കടലേറ്റം: തീരസംരക്ഷണത്തിന് നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍
തൃശൂര്‍: കടല്‍ക്ഷോഭം രൂക്ഷമായ ജില്ലയിലെ പൊക്കാഞ്ചേരി, വാടാനപ്പളളി പൊക്കുളങ്ങര പ്രദേശങ്ങളില്‍ തീരസംരക്ഷണത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ വി.രതീശന്‍ അറിയിച്ചു.
കടലാക്രമണത്തില്‍ തീരം ഇടിയുന്നത് തടയാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. വേലിയേറ്റത്തിന്റെ തീവ്രത കുറക്കുന്നതിന് പൊക്കുളങ്ങര കടപ്പുറത്തെ പുലിമുട്ടിന് സമാന്തരമായി 750 മീറ്റര്‍ ദൂരം തടയണ നിര്‍മിക്കുന്ന കാര്യവും പരിഗണിക്കും.
കടല്‍ഭിത്തി സംബന്ധിച്ച പദ്ധതി നിര്‍ദ്ദേശം ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും സര്‍ക്കാറിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും കലക്ടര്‍ അറിയിച്ചു. കടലേറ്റത്തില്‍ വീട് നഷ്ടപ്പെട്ട വാടാനപ്പളളി പൊക്കാഞ്ചേരി കടപ്പുറത്തെ നെടിയന്തടത്ത് ആനന്ദന്‍, ചുള്ളിയില്‍ രഘുനാഥ്, പണിക്കശ്ശേരി പ്രേമ എന്നിവര്‍ക്ക് രണ്ടാഴ്ച്ചത്തെ സൗജന്യ റേഷനും അനുവദിക്കും. ഇവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുമെന്നും കലക്ടര്‍ പറഞ്ഞു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കുഞ്ചേരി, അംഗങ്ങളായ കെ.കെ ഷിജു, എ.എ അബു, ഹേമലത പ്രേമചന്ദ്രന്‍, ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി അശോകന്‍, വാര്‍ഡഗം ഉഷ സുകുമാരന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എസ് അനില്‍കുമാര്‍, വില്ലേജ് ഓഫിസര്‍ സി.ബിജു തുടങ്ങിയവര്‍ കലക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.
ചോര്‍ന്നൊലിച്ച് പ്രാഥമികാരോഗ്യ കേന്ദ്രം: രോഗികള്‍ ദുരിതത്തില്‍
ചെറുതുരുത്തി: വള്ളത്തോള്‍നഗര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന രോഗികള്‍ ദുരിതത്തില്‍. മഴ പെയ്താല്‍ ആശുപത്രി കെട്ടിടത്തിനുള്ളില്‍ പോലും കുട ചൂടി നില്‍ക്കേണ്ട ഗതികേടിലാണ് രോഗികള്‍.
കാലപഴക്കം മൂലം കോണ്‍ക്രീറ്റ് കെട്ടിടം ചോര്‍ന്നൊലിക്കുമ്പോഴും പ്രശ്‌ന പരിഹാരത്തിന് അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല. പല സ്ഥലത്തും കോണ്‍ക്രീറ്റ് അടര്‍ന്ന് വീണ് ദുരന്ത ഭീതിയും നിലനില്‍ക്കുന്നു. മുറിവ് കെട്ടുന്ന സ്ഥലത്തും, ഒ.പി ബ്ലോക്കിലും മുട്ടോളമാണ് വെള്ളം.
കെട്ടിടത്തിന് മുകളില്‍ ട്രസ്‌വര്‍ക്ക് നടത്തിയിട്ടുണ്ടെങ്കിലും ഇതും പൊളിഞ്ഞ് താറുമാറായി കിടക്കുകയാണ്.
പ്രതിദിനം നിരവധി പേര്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയോട് അധികൃതര്‍ തികഞ്ഞ അവഗണനയാണ് വെച്ച് പുലര്‍ത്തുന്നതെന്നും ഇത് പരിഹരിക്കപ്പെടാതെ പ്രതിസന്ധി തീരില്ലെന്നും നാട്ടുകാര്‍ പറയുന്നു.
ആശുപത്രിയെ അവഗണിക്കുകയും രോഗികളെ വെല്ലുവിളിക്കുകയും ചെയ്യുന്ന വള്ളത്തോള്‍നഗര്‍ പഞ്ചായത്ത് ഭരണ സമിതിയുടെ നിലപാടിനെതിരേ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."