രാജഭരണ കാലത്തെ ക്രൂരശിക്ഷാവിധിയുടെ ഓര്‍മയുമായി ചിത്രവധക്കൂട് മലയാള സര്‍വകലാശാലയിലെ 'സംസ്‌കൃതി 17' പ്രദര്‍ശനം ശ്രദ്ധേയമാകുന്നു
തിരൂര്‍: രാജഭരണ കാലത്ത് തിരുവിതാംകൂറില്‍ ദേശദ്രോഹികളെയും കൊടുംകുറ്റവാളികളെയും ചിത്രവധം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ചിത്രവധക്കൂട് മലയാള സര്‍വകലാശാലയിലെ 'സംസ്‌കൃതി 17' പ്രദര്‍ശനത്തില്‍. ആറടിയില്‍ ഇരുമ്പില്‍ തീര്‍ത്ത മനുഷ്യരൂപമുള്ള കൂട്ടില്‍ കുറ്റവാളിയെ തടവിലാക്കിയ ശേഷം പൊതുജനമധ്യത്തില്‍ നിര്‍ത്തി പട്ടിണിക്കിടുന്ന ശിക്ഷാമുറയാണ് ചിത്രവധം. കുറ്റകൃത്യത്തിന്റെ തോതനുസരിച്ച് കുറ്റവാളിയുടെ അവയവങ്ങള്‍ മുറിച്ചുമാറ്റാനും കല്ലെറിയാനും കഴുകനും കാക്കയ്ക്കും ഭക്ഷണമാക്കാനും നാടുവാഴിയുടെ ശിക്ഷാവിധിയുണ്ടാവും.
രാജ്യഭരണകാലത്തെ മനുഷ്യത്വരഹിതമായ ശിക്ഷകളുടെ പ്രതീകമായ ചിത്രവധക്കൂട് പ്രദര്‍ശിപ്പിച്ചിരിക്കുന്നത് പുരാവസ്തുവകുപ്പിന്റെ സ്റ്റാളിലാണ്. ഗജേന്ദ്രമോക്ഷം കഥ പറയുന്ന കായംകുളം കൃഷ്ണപുരം കൊട്ടാരത്തിലെ കേരളത്തിലെ ഏറ്റവും വലിയ ചുമര്‍ച്ചിത്രം, നന്ദുണി, ഓംകാരമണി, മണിച്ചിത്രത്താഴ്, രാശിപലക, ഗജലക്ഷ്മി വിളക്ക്, തീ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്ന മുളയില്‍ തീര്‍ത്ത ചക്കിമുക്കി, കാല്‍ച്ചിലമ്പ്, ചതുരപ്പൂട്ട്, മുഖര്‍ശംഖ്, ചന്ദ്രവളയം, സര്‍പ്പവംശി, ഞാറ്റുവേല കലപ്പ, അഴിയാക്കുരുക്ക് തുടങ്ങി പാരമ്പര്യവും പൂര്‍വ സംസ്‌കാരവും വിളിച്ചുണര്‍ത്തുന്ന ഒട്ടനവധി ഇനങ്ങള്‍ പുരാവസ്തു വകുപ്പിന്റെ പ്രദര്‍ശനത്തിലുണ്ട്. കേരളീയ നവോഥാനത്തിന്റെ ചരിത്രവഴികള്‍ ദൃശ്യവല്‍ക്കരിക്കുന്ന സംസ്ഥാന പുരാവസ്തുവകുപ്പിന്റെ സ്റ്റാളും നെട്ടൂര്‍പെട്ടിയും കഥകളി ശില്‍പവും മറ്റ് കരകൗശല വസ്തുക്കളുമായി ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജിന്റെ സ്റ്റാളും പ്രദര്‍ശനത്തിലുണ്ട്. തെയ്യച്ചമയങ്ങളും കല്‍വിളക്കും വാളും പരിചയുമൊക്കെയായി കാലിക്കറ്റ് സര്‍വകലാശാലയുടെ ഫോക്‌ലോര്‍ വിഭാഗവും പ്രദര്‍ശന സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനം 29 വരെ നീണ്ടു നില്‍ക്കും. രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചവരെ വിദ്യാര്‍ഥികള്‍ക്ക് പ്രദര്‍ശനം കാണാന്‍ അവരസരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."