വള്ളിക്കുന്നുകയറി കുഞ്ഞാലിക്കുട്ടിയും ഫൈസലും
മലപ്പുറം: ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസലും ഇന്നലെ വള്ളിക്കുന്ന് മണ്ഡലത്തില്‍ പ്രചാരണം നടത്തി. രാവിലെ പര്യടനം തുടങ്ങിയ ഇരുവരും വൈകിട്ട് വരെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ടഭ്യര്‍ഥിച്ചു. കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലംതല പര്യടനത്തിന്റെ രണ്ടാം ദിവസം ഇന്നലെ രാവിലെ നീരോല്‍പാലത്ത് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും സ്ഥലം എം.എല്‍.എ പി. അബ്ദുല്‍ ഹമീദ് മാസ്റ്ററും പര്യടനത്തിന്റെ ഭാഗമായി. സ്വീകരണ കേന്ദ്രങ്ങളിലെ യുവ സാന്നിധ്യം പര്യടനത്തിന് ന്യൂജനറേഷന്‍ മുഖം പകര്‍ന്നു. പര്യടന കേന്ദ്രങ്ങളില്‍ ജനങ്ങള്‍ നല്‍കുന്ന പിന്തുണ വലിയ വിജയപ്രതീക്ഷയാണ് പകരുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചേലൂപ്പാടംവളവ്, അത്താണിക്കല്‍, ആനങ്ങാടി, അരിയല്ലൂര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയ പര്യടനം ഒന്നരയോടെ സമാപിച്ചു.
ഉച്ചക്ക് ശേഷം മൂന്നരക്ക് തേഞ്ഞിപ്പലം പഞ്ചായത്തിലെ ആലുങ്ങലില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. ചെനക്കലങ്ങാടി, കളിയാട്ടുമുക്ക്, കുന്നത്തുപറമ്പ്, വെളിമുക്ക്, പടിക്കല്‍, സൂപ്പര്‍ബസാര്‍, കൊല്ലഞ്ചിന, കാടപ്പടി, തറയിട്ടാല്‍, കുമ്മിണിപ്പറമ്പ്, കരിപ്പൂര്‍ മദീന ഫാക്ടറി ജങ്ഷന്‍, കുനോള്‍മാട്, പരുത്തിക്കോട്, എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി പള്ളിക്കല്‍ പഞ്ചായത്തിലെ സലാമത്ത് നഗറില്‍ രാത്രി 8.30ന് സമാപിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ബെന്നി ബഹനാന്‍, കെ.പി മോഹനന്‍, കെ.പി.സി.സി സെക്രട്ടറി പി.എ സലീം, അഡ്വ. കെ.എന്‍.എ ഖാദര്‍, എം.സി മായിന്‍ഹാജി, കുട്ടി അഹമ്മദ് കുട്ടി, കെ. മുഹമ്മദുണ്ണിഹാജി എന്നിവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പങ്കെടുത്തു. ഇന്ന് മഞ്ചേരി മണ്ഡലത്തില്‍ നടക്കുന്ന പര്യടനം എടപ്പറ്റ പഞ്ചായത്തിലെ ബാലവാടി പടിയില്‍ നിന്നാരംഭിക്കും.
രാവിലെ എട്ടിന് വള്ളിക്കുന്ന് മണ്ഡലത്തിലെ പൊയില്‍തൊടിയില്‍ നിന്നു തുടങ്ങിയ എം.ബി ഫൈസലിന്റെ പര്യടനം വൈകിട്ട് ഒലിപ്രത്ത് സമാപിച്ചു. കുടുംബയോഗങ്ങളിലും കണ്‍വന്‍ഷനുകളിലും സ്ഥാനാര്‍ഥി വോട്ടഭ്യാര്‍ഥിച്ച് സംസാരിച്ചു. ചേലുപ്പാടം, പെരുന്നീര, പുല്ലിപ്പറമ്പ്, കൊളക്കുത്ത്, കോമരപ്പടി, ചെനക്കലങ്ങാടി, വില്ലൂന്നിയാല്‍, കോഹിനൂര്‍, നീരോല്‍പ്പാലം, കുറന്തല, കരിപ്പൂര്‍, പുത്തൂര്‍, ആനങ്ങാടി, പടിക്കല്‍, ആലുങ്ങല്‍, വെളിമുക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തി.
എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ.എന്‍.ശ്രീപ്രകാശ് ഇന്നലെ രാവിലെ ഏഴുമുതല്‍ മലപ്പുറം മണ്ഡലത്തിലെ കോഡൂര്‍, ചെമ്മങ്കടവ്, ആല്‍പറ്റക്കുളമ്പ്, വലിയാട് തുടങ്ങിയ പ്രദേശങ്ങളിലും മലപ്പുറം നഗരസഭയിലും മലപ്പുറം ഗവ. കോളജ്, പാസ്‌പോര്‍ട്ട് ഓഫിസ് അടക്കമുള്ള വിവിധ സര്‍ക്കാര്‍ ഓഫിസുകളിലുമെത്തി വോട്ടഭ്യര്‍ഥിച്ചു. വിവിധ കുടുംബ യോഗങ്ങളിലും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."