ജൂണ്‍ പത്ത് മുതല്‍ ട്രോളിങ് നിരോധനം
തിരുവനന്തപുരം: ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ പത്തിന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. ട്രോളിംഗ് നിരോധനം സംബന്ധിച്ച് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ വിളിച്ചു ചേര്‍ത്ത മത്സ്യത്തൊഴിലാളി ട്രേഡ് യൂനിയന്‍ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ചര്‍ച്ചകള്‍ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. നടപ്പു വര്‍ഷം സംസ്ഥാനത്ത് 52 ദിവസം ട്രോളിങ് നിരോധനം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
ദേശീയ ട്രോളിങ് നയത്തിന്റെ ഭാഗമായി 61 ദിവസമാണ് തമിഴ്‌നാട് ഉള്‍പ്പടെയുള്ള മറ്റു സംസ്ഥാനങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്. കേരളത്തില്‍ ഇത് 47 ദിവസമായിരുന്നു. കടലിന്റെ ആവാസ വ്യവസ്ഥ നിലനിര്‍ത്തുന്നതിനും മത്സ്യ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ള കേരളത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി മാറി നില്‍ക്കാനാവില്ല. ഘട്ടംഘട്ടമായി 61 ദിവസത്തെ ട്രോളിങ് നിരോധനം നടപ്പാക്കേണ്ടതുണ്ട്. ഇതിന്റെ ആദ്യ പടിയായാണ് നിരോധന കാലാവധി 47 ല്‍ നിന്ന് ഏഴ് ദിവസം കൂട്ടാന്‍ തീരുമാനിച്ചത്. എന്നാല്‍ തുടര്‍ന്നു നടന്ന ചര്‍ച്ചകളുടെയും സമവായത്തിന്റെയും അടിസ്ഥാനത്തിലാണ് അഞ്ച് ദിവസമായി വര്‍ധിപ്പിച്ച് 52 ആക്കിയതെന്നും മന്ത്രി പറഞ്ഞു.
എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്‍സൂണ്‍ സീസണില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനും കടല്‍ പട്രോളിങിനുമായി 17 സ്വകാര്യ ബോട്ടുകള്‍ വാടകയ്ക്ക് എടുക്കുമെന്നും, ആവശ്യമെങ്കില്‍ കൂടുതല്‍ ബോട്ടുകള്‍ കടലില്‍ ഇറക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കടലുമായി ബന്ധമുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 80 പേരെ ഉള്‍പ്പെടുത്തി വിവിധ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തും. കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പട്രോളിംഗിനും ആവശ്യമായ തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."