന പക്ഷം അന്വേഷണ ഏജന്‍സികള്‍ അവ പരിശോധിക്കണം. തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി മതത്തെ ഉപയോഗിക്കുന്നത് ഇന്ത്യയിലെ ജനാധിപത്യ മതേതര സംവിധാനത്തിനും അഖണ്ഡതയ്ക്കും ഐക്യത്തിനും ദോഷംചെയ്യും.
ഇത്തരം ഘട്ടങ്ങളില്‍ സ്ഥാനാര്‍ഥിക്കും പാര്‍ട്ടിക്കും എതിരേ ശിക്ഷാനടപടി സ്വീകരിക്കാന്‍ കമ്മിഷന് അധികാരം നല്‍കി ഉത്തരവിടണമെന്നും 124 പേജ് വരുന്ന ഹരജിയില്‍ അദ്ദേഹം ആവശ്യപ്പെടുന്നു.
തെരഞ്ഞെടുപ്പു പരിഷ്‌കരണം സംബന്ധിച്ച 1990ലെ ഗോസ്വാമി കമ്മിറ്റി, 1998ലെ ഇന്ദ്രജിത് ഗുപ്ത കമ്മിറ്റി, 1993ലെ വോറ കമ്മിറ്റി റിപ്പോര്‍ട്ടുകളും ഈ വിഷയത്തിലുള്ള വിവിധ കോടതി ഉത്തരവുകളും ഹരജിക്കാരന്‍ ഉദ്ധരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."