പ്ലസ് ടു അറബിക് ചോദ്യപേപ്പറിനെക്കുറിച്ച് വ്യാപക പരാതി
പെരുമ്പാവൂര്‍: ചൊവ്വാഴ്ച നടന്ന രണ്ടാം വര്‍ഷ അറബിക് പരീക്ഷ ചോദ്യപേപ്പറില്‍ തെറ്റുകളും അവ്യക്തതയും. ചോദ്യപേപ്പര്‍ വായിച്ച് മനസ്സിലാക്കാന്‍ പറ്റാത്ത വിധം അച്ചടി പിശകുകളും അപൂര്‍ണമായ ചോദ്യങ്ങളും കടന്നുകൂടിയെന്നു വിദ്യാര്‍ഥികളും അധ്യാപകരും പറയുന്നു.
മോഡല്‍ പരീക്ഷയില്‍ നിന്നും വ്യത്യസ്തമായി ഗ്രാമറിനു കൂടുതല്‍ പ്രാധാന്യം നല്‍കിയതായും നിലവില്‍ എസ്.സി. ഇ.ആര്‍.ടിയുടെ രീതിയില്‍ നിന്നു വ്യതിചലിച്ചാണ് പല ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടി. ഏഴാമത്തെ ചോദ്യത്തില്‍ വുലിദ എന്നതിന് പകരം വലദി എന്നാണ് അച്ചടിച്ചിരുന്നത്.
ഒന്‍പതാമത്തെ ചോദ്യത്തില്‍ അടിവരയിട്ടത് പൂരിപ്പിക്കാന്‍ ഉള്ള ഭാഗം അടിവരയില്ലാതെയാണ് കൊടുത്തിരിക്കുന്നത്. പതിനാലാമത്തെ ചോദ്യത്തില്‍ അറബി ഭാഷാ വ്യാപനത്തെക്കുറിച്ചാണ് എഴുതേണ്ടത്. എന്നാല്‍ ഏത് രൂപത്തിലായിരിക്കണം തയാറാക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. സാധാരണ ഗതിയിയില്‍ മുദക്കിറ,ഫിഖ്‌റ,മഖാല എന്നിവയില്‍ ഏതെങ്കിലും തയാറാക്കാനായിരുന്നു ആവശ്യപ്പെടാറ്.
16-ാമത്തെ ചോദ്യത്തിന് ഉത്തരം എഴുതണമെങ്കില്‍ പദ്യം കാണാതെ സാധ്യമല്ല . എന്നാല്‍ പദ്യം ചോദ്യപേപ്പറില്‍ കൊടുത്തിട്ടില്ലതാനും. 19-ാമത്തെ ചോദ്യത്തില്‍ അവാമിര്‍ എന്നത് പ്രിന്റ് ചെയ്തപ്പോള്‍ അത്വാമിര്‍ എന്നാണ് അച്ചടിച്ച് വന്നത്. അംറും നഹ്‌യും വേര്‍തിരിക്കാന്‍ പറഞ്ഞ് കൊടുത്ത ആയത്തില്‍ ഒറ്റ അംറ് ഫിഅ്‌ലും ഇല്ല എന്ന് മാത്രമല്ല ആയത്ത് അപൂര്‍ണവുമായിരുന്നു.
25-ാം ചോദ്യത്തില്‍ പരസ്യം മുഴുവനുമാണോ അതല്ല അതിലെ നിഖാതുകള്‍ മാത്രമാണോ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തേണ്ടത് എന്ന് വ്യക്തമല്ല .
27ാമത്തെ ചോദ്യത്തില്‍ ദിക്‌രിയ്യാത്തിന് പകരം സിക്‌രിയ്യാത്താണ് ചോദ്യപേപ്പറിലുള്ളത്. 29 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ അവ്യക്തതകളും അക്ഷരപ്പിഴവുകളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."