ലോക പവര്‍ലിഫ്റ്റിങ്: മാനന്തവാടി സ്വദേശിനി അമര്‍ത്യ ഇന്ത്യക്കായി മത്സരിക്കും
മാനന്തവാടി: ഈ വര്‍ഷം ഓഗസ്റ്റില്‍ യു.എസ്.എയില്‍ നടക്കുന്ന ലോക പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി മാനന്തവാടി സ്വദേശിനി എം.എസ് അമര്‍ത്യ മത്സരിക്കും. ഈ മാസം 21 മുതല്‍ 23 വരെ ജമ്മു-കശ്മിരിലെ മൗലാന ആസാദ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ദേശീയ പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ 43 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയാണ് അമര്‍ത്യ യു.എസിലേക്ക് ടിക്കറ്റുറപ്പിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കര്‍ണാടകയിലെ ദാവണ്‍ഗരെയില്‍ നടന്ന ദക്ഷിണേന്ത്യന്‍ പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ സ്ട്രോങ് വുമണ്‍ ഓഫ് സൗത്ത് ഇന്ത്യ പട്ടവും അമര്ത്യക്കായിരുന്നു.
അമര്‍ത്യക്ക് പവര്‍ലിഫ്റ്റിങ് കുടുംബകാര്യം കൂടിയാണ്. ചേച്ചിമാരായ എം.എസ് അക്ഷയയും എം.എസ് ഐശ്വര്യയും പവര്‍ലിഫ്റ്റിങില്‍ മികച്ച നേട്ടങ്ങള്‍ കൊയ്ത താരങ്ങളാണ്.
അക്ഷയ എഷ്യന്‍ പവര്ലിഫ്റ്റിങിലെ സ്വര്‍ണ മെഡല്‍ ജേത്രിയാണ്. ഐശ്വര്യ കോമണ്‍വെല്‍ത്ത് പവര്‍ലിഫ്റ്റിങില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. പിതൃ സഹോദരന് എം.കെ കൃഷ്ണകുമാര്‍ 1982ല്‍ ദേശിയ സ്വര്ണത്തിനുടമയായിരുന്നു. മാനന്തവാടി ഗോള്‍ഡന്‍ ജിംനേഷ്യത്തില്‍ പരിശീലനം നടത്തുന്ന അമര്‍ത്യ യു.എസിലും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസറായ എം.കെ സെല്‍വരാജ്, ചുണ്ടേല്‍ പ്രാദേശിക കോഫി ഗവേഷണ കേന്ദ്രത്തിലെ ജൂനിയര്‍ ലെയ്സണ്‍ ഓഫിസര്‍ സി.ആര് ഇന്ദ്ര എന്നിവരുടെ മകളാണ്. കോഴിക്കോട് സ്വകാര്യ എന്‍ഡ്രന്‍സ് കോച്ചിങ് സെന്ററില്‍ പഠനം നടത്തുകയാണ് അമര്ത്യയിപ്പോള്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."