അഹ്മദ് കത്‌റാദ അന്തരിച്ചു
കേപ്ടൗണ്‍: വര്‍ണവിവേചനത്തിനെതിരേ പോരാടിയ ദക്ഷിണാഫ്രിക്കന്‍ നേതാവ് അഹ്്മദ് കത്‌റാദ അന്തരിച്ചു. 87 വയസായിരുന്നു. നെല്‍സണ്‍ മണ്ടേലയോടൊപ്പം ജീവപര്യന്തം തടവ് അനുഭവിച്ചയാളാണ് കത്‌റാദ. ഇന്നലെ രാവിലെ പ്രാദേശിക സമയം ആറോടെ ജൊഹന്നാസ് ബര്‍ഗിലായിരുന്നു അന്ത്യം. മസ്തിഷ്‌കത്തില്‍ രക്തംകട്ടപിടിച്ചതിനെ തുടര്‍ന്ന് ഈ മാസം ആദ്യമാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയാ ബാധയാണ് മരണകാരണം.
1929 ആഗസ്റ്റ് 21ന് ട്രാന്‍സ്‌വാളിനടുത്ത ഗ്രാമത്തിലായിരുന്നു കാത്തി എന്നറിയപ്പെട്ടിരുന്ന അഹ്മദ് കത്‌റാദയുടെ ജനനം. ഗുജറാത്തിലെ സൂറത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ദക്ഷിണാഫ്രിക്കയിലേക്കു കുടിയേറിയ മുസ്‌ലിം കുടുംബത്തിലെ ആറു മക്കളില്‍ നാലാമനായിരുന്നു ഇദ്ദേഹം. വര്‍ണവിവേചന പോരാട്ടത്തിന്റെ പേരില്‍ 26 വര്‍ഷം ജയില്‍വാസം അനുഭവിച്ചിരുന്നു. വര്‍ണവിവേചനം നിറഞ്ഞ നിയമങ്ങള്‍ മൂലം വിദ്യാഭ്യാസം നേടാന്‍ ഇദ്ദേഹം പ്രയാസപ്പെട്ടു.
സ്വന്തം ഗ്രാമത്തിലെ സ്‌കൂളുകളില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് അടുത്ത നഗരമായ ജോഹന്നാസ് ബര്‍ഗിലായിരുന്നു പഠനം. 12-ാം വയസില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്കിറങ്ങി. യങ് കമ്മ്യൂണിസ്റ്റ് ലീഗിലാണ് ആദ്യം അംഗമായത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് യൂറോപ്യന്‍ യൂനിയനെതിരേ ദക്ഷിണാഫ്രിക്കയില്‍ നടന്ന യുദ്ധവിരുദ്ധ പോരാട്ടത്തില്‍ പങ്കാളിയായി.
പതിനേഴാമത്തെ വയസില്‍ വിദ്യാഭ്യാസമുപേക്ഷിച്ച് മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്കിറങ്ങി. ഏഷ്യാറ്റിക്ക് ലാന്റ് ടെന്യൂര്‍ ആന്‍ഡ് ഇന്ത്യന്‍ റെപ്രസന്റേഷന്‍ ആക്ട് നടപ്പിലാക്കുന്നതിനെതിരേയുള്ള സമരത്തിലാണ് കാത്തി ആദ്യമായി പങ്കെടുക്കുന്നത്. ഇന്ത്യന്‍ വംശജര്‍ക്ക് പരിമിതമായ അധികാരങ്ങള്‍ മാത്രം നല്‍കുന്നതും അവര്‍ എവിടെ താമസിക്കണം എന്നുമൊക്കെ തീരുമാനിക്കുന്ന നിയമമായിരുന്നു അത്.
1950കളില്‍ അഹ്മദ് ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ നേതാക്കളായ നെല്‍സണ്‍ മണ്ടേല, വാള്‍ട്ടര്‍ സിസുലു തുടങ്ങിയവരുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങി. ട്രീസണ്‍ വിചാരണയില്‍പ്പെട്ട് ശിക്ഷ അനുഭവിക്കേണ്ടി വന്ന 156 പേരില്‍ ഒരാളായിരുന്നു അഹ്മദ് കത്‌റാദ. 1956 മുതല്‍ 1961 വരെ ജയില്‍ ശിക്ഷ അനുഭവിച്ചുവെങ്കിലും, പിന്നീട് കുറ്റക്കാരനല്ലെന്നു കണ്ട് കോടതി ശിക്ഷ റദ്ദാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."