അമേരിക്കന്‍ പോപ് സംഘം ബിഗ് മൗണ്ടന്‍ നിലമ്പൂരിലെത്തി
നിലമ്പൂര്‍: ലോകസമാധാനത്തിനുള്ള സംഗീതവുമായി അമേരിക്കന്‍ റെഗെ പോപ് സംഘം ബിഗ് മൗണ്ടന്‍ നിലമ്പൂരിലെത്തി. ലോകത്തെ പ്രമുഖ പത്ത് പോപ് ബ്രാന്റുകളിലൊന്നായ ബിഗ് മൗണ്ടന്‍ പാട്ടുത്സവ് നാട്ടരങ്ങിന്റെ വേദിയിലാണ് സംസ്‌കാരങ്ങളുടെ വൈവിധ്യവും സൗന്ദര്യവും പരത്തിയ ഗാനങ്ങള്‍ ആലപിച്ചത്. സംഗീതത്തിലൂടെ സമാധാനത്തിന്റെ സംസ്‌കാരമാണ് തങ്ങള്‍ പങ്കുവെക്കുന്നതെന്ന് പ്രമുഖ ഗായകന്‍ ഡോ. കിങ് ക്യൂനോ പറഞ്ഞു. കുട്ടികള്‍ക്കാണ് ലോകത്ത് സമാധാനം വളര്‍ത്താന്‍ കഴിയുകയെന്നും അദ്ദേഹം വ്യക്തമാക്കി.
മമ്പാട് ടാണയിലെ സ്പ്രിങ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന നാട്ടരങ്ങ് സംഗീത സന്ധ്യയില്‍ ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരിന്റെ ആദരം കൈമാറി. തുടര്‍ന്ന് റെഗെ പോപ് ഗാനങ്ങള്‍ ബിഗ് മൗണ്ടന്‍ അവതരിപ്പിച്ചു. ലോകത്തെ പ്രശസ്തമായ 10 ഹിറ്റ് പോപ് ഗാനങ്ങളില്‍ ഇടംപിടിച്ച 'ബേബി ഐ ലവ് യുവര്‍ വേ' അടക്കം നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചു. ഗാനത്തിന്റെ ജനപ്രിയത കണക്കിലെടുത്ത് റിയാലിറ്റി ബൈറ്റ്‌സ് എന്ന ഇംഗ്ലീഷ് സിനിമയില്‍ 'ബൈബി ഐ ലവ് യുവര്‍ വേ' എന്ന റെഗ്ഗെ പോപ് ഗാനം ഉള്‍പ്പെടുത്തിയിരുന്നു. ഡോ. കിങ് ക്യൂനോ, പോള്‍ കാബ്ട്രിക്, മൈക്കള്‍ ഹൈഡന്‍, മൈക്കള്‍ ഓര്‍ടിസ്, ജോക്വിന്‍ വില്യംസ്, ഓഡ്‌ലി ക്രിസ്‌ഹോം, ബ്രൂസ് കാംപ്‌ലിന്‍ എന്നിവരാണ് ഗായകസംഘത്തിലുണ്ടായിരുന്നത്. ആദ്യത്തെ ഇന്ത്യന്‍ ടൂറിന്റെ ഭാഗമായാണ് സംഘം നിലമ്പൂരിലെത്തിയത്. കേരളത്തിലെ ഏക സംഗീത പരിപാടിയും നിലമ്പൂരിലേതായിരുന്നു. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് നേരത്തെ പരിപാടികള്‍ അവതരിപ്പിച്ചത്.
അമേരിക്കയേക്കാള്‍ വൈവിധ്യമാര്‍ന്ന സംസ്‌കാരത്തിന്റെയും സംഗീതത്തിന്റെയും നാടാണ് ഇന്ത്യയെന്നും സ്‌നേഹസമ്പന്നരുടെ നാടാണ് കേരളമെന്നും ഇവര്‍ പറഞ്ഞു. സ്പ്രിങ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികളുമായും സംഘം സംവദിച്ചു. ഒബാമ പോയി ട്രംപ് വന്നപ്പോഴുള്ള അമേരിക്കന്‍ അനുഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് ലോകത്ത് സമാധാനം പുലരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം അമേരിക്കന്‍ ജനതയെന്നും ആരു പ്രസിഡന്റായാലും ഇതില്‍ മാറ്റമുണ്ടാവില്ലെന്നും അവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."